
വടക്കേ അമേരിക്കയിലെ ദെനാലി കൊടുമുടി കയറുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളിയായ പര്‍വതാരോഹകന്‍ ആ അനുഭവം വിവരിക്കുകയാണിവിടെ. ഒപ്പമുണ്ടായിരുന്നയാളിന്റെ അനാരോഗ്യാവസ്ഥയും പ്രകൃതിയുടെ കോപവും അവരെ മരണത്തിന്റെ തൊട്ടുമുന്നില്‍വരെയെത്തിച്ചു. ഒടുവില്‍ പ്രകൃതി കനിഞ്ഞു, ഏതൊക്കെയോ കരങ്ങള്‍ അവരെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചു...
കുട്ടികളെ പ്രകൃതിയോടൊപ്പം നടക്കാന്‍ അനുവദിക്കൂ. കാടുകളും മൈതാനങ്ങളും പീഠഭൂമികളും മലകളും നദികളും നമ്മുടെ അനുഗൃഹീത നക്ഷത്രധാരകളും പഠിപ്പിക്കുന്നതുപോലെ, മരണവും ജീവിതവും തമ്മിലുള്ള മനോഹരമായ ലയനവും ഐക്യവും അവതമ്മിലുള്ള വേര്‍പെടാനാകാത്ത സന്തോഷഭരിതമായ ഒരുമയും അവരെ കാണാന്‍ അനുവദിക്കൂ. മരണം കഠിനമല്ലാത്തതും ജീവിതത്തെപ്പോലെ സമാനസൗന്ദര്യമുള്ളതുമായ ഒന്നാണെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും -തല്‍ക്കീത്ത്നയിലെ സെമിത്തേരിയുടെ ചുവരില്‍ എഴുതിവെച്ച കവിതാശകലം ഇങ്ങനെയായിരുന്നു.
ദെനാലി കൊടുമുടിയിലേക്കുള്ള വഴിയിലെ അവസാനത്തെ ഗ്രാമമായ തല്‍ക്കീത്ത്നയില്‍ വീണ്ടുമെത്തിയതായിരുന്നു ഞങ്ങള്‍. ഇവിടെനിന്ന് ചെറിയവിമാനത്തില്‍ കയറിവേണം കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കു പോകാന്‍. കഴിഞ്ഞതവണ വന്നപ്പോള്‍ തല്‍ക്കീത്ത്നയില്‍ കാണാന്‍കഴിയാതെ വിട്ടുപോയ ഒരിടമായിരുന്നു ഈ സെമിത്തേരി. തിരിച്ചുപോക്കില്ലാതെ ദെനാലിയില്‍ മരവിച്ചും മരിച്ചുംവീണവര്‍ക്കായി നിര്‍മിച്ച സ്മാരകം. 1932 മുതല്‍ 2024 വരെ ദെനാലിയില്‍ മരിച്ചൊടുങ്ങിയ പര്‍വതാരോഹകരുടെ പേരുവിവരങ്ങള്‍ സ്മാരകത്തിന്റെ ഭിത്തിയില്‍ എഴുതിവെച്ചിരിക്കുന്നു. ഒപ്പം കവിതയുടെ വരികളും. പേരുകളില്‍ കഴിഞ്ഞവര്‍ഷം രേഖയായത് ഒരു ജപ്പാന്‍കാരനും മലേഷ്യക്കാരനും. 2025-ല്‍ ആരെയാകും ജീവിതംപോലെ സൗന്ദര്യമുള്ള മരണത്തിലേക്ക് ദെനാലി കൂട്ടിക്കൊണ്ടുപോകുന്നതെന്ന് ആര്‍ക്കറിയാം.
സെവന്‍ സമ്മിറ്റിന്റെ ഭാഗമായി 2023 മേയില്‍ ഞാന്‍ ദെനാലി കയറിയിരുന്നു. എത്രവട്ടം കയറിയാലും പര്‍വതങ്ങളെല്ലാം ലോകാദ്ഭുതങ്ങള്‍പോലെയാണ്. എത്രകണ്ടാലും അനുഭവിച്ചാലും മതിവരില്ല. വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരിക്കും. ആ വിളികളോട് മുഖംതിരിഞ്ഞുനില്‍ക്കാന്‍ സാധിക്കാറില്ല.
തമിഴ്നാട് വിരുതുനഗര്‍ സ്വദേശിയായ പര്‍വതാരോഹക മുത്തമില്‍ സെല്‍വി നാരായണയാണ് ഇക്കുറി എന്നെ ദെനാലിയിലേക്ക് കൊണ്ടുപോകുന്നത്. 2023 മേയില്‍ എവറസ്റ്റ് കയറിയിറങ്ങിയ മുത്തമില്‍ സെല്‍വി രണ്ടുവര്‍ഷത്തിനിടെ ആറു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടികള്‍ കയറിക്കഴിഞ്ഞു. ഈ വര്‍ഷം ജൂണിനകം വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ഈ ദെനാലികൂടി കയറിയാല്‍ ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടികള്‍ അതിവേഗത്തില്‍ കയറിയ ഇന്ത്യക്കാരിയെന്ന നേട്ടം സെല്‍വിക്ക് കൈവരിക്കാനാകും. അതിനുവേണ്ടിയാണ് എന്നെയുംകൂട്ടി ദെനാലിക്ക് വീണ്ടുംവന്നത്.
ചെന്നൈയില്‍നിന്ന് ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോവഴി തല്‍ക്കീത്ത്നാ ഗ്രാമത്തിലെത്തി. ജൂണ്‍ 10-ന് എയര്‍ടാക്‌സിയില്‍ ദെനാലി ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു. ആദ്യംവന്നപ്പോള്‍ ദെനാലി കയറുന്നതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അന്ന് എന്റെ ചെലവ് വഹിച്ച അമേരിക്കന്‍പൗരനായ ഇന്ത്യന്‍വംശജന്‍ സുബീര്‍ ബക്ഷിയും സുഹൃത്തുക്കളും ചേര്‍ന്ന് ഭക്ഷണംമുതല്‍ സ്‌നോഷൂവരെ സജ്ജമാക്കിയിരുന്നു. ഇക്കുറി സെല്‍വിയെ സഹായിക്കലാണ് എന്റെ റോള്‍. അതിനാല്‍, എല്ലാകാര്യങ്ങളും ഞാന്‍ സ്വയം ചെയ്യണമായിരുന്നു. തല്‍ക്കീത്ത്നയില്‍നിന്നുള്ള എയര്‍ടാക്‌സി ടിക്കറ്റ് ബുക്കുചെയ്യലും ടെന്റ് സ്ഥാപിക്കാനുള്ള ഷവല്‍ സംഘടിപ്പിക്കലുമെല്ലാം.
തയ്യാറെടുപ്പുകളും പ്ലാനിങ്ങുമൊക്കെ ഞാന്‍ ചെയ്‌തെങ്കിലും ഭാരംവലിക്കേണ്ടത് സെല്‍വിതന്നെയായിരുന്നു. ഭക്ഷണവും ടെന്റുമൊക്കെയായി ഏകദേശം 40 കിലോയോളം വരുന്ന സാധനസാമഗ്രികള്‍ കെട്ടിവെച്ച സ്ലെഡ്ജ് (മഞ്ഞില്‍ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന ചക്രമില്ലാ വാഹനമാണിത്. ശരീരത്തില്‍ക്കെട്ടി വലിക്കുകയാണ് ചെയ്യുക.) പര്‍വതാരോഹകര്‍ മഞ്ഞിലൂടെ സ്വയം വലിച്ചുകൊണ്ട് മുകളിലേക്ക് കയറുകയും താഴേക്കിറങ്ങുകയും വേണം. വലിച്ചുവലിച്ചു കയറ്റി സെല്‍വിയുടെ തോളുകള്‍ നന്നായി വേദനിക്കുന്നുണ്ട്. എത്രവേദനിച്ചാലും സ്വന്തം സ്ലെഡ്ജ് ചുമക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. ആരും സഹായിക്കാന്‍വരില്ല. ഒപ്പമുള്ള ഞാനും അത്രയുംഭാരം മഞ്ഞിലൂടെ വലിച്ചുകയറ്റുന്നുണ്ട്.
നീ എന്നെ കൊല്ലാന്‍കൊണ്ടുപോവുകയാണോ?
കഴിഞ്ഞപ്രാവശ്യം വന്നപ്പോള്‍ ഒരു സംഭവമുണ്ടായി. ക്യാമ്പ് മൂന്നില്‍നിന്ന് നാലിലേക്ക് സ്ലെഡ്ജും വലിച്ചുകയറുന്നതിനിടെ പര്‍വതാരോഹക സുഹൃത്തായ സുബീര്‍ ബക്ഷി പാതിവഴിയില്‍ നിന്നു. കാല്‍വേദന കലശലായ സുബീര്‍ ഇനി മുകളിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. അതെങ്ങനെ ശരിയാകും? എനിക്ക് മുകളിലേക്ക് കയറിയേ പറ്റൂ. ഇവിടെനിന്നിറങ്ങിയാല്‍ ഒരിക്കല്‍ക്കൂടി തിരിച്ചുവരാന്‍ എനിക്കുവേണ്ടി ആര് ലക്ഷങ്ങള്‍ മുടക്കും? എങ്ങനെയും സുബീര്‍ ബക്ഷിയെ മുകളിലേക്ക് കയറ്റിയേ മതിയാകൂ. അവസാനം ഒരുവഴി കണ്ടെത്തി. സുബീര്‍ ബക്ഷിയുടെ സ്ലെഡ്ജ് അവിടെ മഞ്ഞിന്‍പാളിയില്‍ വെച്ചു. എന്നിട്ട് ഞാനും എന്റെ സ്ലെഡ്ജും സുബീര്‍ ബക്ഷിയുമായി ക്യാമ്പ് നാലിലെത്തി. അതിനുശേഷം ഞാന്‍ തിരിച്ചുപോയി സുബീര്‍ ബക്ഷിയുടെ സ്ലെഡ്ജ് എടുത്ത് ക്യാമ്പ് നാലിലെത്തിച്ചു. നിര്‍ബന്ധിച്ച് മുകളിലേക്കുകയറ്റുന്നതിനിടെ രണ്ടുതവണ എന്നോട് സുബീര്‍ ബക്ഷി ചോദിച്ചു: ''നീ എന്നെ കൊല്ലാന്‍ കൊണ്ടുപോകുവാണോ?''
എന്തായാലും സെല്‍വി ഇതുവരെ അങ്ങനെ ചോദിച്ചിട്ടില്ല. അവര്‍ അങ്ങനെ പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുകാരണം കുറെ ഫോണ്‍വിളികളാണ്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നതിനുമുന്‍പ് വീട്ടുകാരെ വിളിച്ച് സെല്‍വി ഒരുകാര്യം പറഞ്ഞു: ''ഞാന്‍ തിരിച്ചുവന്നില്ലെങ്കിലും മക്കളെ നന്നായി നോക്കണം. ദെനാലി കയറിയശേഷമേ മടങ്ങിവരൂ. കയറാന്‍ കഴിഞ്ഞില്ലെങ്കില്‍...'' അവര്‍ പാതിയില്‍ നിര്‍ത്തി. ഈ സന്ദേശങ്ങള്‍ പിന്നീട് പലതവണ ആവര്‍ത്തിച്ചു. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. സെല്‍വി ഇതല്ല ഇതിനപ്പുറവും പറയും, അതിശയിക്കേണ്ട.
മനസ്സിനെ പിന്തുടര്‍ന്ന സെല്‍വി
സെല്‍വിയെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്ത വായിച്ച ഓര്‍മ്മ എനിക്കുണ്ട്. 18-ാം വയസ്സിലായിരുന്നു അവരുടെ വിവാഹം. പെട്ടെന്ന് രണ്ടുകുട്ടികളുടെ അമ്മയുമായി. അപ്പോള്‍ 12-ാം ക്ലാസ് വിദ്യാഭ്യാസംമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നഷ്ടപ്പെട്ട ആഗ്രഹങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരുന്നു. സ്വന്തം മനസ്സിനെ പിന്തുടര്‍ന്ന സെല്‍വി, 2015-ല്‍ ബിരുദം സ്വന്തമാക്കി. പിന്നീട് ജാപ്പനീസ് ഭാഷാ പരിഭാഷകയായി. 2023-ല്‍ എവറസ്റ്റും കീഴടക്കി. എന്റെ ഒരു ബന്ധുവഴിയാണ് സെല്‍വിയെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ദെനാലി കയറാന്‍ സഹായം അഭ്യര്‍ഥിക്കുന്നത്. ദെനാലി പര്‍വതത്തില്‍ ഒറ്റയ്ക്ക് കയറാന്‍കഴിയില്ല. സഹപര്‍വതാരോഹകന്‍കൂടി വേണം. അമേരിക്കയിലേക്ക് പോകാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തുമ്പോഴാണ് ഞങ്ങള്‍ ഇരുവരും നേരില്‍ക്കാണുന്നതുതന്നെ.
ചെറിയ പുറംവേദനയൊക്കെ ഉണ്ടായെങ്കിലും ക്യാമ്പ് നാലുവരെ സ്ലെഡ്ജും വലിച്ച് സെല്‍വി എത്തി. സമ്മിറ്റ് ക്യാമ്പായ ക്യാമ്പ് അഞ്ചാണ് അടുത്തലക്ഷ്യം. ക്യാമ്പ് അഞ്ചിലേക്ക് ഈ സ്ലെഡ്ജും വലിച്ച് പോകേണ്ടതില്ല. മൂന്നുദിവസത്തെ ഭക്ഷണവും ടെന്റും അത്യാവശ്യം വേണ്ട ഉപകരണങ്ങളും എല്ലാംകൂടി ബാഗില്‍ എടുത്തുവെച്ചുകെട്ടി. ശേഷിച്ചവ ക്യാമ്പ് നാലില്‍ മഞ്ഞില്‍ കുഴികുത്തി അതില്‍ നിക്ഷേപിച്ചു. എപ്പോള്‍ തിരികെവന്നാലും മഞ്ഞിനുള്ളില്‍ ഫ്രിഡ്ജില്‍വെച്ചതുപോലെ മാറ്റംകൂടാതെ അവശേഷിക്കുമെന്നുറപ്പുണ്ട്.
മുകളിലേക്കുകയറിയ ഞങ്ങള്‍ അങ്ങനെ 2025 ജൂണ്‍ 16-ന് പ്രാദേശികസമയം 12.45 ദെനാലിയുടെ നെറുകയിലെത്തി. അങ്ങനെ സെല്‍വിയുടെ ഇച്ഛാശക്തിക്കുമുന്നില്‍ ദെനാലി ചേര്‍ന്നുനിന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല, നേടാനുള്ളതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, പ്രവര്‍ത്തിക്കേണ്ടത് -സെല്‍വി നിശ്ശബ്ദം പറഞ്ഞുകൊണ്ടേയിരുന്നു.
മഞ്ഞിന്റെ ക്രുദ്ധമുഖം
എന്നാല്‍, എല്ലാം പെട്ടെന്നായിരുന്നു. സെല്‍വി നിന്നു, ദെനാലി ക്രുദ്ധയായി. കാലാവസ്ഥ പെട്ടെന്ന് മാറി, കാറ്റടിച്ചു. 'എത്രയുംവേഗം ക്യാമ്പ് അഞ്ചില്‍ എത്തണം. വരൂ, വേഗം ഇറങ്ങൂ, ഇവിടെനില്‍ക്കുന്നത് സുരക്ഷിതമല്ല' -ഞാന്‍ പറഞ്ഞു. 'ഇല്ല, ഞാന്‍ എങ്ങോട്ടുമില്ല'. നിഷേധിച്ചുകൊണ്ട് സെല്‍വി കൊടുംതണുപ്പില്‍നിന്ന് വിറയ്ക്കുന്നു. ''എന്താണ് പറയുന്നത്. സെല്‍വി, നിങ്ങള്‍ക്ക് ഭ്രാന്തുപിടിച്ചോ?''
''എനിക്ക് ഇറങ്ങാന്‍കഴിയില്ല''
''എന്തുപറ്റി?'' -ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു.
''എനിക്ക് മാസമുറയായി''
''എന്ത്?''
''നടു വെട്ടിപ്പിളര്‍ക്കുന്ന വേദന. ഷേയ്ഖ് എനിക്ക് ഒരു ചുവടുവെക്കാന്‍ കഴിയുന്നില്ല, ശരീരമാസകലം കടുത്തവേദനയുണ്ട്. നന്നായി ബ്ലീഡിങ്ങുമുണ്ട്.''
''അങ്ങനെപറഞ്ഞാല്‍ എങ്ങനെയാണ്. നമുക്ക് ഇറങ്ങിയല്ലേ പറ്റൂ'' ''എന്തുപറഞ്ഞാലും ഞാനില്ല. ഷേയ്ഖിന് വേണമെങ്കില്‍ പോകാം''
ദെനാലിയെപ്പോലെ അവള്‍ ക്രുദ്ധയായി. എന്തുപറയണമെന്നറിയാതെ ഞാന്‍ കുറെനേരം അങ്ങനെ നിന്നുപോയി.
''10 ദിവസം മുന്‍പ് പിരീഡ്സായതായിരുന്നു. അതിനാല്‍ ഒരു തുണിക്കഷണംപോലും കൈയില്‍ കരുതിയിട്ടില്ല'' -സെല്‍വി പറഞ്ഞു.
എന്തുചെയ്യും? അറിയില്ല -ഞാന്‍ സ്വയംപറഞ്ഞു. സുബീര്‍ ബക്ഷിയെ വലിച്ചുകയറ്റിക്കൊണ്ടുപോയതുപോലെ സെല്‍വിയെ താഴേക്ക് ഇറക്കിക്കൊണ്ടുപോകാന്‍ കഴിയില്ല. സമയം രാത്രിയായി, പക്ഷേ, സൂര്യന്‍ അസ്തമിച്ചിട്ടില്ല. വേനല്‍ക്കാലത്ത് ദെനാലിയില്‍ സൂര്യന്‍ അസ്തമിക്കില്ല. വാച്ചുനോക്കിവേണം രാത്രിയും പകലും തിരിച്ചറിയാന്‍. വേദനകൊണ്ട് പുളയുന്ന സെല്‍വിയോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. എനിക്കവരെ ഒരുരീതിയിലും സഹായിക്കാനും കഴിയുന്നില്ല. സെല്‍വിയുടെ ബാഗില്‍നിന്ന് സ്ലീപ്പിങ് ബാഗ് പുറത്തെടുത്തു. മഞ്ഞില്‍ വിരിച്ചു. രണ്ടുപാറകള്‍ക്ക് ഇടയിലായി ഇത്തിരി സ്ഥലംകിട്ടി. സെല്‍വി അതിലേക്ക് കയറിക്കിടന്നു. ഞാനും സ്ലീപ്പിങ് ബാഗെടുത്ത് വിരിച്ചു. നല്ല ക്ഷീണമുണ്ട്. കുറെനേരം അങ്ങനെ കിടന്നു. സമയം അര്‍ധരാത്രിയായി. നന്നായി കാറ്റടിക്കുന്നുണ്ട്. തലയുടെ ഭാഗത്ത് തുറന്നുകിടക്കുന്ന വശത്തുകൂടി പഞ്ഞിപോലെ മഞ്ഞ് സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് കയറിക്കൊണ്ടിരുന്നു.
മരണം മേയുന്ന മഞ്ഞ്
രാത്രിയിലെ വിശ്രമത്തിനുശേഷം ജൂണ്‍ 17-ന് രാവിലെ ഞങ്ങള്‍ പതുക്കെ ക്യാമ്പ് അഞ്ചിലേക്ക് പുറപ്പെട്ടു. സെല്‍വി കൂടുതല്‍ അവശയായിട്ടുണ്ട്. ഭക്ഷണവും വെള്ളവും പേരിനുപോലും കഴിക്കുന്നില്ല. ക്യാമ്പ് അഞ്ചിലെത്തി വേഗം താഴേക്കിറങ്ങാനായിരുന്നു പദ്ധതി. പക്ഷേ, മോശം കാലാവസ്ഥ ഞങ്ങളെ ക്യാമ്പ് അഞ്ചില്‍ തളച്ചിട്ടു. ദെനാലി റെയ്ഞ്ചര്‍ സ്റ്റേഷനില്‍നിന്ന് എല്ലാദിവസവും റേഡിയോ സംവിധാനത്തിലൂടെ അടുത്തദിവസത്തെ കാലാവസ്ഥ അറിയിക്കും. അതിനനുസരിച്ചാണ് അടുത്തദിവസത്തെ യാത്ര ക്രമീകരിക്കുന്നത്. ഞങ്ങള്‍ കയറിയപ്പോള്‍ നല്ല കാലാവസ്ഥയായിരുന്നു. എന്നാല്‍, തിരിച്ചിറങ്ങാന്‍ വൈകിയത് പ്രശ്‌നമായി. 25-30 മൈല്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. വലിയ പരിശ്രമം വേണ്ടിവന്നു ക്യാമ്പ് അഞ്ചില്‍ ടെന്റ് സ്ഥാപിക്കാന്‍.
സമീപത്തെ ടെന്റുകളിലുണ്ടായിരുന്നവരുടെ സഹായത്തോടെയാണ് ടെന്റ് സ്ഥാപിച്ചത്. 17,000 അടി ഉയരത്തിലാണ് ക്യാമ്പ് അഞ്ച് സ്ഥിതിചെയ്യുന്നത്. ഈ ഉയരത്തില്‍ കൂടുതല്‍സമയം ചെലവഴിക്കുന്നതുതന്നെ ശാരീരിക അസ്വസ്ഥത ഉണ്ടാക്കും. സെല്‍വിക്ക് നല്ല തലവേദനയുമുണ്ട്. കാറ്റ് കുറയുമെന്നുകരുതി ജൂണ്‍ 17-ാം തീയതി ക്യാമ്പ് അഞ്ചില്‍ തുടരാന്‍ തീരുമാനിച്ചു. 18-ാം തീയതിയായിട്ടും കാറ്റ് കുറയുന്ന ലക്ഷണമില്ല.
ക്യാമ്പ് നാലില്‍നിന്ന് മൂന്നുദിവസത്തെ ഭക്ഷണം മാത്രമെടുത്താണ് മുകളിലേക്ക് കയറിയത്. വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുന്ന റെഡി റ്റു കുക്ക് ചെയ്യാന്‍ കഴിയുന്ന ബീഫും ചിക്കന്‍ബിരിയാണിയും ബട്ടര്‍ചിക്കനുമാണ് കൊണ്ടുവന്നത്. ഐസെടുത്ത്് വെള്ളം ചൂടാക്കി അതിലിട്ട് എത്ര വേവിച്ചിട്ടും ബിരിയാണി പൂര്‍ണമായും വേവുന്നുണ്ടായിരുന്നില്ല. മറ്റൊരുപ്രശ്‌നം മുകളിലേക്ക് കൊണ്ടുവന്ന, പാചകവാതകത്തിന്റെ രണ്ട് ക്യാനുകള്‍ ഏറക്കുറെ തീരാറായി. കുടിക്കാന്‍ വെള്ളംവേണമെങ്കില്‍ ഐസ് കുത്തിയെടുത്ത് പാത്രത്തിലാക്കി തിളപ്പിച്ച് വെള്ളമാക്കണം. അതിന് നല്ലസമയമെടുക്കും. അതിനുവേണ്ടിമാത്രം ധാരാളം ഗ്യാസ് ചെലവാകുന്നുമുണ്ട്.
ദേഷ്യത്തിലായ കാലാവസ്ഥ. ഭക്ഷണവും ഗ്യാസും തീരാറാകുന്നു. ഓരോനിമിഷം കഴിയുന്തോറും സെല്‍വിയുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവിടെക്കിടന്ന് മരിച്ചാലും സെല്‍വി സന്തോഷിക്കുമായിരിക്കും. സെമിത്തേരി സ്മാരകത്തിന്റെ ചുവരില്‍ ജീവിതംപോലെ മനോഹരമായ മരണത്തെ പുല്‍കിയ പേരുകളിലൊന്നായി സെല്‍വിയുടെ പേരും ഇടംപിടിക്കും. പക്ഷേ, എനിക്ക് സെല്‍വിയെ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കേണ്ടതുണ്ടായിരുന്നു. അതെന്റെ ഉത്തരവാദിത്വമാണ്. എന്നെ വിശ്വസിച്ചാണ് അവര്‍ എന്നോടൊപ്പം വന്നത്. എനിക്ക് അവരുടെ ജീവന്‍ രക്ഷിച്ചേ മതിയാകൂ.
എത്രദിവസം ഈ കാലാവസ്ഥ തുടരുമെന്ന് പറയാന്‍ കഴിയില്ല. കൈയിലെ ഗ്ലൗസുകള്‍ ഊരി. ടെന്റിന് പുറത്തേക്കിറങ്ങി. നന്നായി വിറയ്ക്കുന്നുണ്ട്. കാറ്റടിക്കുമ്പോള്‍ തണുപ്പ് ഇരട്ടിയാകും. സാറ്റലൈറ്റ് ഫോണ്‍ കൈലെടുത്തു. ഡയല്‍ചെയ്തു. അമ്മയെ വിളിച്ചു, ഭാര്യയെ വിളിച്ചു, സുഹൃത്തുക്കളെ വിളിച്ചു, അറിയാവുന്ന മാധ്യമപ്രവര്‍ത്തകരെ വിളിച്ചു, ആരും ഫോണെടുക്കുന്നില്ല. വീണ്ടും വീണ്ടും വിളിച്ചു. ഇല്ല, ആരും എടുക്കുന്നില്ല. ഇടയ്ക്ക് ഫോണിന് റേഞ്ചും കിട്ടുന്നില്ല.
രക്ഷകരെത്തിയപ്പോള്‍
മറുപുറത്തുനിന്ന് ഹലോയെന്നൊരു വിളികേട്ടു. ''ഞാനാ ഷേയ്ഖാ''
''ഷേയ്ഖേ പറയൂ. നീ എവിടെ?''
വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചു. മറുതലയ്ക്കല്‍ ഒന്നും വ്യക്തമാകുന്നില്ല. വീണ്ടും വീണ്ടും ചോദിച്ചു,
''എന്താണ് പറ്റിയത്. നീ എവിടെയാണ്?.''
തൊണ്ട വരണ്ടു.
''ഡാ, ഷേയ്ഖേ ഒരു മെസേജ് അയക്കൂ. ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ല'' -അവന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം എന്റെ നാട്ടുകാരനും ബന്ധുവുമാണ്. പത്തുപതിന്നാലുപേരെ വിളിച്ചതിനൊടുവില്‍ അവന്‍മാത്രമാണ് ഫോണെടുത്തത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദെനാലിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവും പരിമിതമായിമാത്രമേ ഉള്ളൂ. ദൈവത്തിനുമാത്രമേ ഇനി ഞങ്ങളെ രക്ഷിക്കാന്‍കഴിയൂ. എല്ലാവരോടും പ്രാര്‍ഥിക്കാന്‍ പറയൂ. ആ പഴഞ്ചന്‍ സാറ്റലൈറ്റ് ഫോണില്‍നിന്ന് മെസേജയച്ചു. സെല്‍വി കൂടെയുണ്ടെന്ന കാര്യം പറഞ്ഞില്ല. ദെനാലിയില്‍ ഹെലികോപ്റ്റര്‍വഴി രക്ഷാപ്രവര്‍ത്തനം നടത്താറുണ്ട്. പക്ഷേ, കാലോ കൈയോ മുറിച്ചുകളയേണ്ട സാഹചര്യമുണ്ടായാല്‍മാത്രമേ ഹെലികോപ്റ്റര്‍ എത്തൂ. അതുകൊണ്ടാണ് സഹായം അഭ്യര്‍ഥിച്ച് റെയ്ഞ്ചര്‍ സ്റ്റേഷനിലേക്ക് വിളിക്കാതിരുന്നത്. ആ ദിവസം അങ്ങനെ പോയി.
ആരെങ്കിലും വരുമോ?
ഇതിനിടെ മലയാളം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. അങ്ങനെയിരിക്കേ , അനിശ്ചിതത്വത്തിന്റെ മലമുകളില്‍നിന്ന ഞങ്ങളെ തിരക്കി അടുത്തദിവസം ആശ്വാസത്തിന്റെ കൊടുമുടികയറ്റക്കാരെപ്പോലെ രണ്ടുപേര്‍ വന്നു. ''നിങ്ങള്‍ക്ക് എന്തെങ്കിലും സഹായംവേണോ?'' -അവര്‍ ചോദിച്ചു.
സെല്‍വിയുടെ അവസ്ഥ ഞാന്‍ വിവരിച്ചു. വരൂ, നമുക്ക് താഴേക്കിറങ്ങാം -റെയ്ഞ്ചര്‍മാര്‍ നിര്‍ദേശങ്ങള്‍ നല്‍കി. അപ്പോഴേക്കും കാറ്റിന് അല്പം ശമനംവന്നു. പതുക്കെ ഞങ്ങള്‍ തിരിച്ചിറങ്ങിത്തുടങ്ങി. സെല്‍വി പലയിടത്തും തളര്‍ന്നിരുന്നു. എങ്ങനെയും ബേസ് ക്യാമ്പില്‍ എത്തിയേ മതിയാകൂ. കേരളത്തിലെ മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനുപിന്നാലെ സംസ്ഥാനസര്‍ക്കാരും എംപിമാരും സുഹൃത്തുക്കളും നടത്തിയ ശ്രമങ്ങളുടെ ഫലമായി ദെനാലി റെയ്ഞ്ചര്‍ സ്റ്റേഷനിലേക്ക് അമേരിക്കയിലെ സിയാറ്റിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ഫോണ്‍വിളിയെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റെയ്ഞ്ചര്‍മാര്‍ ഞങ്ങളെ തിരക്കിയിറങ്ങി. ''നിങ്ങള്‍ ഖാന്റെ പാര്‍ട്ടിയാണോ?'' റെയ്ഞ്ചര്‍മാര്‍ വഴിയില്‍ക്കണ്ട എല്ലാവരോടും ചോദിച്ചു. അങ്ങനെയാണ് ഞങ്ങളെ കണ്ടുപിടിച്ചത്.
ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: 'ഇന്ത്യയില്‍ നിങ്ങളാരാ? എത്രപേരാണ് നിങ്ങള്‍ക്കുവേണ്ടി വിളിക്കുന്നത്?'
എന്റെ രാജ്യത്തെക്കുറിച്ച് എനിക്ക് വീണ്ടും അഭിമാനം തോന്നി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ദെനാലിയില്‍ ഞാനൊരു ബാനര്‍ ഉയര്‍ത്തിയിരുന്നു.
ക്യാമ്പ് നാലില്‍നിന്ന് 18 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന് ഞങ്ങള്‍ ബേസ് ക്യാമ്പിലെത്തി. ശകാരിച്ചും പിണങ്ങിയും സെല്‍വിയെ ഞാന്‍ താഴെയിറക്കി. ഒരു റോബോട്ടുപോലെയായിരുന്നു അവരുടെ ചുവടുകള്‍. ദെനാലിയില്‍ എനിക്കതല്ലാതെ മറ്റൊന്നും ചെയ്യാന്‍കഴിയുമായിരുന്നില്ല. രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ സ്വയം ഇറങ്ങിവന്നേ മതിയാകൂ. ഇല്ലെങ്കില്‍ മരണമെന്ന മനോഹരജീവിതത്തിലേക്ക് ദെനാലി ഒപ്പംകൂട്ടും. മടങ്ങിയെത്തിയ ഉടന്‍ തല്‍ക്കീത്ത്നയിലെ സ്മാരകത്തിന്റെ ചുവരുകളില്‍ പതിഞ്ഞുകിടന്ന കവിതാശകലം ഞാന്‍ ഒരിക്കല്‍ക്കൂടി വായിച്ചു.
(പന്തളം സ്വദേശിയും സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറുമായ ഷേയ്ഖ് ഹസന്‍ ഖാന്‍ ഏഴ് ഭൂഖണ്ഡങ്ങളിലായി എവറസ്റ്റ് അടക്കം ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയാണ്. ഷേയ്ഖ് ഹസന്‍ ഖാന്റെ ആരോഹണ ജീവിതം മാതൃഭൂമി ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കും.)
Content Highlights: Denalis Deadly Embrace- A Climbers Account of Survival on North America's Highest Peak
Published: 29 Jun 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented