'ഹൈ എനര്‍ജി' എന്നത് നമ്മുടെ യുവത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. എന്നാല്‍ ഈ എനര്‍ജിയെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ വേണ്ട അവസരങ്ങള്‍ വളരെ കുറവാണ്, അതുകൊണ്ടുതന്നെ ഇത് യുവാക്കളെ കൊണ്ടെത്തിക്കുന്നത് പല സാഹസികതകളിലും അപകടങ്ങളിലുമായിരിക്കും. സുരക്ഷിതമായ സാഹസികതയെ പ്രോത്സാഹിപ്പിക്കാനും, യുവത്വത്തിലെ എനര്‍ജിയെ ക്രിയാത്മകമായ രീതിയില്‍ ഉപയോഗപ്പെടുത്താനും, ദോഷകരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും യുവാക്കളെ സഹായിക്കുന്ന പ്രത്യേക പരിശീലനം നല്‍കുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളാണ് മൗണ്ടനീറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. 

To advertise here,

ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ കഴിവും, സാഹസികതയും പ്രകടിപ്പിക്കാനും, അവയെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാനും, സര്‍ട്ടിഫിക്കേഷനുകള്‍ നേടാനും, ജോലി സാധ്യത വര്‍ധിപ്പിക്കാനും, അവരുടെ എനര്‍ജി അവര്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കാനും സഹായിക്കുന്ന നിരവധി കോഴ്സുകള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും അല്ലാത്തതുമായ വിദഗ്ധരായ പരിശീലകരാണ് ഇവിടെ പരിശീലനം നല്‍കുന്നത്.

പര്‍വ്വതാരോഹണം, മൗണ്ടന്‍ റെസ്‌ക്യൂ, സാഹസിക കായിക വിനോദങ്ങളായ സ്‌കൂബ ഡൈവിങ്, പാരാഗ്ലൈഡിങ്, സ്‌പോര്‍ട്‌സ് ക്ലൈമ്പിങ്, സ്‌കിയിങ്, സൈക്ലിങ് എക്‌സ്പീഡിഷന്‍, വാട്ടര്‍ സ്‌പോട്‌സുകളായ റിവര്‍ റാഫ്റ്റിങ്, കയാക്കിങ് തുടങ്ങി നിരവധി കോഴ്സുകള്‍ ഇവിടെയുണ്ട്.

15 ദിവസം മുതല്‍ ഒരു മാസം വരെയാണ് പല കോഴ്സുകളുടെയും കാലാവധി.

ഈ കോഴ്സുകളുടെയെല്ലാം ബേസിക് മുതല്‍ അഡ്വാന്‍സ് ലെവല്‍ വരെയുള്ള പരിശീലനവും സര്‍ട്ടിഫിക്കേഷനുകളും നേടാന്‍ ഇവിടെ അവസരമുണ്ട്. സര്‍ക്കാര്‍ സംവിധാനം ആയത്‌കൊണ്ടുതന്നെ പരിശീലനം, ഭക്ഷണം, താമസം, മെറ്റിരിയലുകള്‍ എന്നിവയെല്ലാം സബ്‌സിഡിയോട് കൂടിയ ഫീസിലാണ് നല്‍കുന്നത്. ഇന്ത്യയിലെ പ്രധാന മൗണ്ടെയ്‌നറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചിലത് പരിചയപ്പെടുത്താം.

  1. നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്, ഉത്തര്‍കാശി
  2. ഹിമാലയന്‍ മൗണ്ടനീറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡാര്‍ജിലിങ്
  3. അഡല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനറിങ് ആന്‍ഡ് അലീഡ് സ്‌പോര്‍ട്‌സ്  
  4. ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനറിങ് & വിന്റര്‍ സ്‌പോര്‍ട്‌സ്
  5. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനറിങ് ആന്‍ഡ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് 
  6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് സ്‌കിയിങ് ആന്‍ഡ് മൗണ്ടനറിങ് എന്നിവയാണ് അവ. കൂടാതെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വേറെയുമുണ്ട്.

ഓരോ കോഴ്‌സിനും നല്ല ശാരീരിക ക്ഷമത ആവശ്യമാണ്, പ്രവേശനസമയത്ത് ശാരീരികമായും മാനസികമായും ആരോഗ്യവാനാണെന്ന് കാണിക്കുന്ന ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.  രാജ്യത്തിനകത്തും പുറത്തുനിന്നും ഡിമാന്റേറെയുള്ള കോഴ്‌സായതിനാല്‍ ഇപ്പോള്‍ അപേക്ഷിച്ചാല്‍ ആറ് മാസം മുതല്‍ ഒന്നോ രണ്ടോ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരിക്കും പ്രവേശനം ലഭിക്കുക. 

18 വയസ്സ് മുതല്‍ 40 വയസ്സ് വരെയാണ് മിക്ക കോഴ്സുകളുടെയും പ്രായപരിധി, ചില അഡ്വാന്‍സ് കോഴ്സുകള്‍ക്ക് ഈ പ്രായപരിധിയിലും ഉയര്‍ന്നവര്‍ക്കും അപേക്ഷിക്കാം. അപ്പോള്‍ നിങ്ങള്‍ സാഹസിക പ്രിയരാണെങ്കില്‍ ഒട്ടും താമസിപ്പിക്കാതെ വേഗം അയച്ചോളൂ