പ്രകൃതിസമ്പത്തും നാടിന്റെ തനതായ സാംസ്‌കാരികപൈതൃകവും ഈടുവെപ്പുകളും കോട്ടംവരാത്ത രീതിയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് കേരള ടൂറിസം മുന്നോട്ടുവെക്കുന്ന ദര്‍ശനം. 'കാരവന്‍ കേരള' പോലുള്ള പുതിയ ഉത്പന്നങ്ങളും സംരംഭങ്ങളും ഈ വീക്ഷണത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്നു ദശാബ്ദത്തിനു ശേഷമാണ് സമാനരീതിയില്‍ ടൂറിസം മേഖലയില്‍ സമഗ്രമാറ്റത്തിനു നാന്ദികുറിച്ച് 'കാരവന്‍ കേരള' ആവിഷ്‌കരിച്ചത്. കോവിഡാനന്തരലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താത്പര്യങ്ങളും പരിഗണിച്ചായിരുന്നു സമഗ്ര കാരവന്‍ ടൂറിസം നയത്തിന്റെ പ്രഖ്യാപനം. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയം അനന്തമായ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സംസ്ഥാനത്തിന്റെ സമഗ്ര സമീപനത്തിനു കരുത്തേകുന്നതാണ്.
പ്രകൃതിസൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും കൈമുതലായുള്ള കേരളത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഉന്മേഷദായക അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം സംസ്‌കാരവും ഉത്പന്നങ്ങളും അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ് 'കാരവന്‍ കേരള'യിലൂടെ സാദ്ധ്യമാകുന്നത്. കാരവനിലെ ആഡംബര അന്തരീക്ഷത്തെ കാരവന്‍ പാര്‍ക്കിലെ സ്വാഭാവികപ്രകൃതിയുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ അടിസ്ഥാനപ്രമേയം. ഗ്രാമത്തില്‍ത്തന്നെ താമസിച്ച് നെല്‍ക്കൃഷിയിടങ്ങള്‍ ആസ്വദിക്കല്‍, മത്സ്യബന്ധനസമൂഹത്തെ അടുത്തറിയല്‍, പരമ്പരാഗത വ്യവസായങ്ങളും കരകൗശലവിദ്യകളും മനസ്സിലാക്കല്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണജീവിതം കാരവന്‍ യാത്രകളിലൂടെ അനുഭവവേദ്യമാക്കുന്നു.
പ്രാദേശികസമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് കാരവന്‍ നയത്തെ വ്യത്യസ്തമാക്കുന്നത്. തനതുവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിന് ഊന്നല്‍നല്‍കുന്ന നയം പ്രാദേശികസമൂഹത്തിന് പ്രയോജനകരമാകുന്ന സുസ്ഥിരപ്രവര്‍ത്തനമായി ടൂറിസത്തെ മാറ്റുന്നതിലും മേഖലയിലെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധവെക്കുന്നു. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ക്കും വാണിജ്യാവസരങ്ങളും തൊഴില്‍സാദ്ധ്യതയും ഉറപ്പാക്കുന്ന കേരളത്തിലെ വിജയകരമായ ഉത്തരവാദിത്വ ടൂറിസം ദൗത്യങ്ങളുമായിട്ടാണ് ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ഗ്രാമീണജീവിതാനുഭവം സാദ്ധ്യമാകുന്നതിനൊപ്പം പ്രാദേശിക കലാകാരന്മാര്‍ക്ക് കലാവതരണത്തിനും കലകളുടെ പ്രചാരണത്തിനുമുള്ള സാദ്ധ്യതയും ഇതു തുറന്നിടുന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഗുണനിലവാരത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് പുതിയ കാലത്തെ സഞ്ചാരികള്‍. തിരക്കുകളില്‍നിന്നകന്ന് സ്വച്ഛമായി സമയവും അവധിക്കാലവും ചെലവിടാന്‍ അവര്‍ താത്പര്യപ്പെടുന്നു. കാരവന്‍ നയം ഇതിന് ഏറെ അനുയോജ്യമാണ്. ഇഷ്ടപ്പെട്ടതും മനസ്സിന് ഇണങ്ങുന്നതുമായ ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതു നല്‍കുന്നു. വേണ്ടത്ര പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ താത്പര്യപ്പെടുന്നവര്‍ക്ക് അത് പ്രദാനം ചെയ്യാന്‍ കാരവനാകും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ അതിനു ബദലാകാനും കാരവനുകള്‍ക്കാകും. ഇത്തരം അവസരങ്ങളില്‍ സമയം ലാഭിക്കാനും ചെലവു കുറയ്ക്കാനും കാരവനിലെ താമസത്തിലൂടെ സാധിക്കുന്നു. സര്‍വ്വോപരി വ്യക്തിയുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും മാനിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്.
കുടുംബങ്ങള്‍ക്കും ചെറുസംഘങ്ങള്‍ക്കും കാരവനുകള്‍ ഒരുപോലെ യാത്രയ്ക്കായി പ്രയോജനപ്പെടുത്താനാകും. ഹണിമൂണ്‍ യാത്രയ്ക്കായുള്ള ഒരു മികച്ച തിരഞ്ഞെടുപ്പുകൂടിയാണിത്. കാരവനുകള്‍ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനാല്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് പ്രിയങ്കരമായി മാറും. നവദമ്പതികള്‍ക്ക് ഇതിനോടകംതന്നെ കേരളം പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. കേരളത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലെ ടൂറിസം അനുഭവങ്ങളും ആകര്‍ഷണങ്ങളും ചെലവു കുറഞ്ഞ രീതിയില്‍ അനുഭവവേദ്യമാക്കാന്‍ കാരവനിലൂടെ സാധിക്കും. ഉദാഹരണത്തിന് ആലപ്പുഴയിലെത്തുന്ന വിദേശസഞ്ചാരികള്‍ക്ക് കേരളത്തിലെ മലയോരത്തിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ പെട്ടെന്നൊരു പാക്കേജ് എന്ന നിലയില്‍ കാരവനെ തിരഞ്ഞെടുക്കാനാകും. ടൂറിസം സാദ്ധ്യതയുള്ളതും അധികം അറിയപ്പെടാത്തതുമായ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നത് കാരവന്‍ കേരള മുന്നോട്ടുവെക്കുന്ന മറ്റൊരു സാദ്ധ്യതയാണ്. ഇതുവഴി ഓരോ പ്രദേശത്തും നിരവധി പുതിയ ലക്ഷ്യസ്ഥാനങ്ങളും ടൂറിസം ആകര്‍ഷണങ്ങളും സാദ്ധ്യമാക്കാനുമാകും.
1990 മുതല്‍ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിവരുന്ന ടൂറിസം ഉത്പന്നങ്ങളെപ്പോലെ പൊതു-സ്വകാര്യ മാതൃകയിലാണ് കാരവന്‍ ടൂറിസവും വികസിപ്പിച്ചത്. സ്വകാര്യനിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രാദേശികസമൂഹവുമാണ് ഇതിന്റെ പ്രധാന പങ്കാളികള്‍. ടൂറിസം നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് കാരവന്‍ നയം നല്‍കുന്നത്. കാരവനുകള്‍ വാങ്ങുന്നതിന് നിക്ഷേപധനസഹായം ഉള്‍പ്പെടെ ആകര്‍ഷകമായ ഇന്‍സെന്റീവുകളാണ് ലഭ്യമാക്കുന്നത്. സന്ദര്‍ശകര്‍ക്ക് യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി സംസ്ഥാനത്തുടനീളം പരിസ്ഥിതി സൗഹൃദ കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പങ്കാളികള്‍ക്കും അവസരം നല്‍കുന്നു. കുമരകം, ബോള്‍ഗാട്ടി, പൊന്മുടി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. സ്ഥലം കാരവന്‍ പാര്‍ക്ക് വികസിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കാനാകും. അടിസ്ഥാന മാനദണ്ഡങ്ങളുണ്ടെങ്കിലും പാര്‍ക്കുകളുടെ രൂപരേഖയ്ക്ക് പ്രദേശത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താം. വിനോദസഞ്ചാരികള്‍ക്ക് സമ്മര്‍ദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിതമേഖലയാണ് കാരവന്‍ പാര്‍ക്ക്. ചുറ്റുമതില്‍, സുരക്ഷാക്രമീകരണങ്ങള്‍, പട്രോളിങ്, നിരീക്ഷണ ക്യാമറകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമായിരിക്കും. ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകല്‍പ്പന. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പാര്‍ക്കിങ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക. മലയോരങ്ങളിലും പരിസ്ഥിതിദുര്‍ബ്ബല പ്രദേശങ്ങളിലും പാര്‍ക്കുകളില്‍ പ്രാദേശികപൈതൃകത്തിനനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യ ഉള്‍പ്പെടുത്തുന്നതും ഇതിന്റെ പ്രത്യേകതയാണ്. പാര്‍ക്കുകളില്‍ ജലസംഭരണികള്‍, വിനോദത്തിനുള്ള തുറന്ന ഇടങ്ങള്‍, വിശാലമായ മുന്‍ഭാഗം, ഡ്രൈവ് ഇന്‍ ഏരിയ, വാഹനങ്ങള്‍ തിരിക്കുന്ന ഇടങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. സംസ്ഥാനത്തെ ആദ്യ കാരവന്‍ വിനോദസഞ്ചാര പദ്ധതി വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ആരംഭിച്ചത്. തുടക്കത്തില്‍ രണ്ടും ഭാവിയില്‍ എട്ടും കാരവനുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്ന രീതിയിലാണ് ഇവിടത്തെ കാരവന്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തത്. സോഫാ കം ബെഡ്, ഫ്രിഡ്ജും മൈക്രോവേവ് അവനും ഉള്‍ക്കൊള്ളുന്ന ചെറിയ അടുക്കള, തീന്‍മേശ, ശൗചാലയം, ഡ്രൈവര്‍ സീറ്റിനു പിന്നിലെ മറ, എയര്‍കണ്ടീഷണര്‍, ഇന്റര്‍നെറ്റ് സൗകര്യം, ദൃശ്യ-ശ്രാവ്യ സംവിധാനങ്ങള്‍, ചാര്‍ജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖകരമായ താമസത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉള്‍പ്പെടുന്നതാണ് ഒരു ടൂറിസം കാരവന്‍.
കാരവന്‍ നയവുമായി സഹകരിച്ചുള്ള ഗതാഗത, തദ്ദേശ വകുപ്പുകളുടെ പ്രവര്‍ത്തനം അഭിനനന്ദനാര്‍ഹമാണ്. ടൂറിസം മേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതിനിരക്ക് 50 ശതമാനം കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും ധനവകുപ്പും തയ്യാറായി. ഇതോടെ ടൂറിസ്റ്റ് കാരവനുകളുടെ നികുതി 1000 രൂപയില്‍നിന്ന് 500 രൂപയായാണ് കുറഞ്ഞത്. രജിസ്റ്റര്‍ ചെയ്ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിച്ച് യാത്രയും പ്രവര്‍ത്തനവും തടസ്സരഹിതമാക്കിയതും അനാവശ്യപരിശോധനകളില്‍നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കിയതും വകുപ്പിന്റെ ശ്രദ്ധേയ നടപടികളാണ്.
കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച 2009-10 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഒരു പ്രധാന ടൂറിസം ഉത്പന്നമെന്ന നിലയില്‍ കാരവന്‍ രാജ്യത്ത് ആദ്യമായി അംഗീകരിക്കപ്പെടുന്നത്. റിക്രിയേഷണല്‍ വാഹനങ്ങള്‍ (ആര്‍വി), ക്യാമ്പര്‍വാനുകള്‍, മോട്ടോര്‍ ഹോംസ് തുടങ്ങിയവ ഈ റിപ്പോര്‍ട്ടില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളാണ് കാരവന്‍ ടൂറിസത്തിന്റെ സാദ്ധ്യത ഉള്‍ക്കൊള്ളാന്‍ ആദ്യം തയ്യാറായത്. അതേസമയം കേരളത്തിന്റെ കാരവന്‍ നയത്തെയും ഇവിടെ പുറത്തിറക്കിയ കാരവനുകളുടെ ഗുണനിലവാരത്തെയും മറ്റു സംസ്ഥാനങ്ങള്‍ അഭിനന്ദിക്കാന്‍ തയ്യാറായതും ശ്രദ്ധേയമാണ്.
കാരവന്‍ കേരളയുടെ സാദ്ധ്യത ഉള്‍ക്കൊണ്ട് വാഹനനിര്‍മ്മാതാക്കളായ ഭാരത് ബെന്‍സ്, ബംഗളൂരു സ്റ്റാര്‍ട്ടപ്പ് ക്യാംപര്‍വാന്‍ ആന്‍ഡ് ഹോളിഡേയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ലക്സ് ക്യാംപര്‍, പിനാക്കിള്‍ ഇന്‍ഡസ്ട്രീസിന്റെ ആഡംബര മോട്ടോര്‍ഹോം, സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് അനുയോജ്യമായ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടോഗ്ലാമ്പേഴ്സ് എന്നിവ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവനുകള്‍ കേരളത്തില്‍ പുറത്തിറക്കിയിരുന്നു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍നിന്ന് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്ക് യാത്ര നടത്തുന്ന 16 കാരവനുകളും 31 സഞ്ചാരികളുമടങ്ങുന്ന 'ഓട്ടോമൊബൈല്‍ എക്സ്പെഡിഷന്‍' എന്ന ആഗോള യാത്രാസംഘം കഴിഞ്ഞ വര്‍ഷമാണ് കേരളത്തിന്റെ വിനോദസഞ്ചാരസാദ്ധ്യതകള്‍ ആസ്വദിക്കാനെത്തിയത്. ആഗോളയാത്രികരുടെ ഈ വരവ് കേരളത്തിന്റെ കാരവന്‍ ടൂറിസം നയത്തിന് ഏറെ ഉണര്‍വ്വേകാന്‍ പോന്നതായിരുന്നു. ഇന്ത്യാ ടുഡേ മാഗസിന്റെ 'ബെസ്റ്റ് എമര്‍ജിങ് സ്റ്റേറ്റ് ഇന്‍ ഇന്നൊവേഷന്‍' വിഭാഗത്തിലെ 'എഡിറ്റേഴ്‌സ് ചോയ്‌സ്' പുരസ്‌കാരം 'കാരവന്‍ കേരള' എന്ന ആശയത്തിനും അതുവഴി കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണ്.
അനുഭവവേദ്യ വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയ്ക്കാണ് കേരളം അടയാളപ്പെടുത്തുന്നത്. പ്രകൃതിയെയും സാമൂഹിക- സാംസ്‌കാരിക തനിമയെയും ശരിയായ നിലയില്‍ നിലനിര്‍ത്തിക്കൊണ്ട് ടൂറിസം വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത, സ്വാഭാവിക വികസനരീതികളില്‍നിന്നു മാറി സാമൂഹിക, പാരിസ്ഥിതിക, സാംസ്‌കാരിക സവിശേഷതകളെ കാത്തുസൂക്ഷിച്ചുകൊണ്ട് പ്രാദേശികസമൂഹത്തിന് നേട്ടം ലഭിക്കുംവിധം മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനം ലോകത്തിനു മാതൃകയാകണം എന്നതാണ് നമ്മള്‍ കാണുന്ന സ്വപ്നം.
(സംസ്ഥാന വിനോദസഞ്ചാരവകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: kerala caravan tourism future pa mohammed riyas
Published: 15 Nov 2023, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented