കേരളത്തിലെ ആദ്യ ഹരിതവന പദ്ധതി നടപ്പാക്കിയ വനേതര പ്രദേശമാണ് മരുതിമല. 38 ഏക്കർ വരുന്ന സ്ഥലത്താണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രകൃതിയുടെ വരദാന'മെന്ന് അക്ഷരാഥാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന ഒരിടമാണിത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറയിലാണ് മരുതിമല. സമുദ്രനിരപ്പിൽ നിന്ന് 900 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മരുതിമലയിൽ നിന്നാൽ ജില്ലയിലെ അനേകം ഗ്രാമങ്ങളുടെ കാഴ്ചകൾ കാണാം. ഓടനാവട്ടം വില്ലേജിൽ വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയാണ് ഇവിടം.

To advertise here,

ഇവിടെ റോക്ക് ക്ലൈംബിങ് പോലുള്ള സാഹസിക വിനോദങ്ങൾ തുടങ്ങാൻ സർക്കാരിന് പദ്ധതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. വെയിൽ താഴ്ന്നു തുടങ്ങുന്നതോടെ മലമുകളിൽ നിന്ന് സൂര്യാസ്തമയം കാണാം. കോൺക്രീറ്റ് പടികളിലൂടെ സഞ്ചാരികൾക്ക് മുകളിലേക്ക് നടക്കാം. ചുറ്റുപാടും മുളച്ചുപൊങ്ങുന്ന പച്ചപ്പും വശങ്ങളിലൂടെ പടർന്നുകയറുന്ന വള്ളിച്ചെടികളും ഈ പ്രദേശത്തിന് ഒരു പരുക്കൻ സൗന്ദര്യം നൽകുന്നുണ്ട്.

പാറക്കെട്ടുകൾ, വറ്റാത്ത കുളങ്ങൾ

മരുതിമല നിൽക്കുന്ന പ്രദേശത്തിന് മുഴുവനായി 120 ഏക്കർ വിസ്തൃതി ഉണ്ടെങ്കിലും കൃഷിയോഗ്യമായ ഭാഗങ്ങൾ കാലാകാലങ്ങളിൽ പതിച്ച് നൽകിയശേഷം ബാക്കിയുള്ള സ്ഥലം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മലയുടെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന 38 ഏക്കർ പ്രദേശമാണ് നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള മരുതിമല. വിശാലമായി കിടക്കുന്ന പാറമല ഇന്ന് സമീപത്തുനിന്നും ദൂരത്തും നിന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു. പടികളിലൂടെ മാത്രമല്ല മറ്റു ചില വഴികളിലൂടെയും മുകളിലേക്ക് സുഖകരമായി ട്രക്കിങ് നടത്താം എന്നതാണ് ഇവിടുത്തെ ഒരാകർഷണം. ഏകദേശം 30 മിനിട്ട് സമയമെടുക്കും മുകളിൽ എത്തിച്ചേരുന്നതിനായി. കരിങ്കൽക്കൂട്ടങ്ങൾക്കിടയിലൂടെ കയറി മുകളിൽ എത്തുന്ന സഞ്ചാരികളെ കുളിർക്കാറ്റും അതിമനോഹര കാഴ്ചകളുമാണ് കാത്തിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 അടി ഉയരത്തിലാണിത്. ആകർഷകമായ പാറക്കെട്ടുകളും പുൽമേടുകളും ചെറുകുളങ്ങളും വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങളും ഇവിടെ കാണപ്പെടുന്നു. കുരങ്ങ്, മുള്ളൻപന്നി, കാട്ടുപൂച്ച, കുറുനരി, മരപ്പട്ടി, മലയണ്ണാൻ, തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണ് ഇവിടം. പുലി, കടുവ, ചെന്നായ തുടങ്ങിയ വന്യജീവികൾ താമസിച്ചുപോന്ന പുലിച്ചാണുകളും പാറയിടുക്കുകളും കൊച്ചുഗുഹകളും ധാരാളമായി കാണപ്പെടുന്നു. കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ എന്നീ മൂന്നു വലിയ പാറകൾ ചേരുന്നതാണ് മരുതുംപാറയുടെ അതിമനോഹരമായ കാഴ്ചകൾ. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാൺ എന്നും ഇവിടുത്തെ ചില പാറകൾക്കു പേരുണ്ട്. പാറക്കെട്ടുകൾക്കു മുകളിലെ വറ്റാത്ത കുളങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അത്യപൂർവ്വമായ ജൈവ വൈവിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്. വിവിധയിനം ഔഷധസസ്യങ്ങൾ കൂടാതെ ദർഭപ്പുല്ലുകൾ ഇവിടെ സമൃദ്ധിയായി വളരുന്നു. ഭാരതീയ സംസ്‌കാരത്തിലും ആയുർവേദത്തിലും വളരെ പ്രാധാന്യമുള്ള ഒരു സസ്യമാണ് കാർത്തിക കമ്പ് എന്നും വിളിക്കാറുള്ള ദർഭപ്പുല്ല്. കൂടാതെ സാധാരണയായി കുന്നിൻചെരിവുകളിലും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലും വളരുന്ന ഇഞ്ചിപ്പുല്ല് അഥവാ വാറ്റുപുല്ല് (Lemon Grass) ഇവിടെ വളരുന്നു. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് തന്നെ ഇത് വാറ്റി പുൽതൈലം ഉണ്ടാക്കിയിരുന്നു. വേനലിന്റെ കാഠിന്യം മൂലം പുല്ലുകൾ കരിമ്പാറക്കെട്ടുകൾക്ക് മുകളിൽ സ്വർണ്ണവർണ്ണത്തിൽ കാണാം.

സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്തി വികസന പ്രവർത്തനങ്ങൾ

ഭഗവാൻപാറയിൽ ഒരു ആൽമരവും മാവും ഇഴചേർന്നു വളർന്നിരിക്കുന്നു. അഭീഷ്ടസിദ്ധിക്കായും മാറാവ്യാധികളിൽ നിന്നും കുടുംബത്തിലെ ശത്രുദോഷങ്ങളിൽ നിന്നും രക്ഷനേടാനുമുള്ള വഴിപാടായി ചുവന്ന പട്ടുതുണി ഇവിടെ ആലിൽ കെട്ടാറുണ്ട്. ചുവട്ടിലായി കൽവിളക്കുകളും പാറയിൽ കൊത്തിയെടുത്ത ഹനുമാൻസ്വാമിയുടെ രൂപവും കാണാം. സമീപത്തെ പാറയ്ക്ക് മുകളിലായി കുറച്ച് പാറക്കഷണങ്ങൾ അടുക്കിയിരിക്കുന്നതും കണ്ടു. ഇതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. മറ്റു നിർമ്മിതികൾ ഒന്നുമില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. മരുതിമലയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്തിയാണ് ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.

മരുതിമലയിൽ അപൂർവയിനം ചെമ്പൻകുരങ്ങുകളുടെ വലിയ ഒരു ആവാസകേന്ദ്രമുണ്ട്. ചില ദിവസങ്ങളിൽ കുരങ്ങൻമാരെ ഇവിടെയെത്തുന്നവർക്ക് കൂട്ടത്തോടെ കാണാൻ സാധിക്കും. മനുഷ്യരുമായി നല്ല സൗഹൃദമുള്ളവരാണ് ഇവിടുത്തെ കുരങ്ങന്മാർ. ഓണനാളുകളിൽ സ്ഥിരമായി ഇവിടുത്തെ വാനരൻമാർക്ക് നാട്ടുകാരുടേയും പ്രകൃതിസ്‌നേഹികളുടേയും വകയായി ഓണസദ്യ നൽകുന്ന ഒരു പതിവും ഇവിടെയുണ്ട്.

പാറയിടുക്കിലൂടെയും പുല്ലുകൾക്കിടയിലൂടെയും ഒക്കെ സഞ്ചാരികൾക്ക് നടക്കാം. കൊല്ലം തങ്കശ്ശേരി ലൈറ്റ് ഹൗസും, കല്ലടത്തണ്ണി വട്ടത്തിക്കടവ് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയും മലമേൽ പാറയും ഇവിടെ നിന്നും കാണാമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെനിന്നുള്ള സഹ്യപർവ്വത നിരകളുടെ പല അടുക്കുകളായുള്ള കാഴ്ച ആരെയും മോഹിപ്പിക്കുന്നതാണ്. പച്ചപ്പിൽ പൊതിഞ്ഞ മലനിരകൾ ഒന്നിനുപുറകെ ഒന്നായി നീല നിറത്തിൽ ചക്രവാളത്തോട് ചേർന്നുനിൽക്കുന്ന കാഴ്ച വർണ്ണനാതീതമാണ്. എന്നാൽ പടിഞ്ഞാറൻ ചക്രവാളമാകട്ടെ നേർരേഖയായാണ് കാണാൻ സാധിക്കുന്നത്.

ഈ പ്രദേശത്ത് ക്വാറി മാഫിയകൾ നടത്തിയ അനിയന്ത്രിതമായ ഖനനം പരിസ്ഥിതിക്കും മനുഷ്യജീവിതത്തിനും വലിയ ഭീഷണിയായിരുന്നു. മരുതിമല പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ വിജയം കേരളത്തിൽ തന്നെ ഇത്തരത്തിൽ വിജയം കണ്ട ആദ്യത്തെ ജനകീയ സമരമാണെന്ന് പറയാം.

മരുതിമലയിലെ പാറ ഖനനത്തിനെതിരെ ജനകീയ സമരങ്ങൾ നയിക്കുകയും പ്രകൃതിയെ സംരക്ഷിച്ച് ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വളർത്തിക്കൊണ്ടു വരുന്നതിനായി സർക്കാർ തലത്തിൽ നടപടികൾക്ക് നേതൃത്വം നൽകിയ ഒരു വ്യക്തിയാണ് മുട്ടറ ഉദയഭാനു. മരുതിമല ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രാഥമിക സർക്കാർ തല പ്രവർത്തികൾ ആരംഭിച്ചത് അദ്ദേഹം വില്ലേജ് ഓഫീസർ ആയിരുന്നപ്പോഴാണ്. വർഷം മുഴുവൻ വീശിയടിക്കുന്ന പടിഞ്ഞാറൻ കാറ്റ് മരുതിമലയുടെ അനുഗ്രഹമാണ്. എപ്പോഴും നല്ല കാറ്റുള്ളതിനാൽ കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഒരു പദ്ധതി ഇവിടെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നു.

പേരുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളേറെ

മരുതിമലയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളാണ് ഉള്ളത്. മരുത് എന്നത് ആയുർവേദത്തിലും മരപ്പണിയിലും ഒരുപോലെ പ്രാധാന്യമുള്ള ഒരു വലിയ വൃക്ഷമാണ്. മരുത് വൃക്ഷങ്ങൾ ഇവിടെ സുലഭമായി ഉണ്ടായിരുന്നതിനാലാണ് ഈ മലയ്ക്ക് മരുതിമല എന്ന പേര് വന്നതെന്ന് ചിലർ വിശ്വസിക്കുന്നു. 'മരുതിമല ദേവൻകുന്ന്' എന്നായിരുന്നു പഴയകാലത്ത് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. മരുത് (മരുതൻ) എന്നതിന് കാറ്റ് എന്നും അർത്ഥമുണ്ട്. സമൃദ്ധമായ കാറ്റ് എപ്പോഴും ലഭിക്കുന്ന സ്ഥലമാണല്ലോ മരുതിമല. മരുത് എന്ന സംജ്ഞയ്ക്ക് ദേവൻ എന്നു കൂടി അർത്ഥമുള്ളതു കൊണ്ട് മരുതിമല 'ദേവൻകുന്നായി' എന്നും ചിലർ വിശ്വസിക്കുന്നു. തമിഴിൽ മരുത് എന്നാൽ മരുന്നാണ്. മരുന്നുചെടികൾ ഏറെയുണ്ടായിരുന്ന മല മരുതിമല എന്ന പേരിൽ അറിയപ്പെട്ടതാകാനും സാധ്യതയുണ്ട്. മറ്റൊരു ഐതീഹ്യം എന്തെന്നാൽ ത്രേതായുഗത്തിൽ രാമരാവണയുദ്ധവേളയിൽ എതിരാളികളുടെ അസ്ത്രമേറ്റ് ബോധരഹിതനായി വീണ ലക്ഷ്മണനെ രക്ഷിക്കുവാനായി ശ്രീരാമഭക്തനായ ഹനുമാൻ മൃതസഞ്ജീവനിതേടി പുറപ്പെടുന്നു. മരണവക്ത്രത്തിൽപ്പെട്ട ലക്ഷ്മണനെ രക്ഷിക്കേണ്ടതിന്റെ വ്യഗ്രതയിൽ താൻ തേടി വന്ന ഔഷധം തെരഞ്ഞു കണ്ടുപിടിക്കുന്നതിന് സമയം കളയാതെ, മരം ഇരുന്ന മരുത്വാമല തന്നെ ഇളക്കിയെടുത്ത് യുദ്ധരംഗത്തേക്ക് ആകാശമാർഗ്ഗേ പോകുന്നു. ആ യാത്രാവേളയിൽ മലയുടെ ഒരു ഭാഗം അടർന്ന് ഭൂമിയിൽ പതിച്ചതാണ് മരുതിമല എന്നുള്ളതാണ് പേരുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള പ്രധാന ഐതീഹ്യം. സീതയെ രക്ഷിക്കുന്നതിനായി അക്ഷീണം പരിശ്രമിച്ച വാനരക്കൂട്ടത്തിന്റെ ആവാസകേന്ദ്രമായി മരുതിമല മാറുകയും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇപ്പോഴും ധാരാളം വാനരൻമാർ മരുതിമലയിൽ അധിവസിക്കുകയും ചെയ്യുന്നു. മാത്രമല്ല മാരുതി എന്നത് വായുപുത്രനായ ഹനുമാന്റെ പര്യായമാണ്. മാരുതി ലോപിച്ച് മരുതിയായതും ആകാം.

മുട്ടറ, കുടവട്ടൂർ, കട്ടയിൽ പ്രദേശങ്ങളിലെ ജനങ്ങളുടെയും മുട്ടറ ഇണ്ടിളയപ്പൻക്ഷേത്രം, ചെറുകരക്കോണം പരബ്രഹ്‌മക്ഷേത്രം, കട്ടയിൽ കാവിൽ ഭഗവതിക്ഷേത്രം എന്നിവയുടെയും സംഗമകേന്ദ്രമാണ് മരുതിമല. ഇവടുത്തെ ഭഗവാൻ പാറയിൽ മേൽപ്പറഞ്ഞ ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരാനുഷ്ഠാനങ്ങൾ നടത്തിപ്പോരുന്നു. മലക്കൊട, മലയൂട്ട് എന്നിവയാണ് അവയിൽ പ്രധാനം. വർഷത്തിൽ രണ്ട് പ്രാവശ്യം മേൽപ്പറഞ്ഞ കരക്കാർ സംഗമിച്ച് മരുതിമലയിൽ മലക്കൊട മഹോത്സവം നടത്തിപ്പോരുന്നു. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടതാണെങ്കിലും അതിലുപരിയായി കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിച്ചുപോരുന്ന കൃഷീവല കുടുംബങ്ങളിലെ വിളവെടുപ്പുമായി ബന്ധപ്പെട്ടതുകൂടിയാണ് ഈ ഉത്സവം. വൃശ്ചികമാസത്തിലും കുംഭമാസത്തിലും ഉത്സവം നടത്തിപ്പോരുന്നു. മുട്ടറ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നിന്നും ആഘോഷപൂർവ്വം ആരംഭിക്കുന്ന ഘോഷയാത്ര മരുതിമലയിലെത്തുമ്പോഴേക്കും മറ്റ് കരകളിൽ നിന്നും ഭക്തജനങ്ങൾ ഘോഷയാത്രയായി ഭഗവാൻപാറയിലെത്തുന്നു. നിവേദ്യങ്ങളായി അർപ്പിക്കപ്പെടുന്നത് കൂടുതലും കാർഷികോൽപന്നങ്ങളായിരിക്കും. നേർച്ചയായി ലഭിക്കുന്ന പഴം, കരിക്ക് എന്നിവ ഭഗവാൻപാറയിലെ ക്ഷേത്രസങ്കല്പത്തിന് മുന്നിൽ പൂജിച്ച് പ്രസാദമായി ഏവർക്കും നൽകുന്നു. ഈ പ്രദേശങ്ങളിലെ ഫലവൃക്ഷങ്ങളിലെ ആദ്യഫലം മരുതിമലയിൽ നിവേദിക്കപ്പെടുന്നത് പണ്ട് മുതൽക്കേയുള്ള ആചാരമാണ്.

മലയൂട്ട്

മലക്കൊടയാഘോഷത്തിന്റെ മറ്റൊരുചടങ്ങാണ് മലയിലെ ഊട്ട് എന്ന മലയൂട്ട്. മരുതിമലയിലെ സങ്കൽപദേവതകൾക്കെല്ലാം ഊട്ട് നൽകുന്നതോടൊപ്പം മലയിലെ വാനരവൃന്ദത്തിന് സദ്യ നൽകുന്നതാണ് മലയൂട്ടിന്റെ പ്രധാന ചടങ്ങ്. ഭഗവാൻപാറയ്ക്ക് വടക്കുഭാഗത്തുള്ള വിസ്തൃതമായ സീതപ്പാറയിലാണ് ആചാരപരമായി ഭക്ഷണം നൽകുന്നത്. മുൻകാലങ്ങളിൽ സ്ത്രീകൾ മരുതിമലയിൽ പ്രവേശിച്ചിരുന്നില്ല എന്നതും കൗതുകകരമാണ്.

ഭാഗവാൻപാറയ്ക്ക് കിഴക്ക്ഭാഗത്തായി വളരെ വിസ്തൃതിയിൽ വസൂരിപ്പാറ സ്ഥിതിചെയ്യുന്നു. വസൂരിപ്പാറയിൽ മലക്കൊടദിവസം വിശേഷാൽ പൂജകൾ ചെയ്യുന്നു. പണ്ട് കാലങ്ങളിൽ വസൂരിപോലെയുള്ള മാരകമായ പകർച്ചവ്യാധികൾ പിടിപെട്ടവരെ ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിന് പ്രതീക്ഷ നഷ്ടപ്പെട്ടാൽ മലയിൽ ഉപേക്ഷിച്ചിരുന്നു. മരുതിമയിലെ കൽവിളക്കിന് മുമ്പിൽ അപ്രകാരം ഉപേക്ഷിക്കപ്പെട്ടവർ മരിച്ചുപോവുകയോ അപൂർവ്വം ചിലർ രോഗപ്രതിരോധശേഷി വീണ്ടെടുത്ത് അത്ഭുതകരമായി രക്ഷപെട്ട് തിരികെ എത്തുകയോ ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. വസൂരിപ്പാറയിലെ ചടങ്ങുകളിൽ മൗനമാചരിക്കുന്നത് പരേതരോടുള്ള ആദരസൂചകമായിട്ടാകാം എന്നാണ് പറയപ്പെടുന്നത്.

മരുതിമല സന്ദർശിച്ച ഒരാൾക്ക് ഇവിടം വിദൂരഭാവിയിൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ്വേകുന്ന പ്രധാന ഇടമാകുമെന്നതിൽ തർക്കമുണ്ടാകില്ല. വെളിയം ഗ്രാമപഞ്ചായത്തിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനുമാണ് ഈ പദ്ധതിയുടെ മേൽനോട്ടം. ടൂറിസം വകുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് ഇതുവരെയുള്ള പദ്ധതി പൂർത്തീകരിച്ചത്. പ്രകൃതിയുടെ സംരക്ഷണം ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. വൈദ്യുതീകരണം, കുഴൽക്കിണർ വഴി ശുദ്ധജല ലഭ്യത, ഇൻഫർമേഷൻ സെന്റർ, കഫെറ്റേരിയ, പാത്ത് വേ, സംരക്ഷണ വേലികൾ, ടോയ്ലറ്റ് സൗകര്യം, മൂന്ന് സെറ്റ് വിശ്രമ മന്ദിരങ്ങൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.

പക്ഷെ പ്രകൃതിസൗന്ദര്യം കനിഞ്ഞ് അനുഗ്രഹിച്ച മരുതിമലയ്ക്ക് ലഭിക്കേണ്ട പ്രാധാന്യം പല മേഖലകളിലും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് വിസ്മരിക്കാനാവില്ല. ഒട്ടേറെ സാധ്യതകളുള്ള ഇവിടെ വികസനപ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. കൂടുതൽ ആക്ടിവിറ്റികളും കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും റോപ് വേ അടക്കമുള്ള ആധുനിക സൗകര്യങ്ങളും സെക്യൂരിറ്റി സംവിധാനങ്ങളും അടക്കം വിനോദസഞ്ചാരികളുടെ എണ്ണം കൂടി വരുന്നതുസരിച്ചു ഇനിയും സൗകര്യങ്ങൾ ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്.