സിനഗുഡിയിൽ കൊമ്പന്റെ ദാരുണാന്ത്യത്തിന്‌ പിന്നിൽ ഭക്ഷണക്കെണിയെന്ന് മൃഗസ്നേഹികൾ. സഞ്ചാരികൾക്കായി മസിനഗുഡി, ബോക്കപ്പുറം, മാവനെല്ല എന്നിവിടങ്ങളിൽ റിസോർട്ടുകളും കോട്ടേജുകളുമുണ്ട്. നിയമങ്ങൾ പാലിക്കാതെയും വാണിജ്യ ലൈസൻസ് ഇല്ലാതെയും ഹോം സ്റ്റേയെന്ന്‌ പേരിലുള്ള ഇടങ്ങളുമേറെ.

To advertise here,

ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ വാഗ്ദാനങ്ങളിലൊന്നാണ് വന്യമൃഗങ്ങളെ അടുത്ത്‌ കാണാനുള്ള സൗകര്യം. ഈ സൗകര്യമൊരുക്കാൻ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തങ്ങളുടെ കെട്ടിടത്തിനരികിൽ വരുത്താനായി ‘ഭക്ഷണക്കെണിയാണ്’ ഇവർ ഒരുക്കുക. മൃഗങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങളും പാകം ചെയ്ത വിഭവങ്ങളുമെല്ലാം കെട്ടിടത്തിന് സമീപത്ത്‌ ഒരുക്കിവെയ്ക്കും. ഇതു മണത്തറിഞ്ഞ്‌ വന്യമൃഗങ്ങൾ അരികിലെത്തും. ഉപ്പ് ചേർത്ത ഭക്ഷണസാധനങ്ങൾ വന്യമൃഗങ്ങളെ ആകർഷിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കാട്ടിലെ കൊമ്പൻ റിസോർട്ടിനടുത്ത് എത്തിയതും ഇത്തരത്തിലാകുമെന്നാണ് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നത്. നിത്യസന്ദർശകനായതോടെ കൊമ്പനെ തുരത്താൻവേണ്ടി റിസോർട്ടുകാർ തന്നെ കത്തിച്ച ടയറും ഇന്ധനം ഒഴിച്ച് കത്തിച്ച തുണിയും ആനയുടെ ദേഹത്തേക്കെറിഞ്ഞു.

ദിവസങ്ങൾക്കുശേഷം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ചികിത്സിക്കാനായി കൊമ്പനെ മയക്കുവെടിവെച്ച് തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ആന ചരിഞ്ഞു.

വ്യക്തമായ തെളിവുകളോടെ റെയ്‌മൻഡ് ഡീൻ എന്ന റിസോർട്ട് ഉടമയും പ്രസാദ് എന്ന സഹായിയും അറസ്റ്റിലായി. മറ്റൊരു പ്രതിയായ റിക്കി റയാനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അനധികൃതമായി പ്രവർത്തിച്ചതിനാൽ ഈ കെട്ടിടം കളക്ടർ ഇന്നസെന്റ് ദിവ്യയുടെ ഉത്തരവുപ്രകാരം സീൽ വെച്ചു.

ചരിഞ്ഞത് ‘എസ് ഐ’

ദേശീയതലത്തിൽ പ്രതിഷേധമുയർന്ന സംഭവമാണ് മസിനഗുഡിയിൽ കാട്ടുകൊമ്പനെ തീവെച്ച് കൊന്നത്. ആജാനുബാഹുവായ ഈ കൊമ്പനെ എസ്.ഐ. എന്നാണ് നാട്ടുകാർ വിളിപ്പേര് നൽകിയത്. ജനവാസസ്ഥലങ്ങളിൽ വരാറുണ്ടെങ്കിലും ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന റിവാൾഡോയെന്ന ഒരു കൊമ്പനുമുണ്ട് ഈ പ്രദേശത്ത്, ആരോ പടക്കമെറിഞ്ഞ്‌ തുമ്പിക്കൈയുടെ അറ്റം അടർന്നുപോയനിലയിൽ. ഇതേ അനുഭവവുമായി ജീവിക്കുന്ന രക്തസാക്ഷി. .

നൈറ്റ് സഫാരിയും അനധികൃതം

രാത്രിസമയത്ത് വന്യമൃഗങ്ങളെ നേരിൽ കാണിച്ചുതരാമെന്ന്‌ പറഞ്ഞു സഞ്ചാരികളെ ജീപ്പുകളിൽ കാടിന്റെ ഉൾവശങ്ങളിൽ കൊണ്ടുപോയി വനനിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരുകൂട്ടം തട്ടിപ്പുകാരും ഇവിടെ സജീവമാണ്.വനം വകുപ്പ് അധികൃതർ കൃത്യസമയത്ത് നടപടികൾ എടുക്കാറുമില്ല. മസിനഗുഡിയിലും ബഫർസോണിലുമായി ആനത്താരയിലുള്ള റിസോർട്ടുകളും ഹോട്ടലുകളും സുപ്രീംകോടതി ഉത്തരവുപ്രകാരം സീൽ വെച്ചിരിക്കുകയാണ്. സമീപത്തുള്ള മറ്റു റിസോർട്ടുകളും പൂട്ടണമെന്നാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിസ്നേഹികൾ ആവശ്യപ്പെടുന്നത്.

Content Highlights: Food With Salt Attarcts Wild Animals, Masinagudi Elephant Death, Wild Elephant, Illegal Safari