രാവിലെ കൃത്യം 8.15ന് ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്കിൽ മണിനാദം മുഴങ്ങി. നടന്നു നീങ്ങുന്ന മനുഷ്യർ നിശ്ചലരായി. ലോകത്തിലെ ആദ്യ അണുബോംബ് വീണ നിമിഷത്തെ ഓർമിപ്പിക്കുകയാണ് ഈ മണിനാദം.മണിയൊച്ച നിലച്ചപ്പോൾ, ഹിരോഷിമയിലെ അണുബോംബ് ദുരന്തത്തെ അതിജീവിച്ച മിച്ചിക്കോ കോനോ  പറഞ്ഞത് മനസ്സിൽ മുഴങ്ങി. ' ഇത്രയും വർഷത്തിനിടയിൽ ഒരിക്കലേ ഈ ശബ്ദം കേൾക്കാൻ ഞാൻ ധൈര്യപ്പെട്ടിട്ടുള്ളൂ. കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലവും പ്രിയപ്പെട്ടവരുടെ വിങ്ങലുകളും മനസ്സിൽ ഇരച്ചെത്തും..'

To advertise here,

ദുരന്തം നടക്കുമ്പോൾ വെറും നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന ഹിബാക്കുഷയാണിവർ. ജപ്പാനിലെ അണുബോംബ് ദുരന്തത്തെ അതിജീവിച്ചവരെ പറയുന്ന പേരാണിത്. ദുരന്തം ഏറ്റുവാങ്ങിയെങ്കിലും പതറാതെ അവർ ജീവിതം കരുപിടിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്കിൽ പീസ് വൊളന്റിയറായും മ്യൂസിയം ഗൈഡായും അവർ പ്രവർത്തിക്കുന്നു.

വെറും നാലു മാസം പ്രായമുള്ള അതിജീവിത

കരച്ചിലടക്കിയാണ് മിച്ചിക്കോ തന്റെ കഥ പറഞ്ഞു തുടങ്ങിയത്. 'അണുബോംബ് വീഴുമ്പോൾ എനിക്ക് നാലു മാസം മാത്രമായിരുന്നു പ്രായം. കേട്ടറിഞ്ഞ കാര്യങ്ങൾ പങ്കുവെയ്ക്കാം. പ്രസവശേഷം അമ്മയെയും എന്നെയും കുടുംബവീട്ടിൽ കൊണ്ടാക്കാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴായിരുന്നു ആ മഹാദുരന്തം. ബോംബിന്റെ ആഘാതത്തിൽ ഞാൻ തെറിച്ചുപോയി പെട്ടിയിൽ വീണു. അതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. അമ്മയുടെ മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റു.' അവരുടെ അച്ഛൻ ഓടി വീട്ടിലെത്തിയെങ്കിലും വീട് നിലംപരിശായി കഴിഞ്ഞു. അപ്പൂപ്പന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്നുകണ്ടെടുത്തു. രണ്ടാഴ്ചയോളം സ്വന്തം അമ്മയെ തിരഞ്ഞ് അച്ഛൻ പലയിയിടവും അലഞ്ഞു. മൃതദേഹങ്ങൾ കുന്നുകൂടികിടക്കുന്നിടത്ത് തിരഞ്ഞു. ഒടുവിൽ അഭയാർത്ഥി ക്യാമ്പിൽ അമ്മൂമ്മയെ കണ്ടെത്തി.

 

 

'പക്ഷേ, അന്ന് കണ്ട കാഴ്ചകൾ ആ മനസ്സിനെ ജീവിതകാലം മുഴുവൻ വിട്ടുമാറാത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. പിന്നീട് അദ്ദേഹം ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല,' മിച്ചിക്കോയുടെ ശബ്ദം ഇടറി. 'ഞങ്ങളെ യാത്ര അയക്കാൻ അന്ന് സ്റ്റേഷനിൽ വന്നതുകൊണ്ടാണ് അച്ഛൻ രക്ഷപ്പെട്ടത്. കൂടെ ജോലി ചെയ്തവരെല്ലാം അന്ന് വെന്തുമരിച്ചപ്പോൾ, താൻ മാത്രം ജീവനോടെ ശേഷിച്ചു എന്നത് വലിയ കുറ്റബോധമായിട്ടാണ് മരിക്കും വരെ കൊണ്ടുനടന്നത്...'

അണുവികിരണത്തിന്റെ ഫലമായി മിച്ചിക്കോയുടെ അമ്മയ്ക്ക് എന്നും പനിയായിരുന്നു. മോണകൾ പഴുത്ത് ആഹാരം കഴിക്കാൻ കഴിയാതെ അവർ നരകിച്ചു. 'എന്റെ കുട്ടിക്കാലത്ത് ചുറ്റുമുള്ളവരെല്ലാം ശാരീരികമായോ മാനസികമായോ തകർന്നുപോയവരായിരുന്നു. സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല...'

1,40,000 ടൈലുകളും ഒഴുകിയ കണ്ണീരും

പീസ് മെമ്മോറിയൽ ഹാളിലെ ഭൂഗർഭ തളത്തിലേക്ക് ഇറങ്ങുമ്പോൾ വെള്ളമൊഴുകുന്ന ശബ്ദം കേൾക്കാമായിരുന്നു. 'പൊള്ളിപ്പോയ ശരീരവുമായി വെള്ളത്തിന് വേണ്ടി കേണുകൊണ്ടാണ് ആയിരങ്ങൾ മരണത്തിലേക്ക് വീണത്. അവരുടെ ആത്മാവിന് ശാന്തി ലഭിക്കാനാണ് ഈ ജലധാര,' മിച്ചിക്കോ വിശദീകരിച്ചു.

ഹാളിന്റെ ഭിത്തിയിൽ 1,40,000 കൊച്ചു ടൈലുകൾ പതിപ്പിച്ചിട്ടുണ്ട്-ദുരന്തത്തിൽ മരിച്ച ഔദ്യോഗിക കണക്കാണത്. അവിടെയുള്ള കമ്പ്യൂട്ടർ കീബോർഡിൽ മിച്ചിക്കോ ഏതോ പേര് ടൈപ്പ് ചെയ്തു. സ്‌ക്രീനിൽ പുരുഷന്റെ ചിത്രം തെളിഞ്ഞതും അവരുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകാൻ തുടങ്ങി. അത് അവരുടെ അപ്പൂപ്പന്റെ ചിത്രമായിരുന്നു! നിശബ്ദത പാലിക്കേണ്ട സ്ഥലമായതിനാൽ ഒന്നും ചോദിക്കാതെ ഞാൻ അവരെ ചേർത്തുവെച്ചു.

'അടുത്ത തവണ എന്റെ പേരുണ്ടാകും'

പാർക്കിലെ അതിജീവിച്ച പ്രകൃതിവാതക തീജ്വാലയും, സമാധാനസ്മാരകവും കാണിച്ചുതരുമ്പോൾ മിച്ചിക്കോ ഒരു കാര്യം പറഞ്ഞു: 'നിങ്ങൾ അടുത്ത തവണ ഇവിടെ വരുമ്പോൾ, ഇവിടെ സൂക്ഷിച്ചിരിക്കുന്ന റജിസ്റ്ററിൽ എന്റെ പേരും ചേർത്തിട്ടുണ്ടാകും!'

ഞെട്ടലോടെ നോക്കിയപ്പോൾ അവർ ചിരിച്ചു: 'അണുബോംബ് സ്‌ഫോടനസമയത്ത് ജീവിച്ചിരുന്ന മനുഷ്യർ മരിക്കുമ്പോൾ അവരുടെ പേരുകൾ താഴെയുള്ള രജിസ്റ്ററിലേക്ക് മാറ്റും. ഇപ്പോൾ തന്നെ ഇത്തരം 130 രജിസ്റ്ററുകൾ അവിടെയുണ്ട്.' പിരിയുന്നതിന് മുൻപ് രണ്ടുമരങ്ങളുടെ മുന്നിൽ അവരെന്നെ കൊണ്ടുപോയി നിർത്തി. അണുബോംബിന്റെ പ്രഹരമേറ്റിട്ടും വസന്തത്തിൽ വീണ്ടും നാമ്പെടുത്ത രണ്ട് പാരാസോൾ മരങ്ങൾ!

'ഇതാണ് ഞങ്ങളുടെ അതിജീവനത്തിന്റെ പ്രതീകം,' മിച്ചിക്കോ പറഞ്ഞു. യാത്രപറഞ്ഞിറങ്ങുമ്പോൾ കുട്ടികളുടെ ശാന്തിസ്മാരകത്തിൽ എഴുതിവെച്ചിരുന്നത് എന്റെ മനസ്സിൽ മുഴങ്ങി:

'ഇതാണ് ഞങ്ങളുടെ ശബ്ദം... ഇതാണ് ഞങ്ങളുടെ പ്രാർത്ഥന... ലോകത്ത് സമാധാനം പുലരട്ടെ!'