
പുഴയുടെ ഓളത്തില്‍ ചാഞ്ചാടി, പുഴയിറമ്പിലെ കണ്ടല്‍ക്കാട്ടിലൊളിച്ച തൂവല്‍ക്കുപ്പായക്കാരെ വിളിപ്പാടകലെ വീക്ഷിച്ച്, വെള്ളിത്തിളക്കമുള്ള മീന്‍ചാട്ടങ്ങള്‍ കണ്‍നിറയെ കണ്ട് ഒരുയാത്ര. ഇടയ്ക്ക് പുഴമീനിന്റേയും നാടന്‍ കപ്പയുടേയും സ്വാദ് അനുഭവിച്ചറിയാം. യാനത്തിന്റെ മട്ടുപ്പാവില്‍ കയറി ഒരു വിഹഗവീക്ഷണവുമാവാം. പുഴ-കായല്‍ യാത്രകളുടെ അനന്തസാധ്യതകളിലേക്ക് വാതില്‍ തുറക്കുകയാണ് വടക്കേ മലബാറില്‍ ടൂറിസം-ഗതാഗത വകുപ്പുകള്‍.
മിതമായ നിരക്കിലുള്ള മനോഹരയാത്ര, മലബാറില്‍ സര്‍ക്കാര്‍ ബോട്ട് സര്‍വീസുകള്‍ക്ക് കരുത്തേകുകയാണ്. ടൂറിസം എന്നതിനപ്പുറം അവശ്യസര്‍വീസായി മാറിക്കൊണ്ടിരിക്കുകയാണ് യാത്രാ ബോട്ടുകള്‍. ഗൃഹാതുരമായ മനസ്സിന്റെ ഓളപ്പരപ്പുകളില്‍ ഉറങ്ങുകയാണ് തോണിയും കടവും കടത്തുകാരനും. അവിടേക്കാണ് യാത്രയുടെ പുതിയ വാതായനങ്ങള്‍ തുറന്ന് ബോട്ട് സര്‍വീസുകള്‍ ഉണരുന്നത്.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി നിലവില്‍ അഞ്ച് യാത്രാ ബോട്ടുകളാണ് ജലഗതാഗതവകുപ്പിനുള്ളത്. പറശ്ശിനി-മാട്ടൂല്‍, അഴീക്കല്‍-മാട്ടൂല്‍ ഫെറി, പടന്ന-കൊറ്റി എന്നിങ്ങനെ മൂന്നു റൂട്ടുകളിലാണ് ഇവയുടെ സഞ്ചാരം. പുതിയ സൗകര്യങ്ങള്‍ പലതും ഏര്‍പ്പെടുത്തിയതോടെ ബോട്ടുയാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. ഉല്ലാസയാത്രയുടെ ഭാഗമായി നിരവധി സ്‌കൂള്‍ കുട്ടികളും ബോട്ടിലെത്തുന്നു.
കറങ്ങാന്‍ സര്‍ക്കുലര്‍ ടിക്കറ്റിന് 20 രൂപ
അരമണിക്കൂര്‍ പുഴയുടെ സൗന്ദര്യം ആസ്വദിച്ചും പാട്ടുകേട്ടും ബോട്ടില്‍ കറങ്ങാം. ഇതിനായി സര്‍ക്കുലര്‍ സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20 രൂപമാത്രമാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. പറശ്ശിനിക്കടവിലും വളപട്ടണത്തുമാണ് നിലവില്‍ സൗകര്യമുള്ളത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തുന്ന മിക്കവരും ബോട്ടില്‍ കറങ്ങാനെത്തും. ദിവസവും രാവിലെ ഒന്‍പതിനാണ് സര്‍ക്കുലര്‍ സര്‍വീസ്. വളപട്ടണത്തെ സര്‍വീസ് വൈകീട്ട് 6.15-നാണ്. ഇവിടെയുള്ള കുട്ടികളുടെ പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ബോട്ടുയാത്രയും ആസ്വദിച്ച് മടങ്ങാം.
കൊറിക്കാന്‍ ഫുഡ് സ്റ്റാള്‍
ബോട്ട് പുറപ്പെടുംമുമ്പേ തുടങ്ങും വായിലെ 'കപ്പലോട്ടം'. അതറിയാന്‍ പറശ്ശിനിക്കടവില്‍ നിന്നുള്ള യാത്രാ ബോട്ടില്‍ കയറണം. ഭരണികളില്‍ നിറച്ച ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കാരറ്റും പപ്പായയും പൈനാപ്പിളും ഓരോരുത്തരേയും നോക്കി കൊതിപ്പിക്കും. കുടുംബശ്രീയ്ക്ക് നടത്തിപ്പിനായി നല്‍കിയ ഫുഡ് സ്റ്റാളിലാണ് ഇവയുള്ളത്.
വിവിധ മിഠായി, ചിപ്സ്, ബിസ്‌കറ്റ് തുടങ്ങിയവയും സ്റ്റാളിലുണ്ട്. ലഘുപാനീയവും കിട്ടും. മുന്‍കൂട്ടി അറിയിച്ചാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണമുള്‍പ്പെടെ തയ്യാറാക്കി നല്‍കും. പയ്യന്നൂര്‍ കേന്ദ്രമായ ബോട്ടുസര്‍വീസിലും ഫുഡ് സ്റ്റാള്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതര്‍.

കുതിക്കാന്‍ മലബാര്‍ റിവര്‍ ക്രൂസ്
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെ ബന്ധിപ്പിച്ച് സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലബാര്‍ റിവര്‍ ക്രൂസ് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജലഗതാഗതസംവിധാനത്തില്‍ വലിയ കുതിച്ചുചാട്ടമാകും ഉണ്ടാവുക.
പദ്ധതിയ്ക്കായി തിരഞ്ഞെടുത്ത പുഴകളിലെ വിനോദസഞ്ചാര സാധ്യതകള്‍ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. സംസ്ഥാന പദ്ധതിയില്‍പ്പെടുത്തിയുള്ള പ്രവൃത്തിയായ ബോട്ടുജെട്ടി നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുജില്ലകളിലുമായി 17 ബോട്ടുജെട്ടികള്‍ നിര്‍മിക്കും.
പഴയങ്ങാടി, പറശ്ശിനിക്കടവ്, ധര്‍മ്മടം, മാഹി തുടങ്ങിയ ബോട്ടുജെട്ടികളുടെ പണി പുരോഗതിയിലാണ്. വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്കുപുറമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കരകൗശല നിര്‍മ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കല്‍, കൈത്തറി പ്രോത്സാഹനം തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.
പറശ്ശിനിക്കടവ്-മാട്ടൂല്‍
പറശ്ശിനിക്കടവ് മുതല്‍ മാട്ടൂല്‍വരെ ദിവസവും യാത്രാ ബോട്ട് പോകുന്നുണ്ട്. ദൂരം 16 കിലോ മീറ്റര്‍. ടിക്കറ്റ് നിരക്ക്: ഒരാള്‍ക്ക് 30 രൂപ. മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, ബോട്ടുപാലം, അഴീക്കല്‍ എന്നി സ്റ്റോപ്പുകള്‍ പറശ്ശിനിക്കടവിനും മാട്ടൂലിനുമിടയിലുണ്ട്.
ഒരു യാത്രാബോട്ടാണ് നിലവില്‍ ഈ റൂട്ടില്‍ ഓടുന്നത്. ഇവയുടെ രണ്ടുട്രിപ്പുകള്‍ വളപട്ടണം വരെ മാത്രമാണ്. അവധിദിനങ്ങളില്‍ പതിനായിരത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ട്. നേരത്തേ ലഭിച്ചിരുന്നത് ചെറിയ വരുമാനമായിരുന്നു.
പുറപ്പെടുന്ന സമയവും സ്ഥലവും: രാവിലെ 6.30(പറശ്ശിനിക്കടവ്-വളപട്ടണം), 7.30(വളപട്ടണം-പറശ്ശിനിക്കടവ്), 9.00(പറശ്ശിനിക്കടവ് സര്‍ക്കുലര്‍), 9.30(പറശ്ശിനിക്കടവ്-മാട്ടൂല്‍), 11.30(മാട്ടൂല്‍-പറശ്ശിനിക്കടവ്), 2.00(പറശ്ശിനിക്കടവ്-മാട്ടൂല്‍), 3.30(മാട്ടൂല്‍-പറശ്ശിനിക്കടവ്), 5.15(പറശ്ശിനിക്കടവ്-വളപട്ടണം), 6.15(വളപട്ടണം സര്‍ക്കുലര്‍).
അഴീക്കല്‍-മാട്ടൂല്‍
ഏറ്റവുംകൂടുതല്‍ സ്ഥിരംയാത്രക്കാര്‍ ആശ്രയിക്കുന്ന സര്‍വീസായി മാറുകയാണ് അഴീക്കല്‍-മാട്ടൂല്‍ ഫെറി. അഴീക്കല്‍-മാട്ടൂല്‍ പട്ടണത്തിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന മാര്‍ഗം. റോഡ് മാര്‍ഗം കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിടത്ത് മിനിറ്റുകള്‍ക്കുള്ളില്‍ എത്താമെന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. രാവിലെ ആറുമുതല്‍ വൈകീട്ട് 7.45 വരെ 52 ട്രിപ്പുകളാണുള്ളത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാപാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പദ്ധതികള്‍ ആലോചനയിലുണ്ട്.
പടന്ന-പയ്യന്നൂര്‍
കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ച് ഓടുന്നു, ഒരുട്രിപ്പില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്നു തുടങ്ങിയ പ്രത്യേകതകള്‍ പടന്ന-പയ്യന്നൂര്‍ ബോട്ടുസര്‍വീസിന്റേതാണ്. രണ്ട് ബോട്ടുകളില്‍ ഒന്ന് മാത്രമാണ് നിലവില്‍ ഓടുന്നത്. ഓടാത്തത് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍ നീറ്റിലിറക്കും.
നിരവധി സ്റ്റോപ്പുകളാണ് ഈ റൂട്ടിലുള്ളത്. രണ്ടരമണിക്കൂറാണ് യാത്രാസമയം. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പരിഗണനയിലാണ്. കവ്വായി-രാമന്തളി റൂട്ടില്‍ പുതുതായി ഉല്ലാസബോട്ട് തുടങ്ങാനുള്ള പദ്ധതിയാണ് അതില്‍ ശ്രദ്ധേയം.
പുറപ്പെടുന്ന സമയവും സ്ഥലവും: രാവിലെ 6.00 (ആയിറ്റി-പടന്ന), 7.00 (പടന്ന-ആയിറ്റി), 8.15 (ആയിറ്റി- കൊറ്റി), 10.30 (കൊറ്റി-ആയിറ്റി), 1.00 (ആയിറ്റി - തയ്യില്‍), 2.30 (തയ്യില്‍-ആയിറ്റി), 4.00 (ആയിറ്റി -പടന്ന), 5.00(പടന്ന- ആയിറ്റി), 6.00 (ആയിറ്റി - പാണ്ട്യാല- രാമന്തളി), 7.00 ( രാമന്തളി- ആയിറ്റി).
മാതൃഭൂമിക്ക് പറയാനുള്ളത്
സംസ്ഥാനത്ത് ജലഗതാഗതവകുപ്പിനുള്ളത് അറുപതോളം ബോട്ടുകളാണ്. ഇതില്‍ അഞ്ചെണ്ണം മാത്രമാണ് കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലുള്ളത്. മൂന്നെണ്ണം ഓടുന്നു. രണ്ടെണ്ണം തകരാറിലാണ്. ഇവയുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റുസര്‍വീസുകള്‍ മുടക്കമില്ലാതെ നടത്താന്‍ കഴിയൂ.
പറശ്ശിനിക്കടവില്‍ നിലവില്‍ രാവിലെ 9.30-ന് ശേഷം ഉച്ചയ്ക്ക് രണ്ടിനുമാത്രമാണ് മറ്റൊരുസര്‍വീസുള്ളത്. ഈ സമയത്തിനിടയില്‍ ഒരു സര്‍വീസ് കൂടി അനുവദിക്കണം. ബോട്ടുജെട്ടികളുടെ ശോച്യാവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണണം. ജീവനക്കാരുടെ അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തണം.
Content Highlights: Tourism - Transport Department, Boat Services in Kannur and Kasaragod, Kerala Tourism
Published: 11 Feb 2020, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented