ഷ്യയുടെ തെക്കുകിഴക്കുള്ള വിയറ്റ്‌നാം എന്ന കൊച്ചുരാജ്യം ലോകജനതയെ വേദനിപ്പിച്ച് പത്രവാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന കാലമുണ്ടായിരുന്നു. വിയറ്റ്‌നാം ജനതയ്ക്ക് വളരെയേറെ നാശനഷ്ടങ്ങൾ വരുത്തിവെച്ച, ക്രൂരതകളുടെ മായാത്ത കറപുരണ്ട ഒരു യുദ്ധമായിരുന്നല്ലോ അമേരിക്ക- വിയറ്റ്‌നാം യുദ്ധം. വിയറ്റ്‌നാമിലേക്കുള്ള യാത്രയുടെ പദ്ധതികൾ രൂപപ്പെട്ടപ്പോൾത്തന്നെ, 1970-കളിൽ, എന്റെ കൗമാരകാലങ്ങളിൽ കേട്ടിരുന്ന വിയറ്റ്‌നാം യുദ്ധവും, ഗറില്ല യുദ്ധമുറയുമൊക്കെ ഒരു ഒളിമങ്ങിയ ഓർമയായി മനസ്സിലേക്കോടിയെത്തി. ഇന്നും ആ യുദ്ധകാലത്തിന്റെ, കാലം തളർത്താത്ത സ്മാരകങ്ങളാണ് സന്ദർശനത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്.

To advertise here,

2019-ലെ ക്രിസ്മസ് തലേന്ന് ഹോങ്കോങ്ങിലെ ചെക്ലപ് കോക്ക് വിമാനത്താവളത്തിൽ നിന്ന് വിയറ്റ്‌നാമിലെ ഹോചിമിൻസിറ്റി എയർപോർട്ടിലേക്ക് രാത്രി 7.50-നായിരുന്നു ഫ്‌ളൈറ്റ്. മകളും മരുമകനും എനിക്കൊപ്പമുണ്ടായിരുന്നു. രണ്ടരമണിക്കൂർ നേരത്തെ ആകാശയാത്ര. വൈദ്യുതദീപങ്ങളാൽ അലംകൃതമായ ഹോചിമിൻ സിറ്റിയുടെ ആകാശക്കാഴ്ച. വികസനത്തിന്റെ വാതായനം മലർക്കെ തുറന്നിട്ടിരിക്കുന്ന വിയറ്റ്‌നാം ഞങ്ങൾക്ക് സ്‌നേഹപൂർണമായ സ്വാഗതമരുളുകയായിരുന്നു. വിയറ്റ് ജെറ്റിൽ പൈലറ്റായ അജീഷും ഭാര്യ അമ്പിളിയും മകൾ ആസ്തയും എയർപോർട്ടിൽ ഞങ്ങളെ കാത്തുനിന്നിരുന്നു.

ഞങ്ങളുടെ താമസസ്ഥലത്തേക്ക് എയർപോർട്ടിൽനിന്ന് അരമണിക്കൂറോളം യാത്രചെയ്യേണ്ടിവന്നു. വീതിയുള്ള നിരത്തുകൾ നിറയെ ബൈക്കുകളും സ്‌കൂട്ടറുകളും പായുന്നുണ്ട്. ചെറുതും വലുതുമായ കടകളും കഫേകളും കാന്റീനുകളുമൊക്കെ നിറഞ്ഞിരിക്കുന്ന നഗരം കേരളംപോലെ തോന്നിച്ചു. മാസ്റ്ററി എന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനു മുന്നിലാണ് ഞങ്ങളുടെ ടാക്‌സി നിന്നത്. അതിൽ ടവർ അഞ്ചിലെ ഇരുപത്തിരണ്ടാംനിലയിലുള്ള ഫ്ളാറ്റ് എല്ലാ സൗകര്യവുമുള്ളതായിരുന്നു. 

ക്രിസ്മസിന് പൊതു അവധി ഇല്ലാത്ത രാജ്യമായ വിയറ്റ്‌നാമിന്റെ തെക്കുഭാഗത്തുള്ള ഹോചിമിൻ സിറ്റിയിൽ അഥവാ സായ്‌ഗോണിൽ പിറ്റേദിവസം, ഡിസംബർ 25-ന്, ഞങ്ങളുടെ ആദ്യദിവസം തുടങ്ങി. ഭക്ഷണത്തിനുശേഷം നിരത്തിൽ സുലഭമായി കണ്ടിരുന്ന വിന-സെൻ എന്ന ബോർഡുവെച്ചിട്ടുള്ള ടാക്‌സികളിലൊന്നിൽ ഞങ്ങൾ കയറി. ഇൻഡിപെൻഡൻസ് പാലസായിരുന്നു ലക്ഷ്യം. നഗരത്തിനുള്ളിൽക്കൂടി 15 മിനിറ്റ് യാത്രചെയ്ത് വിശാലമായ മുറ്റവും നടുവിൽ ജലധാരയുമുള്ള പാലസിനുമുന്നിലെത്തിച്ചേർന്നു.  ഫ്രഞ്ച് കൊളോണിയൽ വാഴ്ചയുടെ പ്രതീകമായിരുന്ന നോറോഡാം പാലസാണ് പിന്നീട് ഇൻഡിപെൻഡൻസ് പാലസായി മാറിയത്. ഈ ദേശീയസ്മാരകം 1990 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറി.

placeholder
ഇൻഡിപെൻഡൻസ് പാലസ്

ശില്പവൈദഗ്ധ്യത്തിന്റെ ഉത്തമമാതൃകയാണ് പാലസ്. കാറ്റിന്റെയും വെളിച്ചത്തിന്റെയും വെള്ളത്തിന്റെയും സൗഹാർദപരമായ ഒരു സമ്മേളനമാണ് ഇതിന്റെ പ്രത്യേകത. മൂന്നുനിലകളിൽ കറുപ്പും വെള്ളയും ടൈലുകൾ പതിച്ച കൊട്ടാരത്തിൽ വിവിധതരത്തിൽ അലങ്കരിച്ചിരിക്കുന്ന വലിയ മുറികൾ കാണാം. 1955-ൽ റോമൻ ഗ്രാൻഡ് പ്രൈസ് നേടിയ ഏക വിയറ്റ്‌നാംകാരനായ ന്യോങ് വിയറ്റ്തു എന്ന ശില്പിയാണ് കൊട്ടാരം രൂപകല്പന ചെയ്തത്. 1954 മുതൽ തെക്കൻ വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരുന്ന ന്യോങ്ദിൻ ദിയത്തിന്റെ ഔദ്യോഗികവസതിയും കൂടിയായിരുന്നു ഈ പാലസ്.  പ്രസിഡന്റിന്റെയും മറ്റ് മന്ത്രിമാരുടെയും സമ്മേളനസ്ഥലമായിരുന്ന കാബിനറ്റ് റൂം, അത്താഴവിരുന്നിനായുള്ള സ്റ്റേറ്റ് ബാങ്ക്വറ്റ് ഹാൾ, പ്രധാന അതിഥികളെ സ്വീകരിച്ചിരുന്ന പ്രസിഡൻഷ്യൽ റിസപ്ഷൻ റൂമുകൾ എന്നിവ ആകർഷകമായ ഫർണിച്ചറുകൾകൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. ഇതിൽ പ്രസിഡൻഷ്യൻ റിസപ്ഷൻ റൂമിൽ വെച്ചായിരുന്നു 1972-ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സന്റെ ദേശീയ സുരക്ഷാഉപദേഷ്ടാവ് ഹെന്റി കിസ്സിഞ്ചറും അന്നത്തെ തെക്കൻ സായ്ഗോൺ പ്രസിഡന്റായിരുന്ന ന്യുയൻ വാൻ തിയുവും തമ്മിൽ യുദ്ധവിരാമത്തിനായുള്ള കൂടിക്കാഴ്ച നടത്തിയത്. 

ബോംബാക്രമണമുണ്ടാകുമ്പോൾ പ്രസിഡന്റിനും കുടുംബത്തിനും രക്ഷപ്പെടാനായി നിർമിച്ച ബങ്കറും കൗതുകമുണർത്തി. ബങ്കറിനുള്ളിലെ വീതികുറഞ്ഞ നടവഴികൾ ഒന്നോ രണ്ടോ പേർക്ക് നടക്കാവുന്നവയായിരുന്നു. 1975-ൽ പാലസിൽ ബോംബ് വീണപ്പോൾ അന്നത്തെ പ്രസിഡന്റും കുടുംബവും ഈ ബങ്കറിനുള്ളിലാണത്രെ രക്ഷ തേടിയത്. ഒരു മുറിയിൽ നിറയെ പഴയ ടെലിപ്രിന്ററുകളും റേഡിയോകളും മറ്റു ചില ഉപകരണങ്ങളും കണ്ടു. പാലസിന്റെ മൂന്നാം നിലയിൽനിന്ന് പുറത്തേക്കുനോക്കിയാൽ കാണുന്ന ഒരു ടെറസിൽ യുദ്ധകാലത്ത് പിടികൂടിയ ഒരു അമേരിക്കൻ ഹെലികോപ്റ്റർ കിടന്നിരുന്നു. ശേഷം ഞങ്ങൾ ആ മതിൽക്കെട്ടിനുള്ളിൽത്തന്നെയുള്ള പഴയ നോറോഡാം പാലസ് കാണുവാനായി പോയി. 1870-ൽ ഫ്രഞ്ചുകാർ പണികഴിപ്പിച്ചതാണ് ഇത്. രണ്ട് നിലകളിലായി കോൺഫറൻസ് റൂം, ഡൈനിങ് റൂം, ബാൾറൂം എന്നിവയാണ് അവിടെ ഉണ്ടായിരുന്നത്. കൊച്ചിൻ ചൈനയിലെ ഫ്രഞ്ച് ഗവർണറുടെ വസതിയായിരുന്നു ആദ്യകാലങ്ങളിൽ ഈ പാലസ്. പിന്നീട് 1887 മുതൽ 1945 വരെ ഫ്രഞ്ച് ഇൻഡോചൈന ഗവർണർ ജനറലിന്റെ വസതിയും ഓഫീസുമായിരുന്നു. ഉള്ളിൽ വലിയ ഹാളിന്റെ ചുമരുകളിൽ യുദ്ധകാലത്തെക്കുറിച്ചും പ്രസിഡന്റിന്റെ ഭരണകാലത്തെക്കുറിച്ചുമൊക്കെയുള്ള വീഡിയോകൾ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയോടെ ഞങ്ങൾ ആ പാലസിനോടും വിടപറഞ്ഞു.

ഉച്ചഭക്ഷണത്തോടൊപ്പം ഞാൻ ഒരു വിയറ്റ്നാം കോഫി കുടിച്ചു. നല്ല കടുപ്പത്തിൽ ഉള്ള ടിക്വേഷൻ കോഫിയിൽ മിൽക്ക്മെയ്ഡ് ചേർത്ത് രുചി വർധിപ്പിച്ചിരുന്നു. ബെൻതാൻ എന്ന വലിയ മാർക്കറ്റ് സമുച്ചയത്തിലേക്കാണ് പിന്നീട് പോയത്.

അനേകം കൗതുകവസ്തുക്കൾ, തൊപ്പികൾ, ബാഗുകൾ, കുടകൾ, പ്രതിമകൾ, തുണിത്തരങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയവ അവിടെ വിൽപ്പനയ്ക്ക് വെച്ചിരുന്നു. വിലപേശി ഞങ്ങൾ നല്ലൊരു ഷോപ്പിങ് നടത്തി. ഒന്നര മില്യൻ ഡോങ് (നാലായിരത്തി അഞ്ഞൂറോളം ഇന്ത്യൻ രൂപ) കൊടുത്ത് മനോഹരമായ ഒരു ബുദ്ധപ്രതിമ വാങ്ങി. വിയറ്റ്നാമീസ് ഭാഷ സംസാരിക്കുന്ന വിയറ്റ്നാം ജനതയ്ക്ക് പൊതുവേ ഇംഗ്ലീഷ് വലിയ വശമില്ലാതിരുന്നതിനാൽ ഞങ്ങൾ മുറി ഇംഗ്ലീഷിലാണ് വിൽപ്പനക്കാരുമായി ആശയവിനിമയം നടത്തിയത്.

രണ്ടാംദിവസം ഹോചിമിൻ സിറ്റിയിൽ നിന്ന് എഴുപത് കി.മീ. ദൂരത്തുള്ള കുച്ചി തുരങ്കങ്ങൾ കാണുവാനായി പുറപ്പെട്ടു. നഗരത്തിലൂടെയും നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലൂടെയും ഉള്ള യാത്ര. കേരളത്തിലെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്നതുപോലെയുള്ള ചെറിയ കാന്റീനുകളും കാപ്പിക്കടകളും ചില്ലറ വിൽപ്പനശാലകളും പഴക്കടകളുമൊക്കെ ഇവിടെയും കണ്ടു. ഇളനീർ വിൽക്കുന്ന കടകൾ ഒരുപാട് ഉണ്ടായിരുന്നു. രാവിലെ പത്തുമണിക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കുച്ചി ടണൽ എന്നെഴുതിയ വലിയ കമാനം കടന്ന് ഒരു വലിയ കെട്ടിടത്തിനുമുന്നിൽ എത്തി അവസാനിച്ചു. തുരങ്കങ്ങളിലേക്ക് നയിക്കുന്ന നീണ്ട ഒരു നടവഴിയാണ് മുന്നിൽ കണ്ടത്. ഒരു വളവ് തിരിഞ്ഞപ്പോൾ നടപ്പാതയുടെ ഇരുവശവും വിമാനങ്ങളും ഹെലികോപ്റ്ററുകളും പീരങ്കിയുമൊക്കെ കണ്ടപ്പോൾ അതിശയമായി. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ പട്ടാളത്തിൽനിന്നും പിടിച്ചെടുത്തവയാണത്രെ അവ.

placeholder
യുദ്ധത്തിൽ പിടിച്ചെടുത്ത യു.എസ്.സൈനികവിമാനം

കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ ഇരുമ്പഴികളിട്ട അറകളിൽ യുദ്ധകാലത്ത് പിടിച്ചെടുക്കപ്പെട്ട, നിർവീര്യമാക്കപ്പെട്ട ബോംബുകളും വെടിയുണ്ടകളുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. കൗണ്ടറിൽനിന്ന് തുരങ്കങ്ങളിലേക്ക് കടക്കുവാനുള്ള ടിക്കറ്റുകൾ എടുത്തു. തുരങ്കങ്ങളിലേക്കുള്ള വഴി ഒരു കാട്ടുപാതയായിരുന്നു. നിറയെ വള്ളികൾ തൂങ്ങിക്കിടക്കുന്ന ചെറുമരങ്ങളായിരുന്നു ചുറ്റും. ആ പാത അവസാനിച്ചത് ഓലമേഞ്ഞ ഒരു ഹാളിന് മുന്നിലാണ്.

placeholder
യു.എസ്.സൈന്യത്തിന്റെ നിർവീര്യമാക്കപ്പെട്ട ബോംബുകളും ഷെല്ലുകളും

ഗൈഡ് വന്ന് ഞങ്ങളെ അവിടെ ഇട്ടിരുന്ന കസേരകളിൽ ഇരിക്കാൻ ക്ഷണിച്ചു. അവിടെയുള്ള സ്‌ക്രീനിൽ ഇരുപത് മിനിറ്റുള്ള ഒരു വീഡിയോ കണ്ടശേഷം തുരങ്കം കാണുവാൻ പോകാം എന്ന് സാമാന്യം നല്ല ഇംഗ്ലീഷിൽ ഗൈഡ് പറഞ്ഞു. ഗറില്ല യുദ്ധമുറയിലൂടെ വിയറ്റ്നാം ജനത അമേരിക്കൻ സൈന്യത്തെ തോൽപ്പിച്ചതെങ്ങനെയെന്ന് വിശദമാക്കുന്ന വീഡിയോ ആയിരുന്നു അത്. സ്ത്രീ പുരുഷഭേദമെന്യേ തോക്കുകൾ ഏന്തിയിരുന്ന അവരുടെ പോരാട്ടത്തെ അഭിമാനത്തോടെ കാണിച്ചുതരുന്ന ഫോട്ടോകൾ അടങ്ങിയ വീഡിയോകളായിരുന്നു എല്ലാം.

അപ്പോഴേക്കും ഹാൾ മറ്റ് ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഗൈഡിന് പുറകെ ഞങ്ങൾ വലിയൊരു സംഘമായി ആ കാട്ടുവഴിയിലൂടെ മുന്നോട്ടുനടന്നു. അല്പം നടന്നപ്പോൾ ഒരു ഭാഗത്ത് കുന്നുകൂടിക്കിടന്നിരുന്ന കരിയിലകൾക്കിടയിലെ ഒരു ബങ്കർ ഗൈഡ് കാണിച്ചുതന്നു. സിമന്റ് കൊണ്ടുണ്ടാക്കിയ ചതുരമൂടികൊണ്ട് ബങ്കർ അടച്ചിരുന്നു. ഗൈഡ് ആ മൂടി എടുത്തുമാറ്റി. ചതുരത്തിലുള്ള ചെറിയൊരു കുഴിയായിരുന്നു അത്. ആ ഇത്തിരിപ്പോന്ന വഴിക്കുള്ളിലേക്ക് ഗൈഡ് ഊർന്നിറങ്ങി. എല്ലാവരും ശ്വാസമടക്കി നോക്കിനിന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറത്തേക്കുള്ള വഴിയിലൂടെ അയാൾ മുകളിലേക്കെത്തി.

placeholder
തുരങ്കത്തിൽനിന്നു പുറത്തേയ്ക്കു വരുന്ന ഗൈഡ്‌ 

''ഇറങ്ങാൻ താത്പര്യമുള്ളവർക്കെല്ലാം ഇതിലൂടെ ഇറങ്ങാം.'' ഗൈഡ് പറഞ്ഞു. പെട്ടെന്ന് ഇന്ത്യക്കാരനെപ്പോലെ തോന്നിച്ച, തലമുടി പുറകിൽ കെട്ടിവെച്ച ഒരു ചെറുപ്പക്കാരൻ ആ ബങ്കറിനുള്ളിലേക്ക് ഇറങ്ങി. വേഗംതന്നെ മറുഭാഗത്തുകൂടി കയറിവരികയും ചെയ്തു. നല്ല വണ്ണമുള്ള ഒരു ഇംഗ്ലീഷുകാരൻ ഞെങ്ങിഞെരുങ്ങി ഇറങ്ങുന്നത് കണ്ടപ്പോൾ  തടിയുടെ കാര്യത്തിൽ തീരെ മോശമല്ലാതിരുന്ന അജീഷും ഞാനുമൊക്കെ 'ഞങ്ങൾക്കൊന്നും വയ്യേ' എന്ന മട്ടിൽ അല്പം മാറിനിന്നു. 

placeholder
തുരങ്കത്തിലേയ്ക്കുള്ള കവാടം

ഞങ്ങൾ മുന്നോട്ടേയ്ക്ക് നടന്ന് ബങ്കറിന്റെ ഏതാനും വാര ദൂരത്തുള്ള ആദ്യത്തെ തുരങ്കത്തിനടുത്തെത്തി. അതിന്റെ മുൻഭാഗം ഓലകൊണ്ടും മുളങ്കമ്പുകൊണ്ടും കെട്ടിയുയർത്തിയതായിരുന്നു. തുരങ്കങ്ങൾ പാർട്ടി ഓഫീസുകളായും ഒളിത്താവളങ്ങളായും ആവശ്യമുള്ളപ്പോൾ ആശുപത്രികളായും താമസസ്ഥലങ്ങളായുമൊക്കെ ഉപയോഗിച്ചിരുന്നു. താഴ്ചയുള്ള പടികളിലൂടെ ഓരോരുത്തരായി ഇറങ്ങി. പിന്നെ ഇരുട്ടിലൂടെ നേർത്ത വെളിച്ചം പ്രസരിച്ചിരുന്ന ഇടുങ്ങിയ വഴിയിലൂടെ തലകുനിച്ച് നിരങ്ങി, ചിലപ്പോൾ ഇഴഞ്ഞുനീങ്ങി. തുരങ്കവഴിയിലൂടെ നടന്ന് എല്ലാവരും പുറത്തുകടന്നു. പടിക്കെട്ടുകൾ കയറി മുകളിലെത്തിയപ്പോൾ ആശ്വാസമായി. രണ്ടാമത്തെ തുരങ്കം ഏതാനും വാര ദൂരത്തായിരുന്നു. അത് കടക്കാൻ ബുദ്ധിമുട്ടുള്ളതാണ് എന്ന് ഗൈഡ് പറഞ്ഞപ്പോൾ ഞാൻ പുറത്ത് നിന്നു. അതിലേക്കിറങ്ങിയ മകൾ ഐശ്വര്യ തുരങ്കത്തിനുള്ളിലൂടെയുള്ള വഴി താണ്ടാൻ കുറേക്കൂടി ബുദ്ധിമുട്ടായിരുന്നു എന്നുപറഞ്ഞു. മൂന്നാമത്തെ തുരങ്കവും അതിനടുത്തുതന്നെ. ഞാൻ അതിലേയ്ക്ക് ഇറങ്ങി. പാർട്ടി മീറ്റിങ്ങുകൾ നടന്നിരുന്ന മുറി കണ്ടു. പിന്നീട് വളരെ ഇടുങ്ങിയ ഒരു വഴിയിലൂടെ കുനിഞ്ഞിരുന്ന് നിരങ്ങി നീങ്ങി. പടിക്കെട്ടുകൾ കയറി മുകളിലെത്തിയപ്പോൾ, പുറംലോകത്തിന്റെ സുഖമറിഞ്ഞു.

കാട്ടുവഴിയിലെ കരിയിലകൾക്കിടയിൽ ഉണ്ടാക്കിവെച്ചിരുന്ന, ശത്രുക്കളെ പരിക്കേൽപ്പിക്കാനുള്ള സ്‌പൈക്ക് ട്രാപ്പ് കണ്ടു. അത് പലയിടത്തും നിർമിച്ചുവെച്ചിരുന്നു. ആ കുഴികളിൽ അറിയാതെ പതിച്ചാൽ കൂർത്തശരങ്ങൾ പോലുള്ളവയിൽ തട്ടി മാരകമായി പരിക്കേല്ക്കുമത്രെ. തുരങ്കങ്ങൾക്ക് മുകളിലായി വളർന്നുനിൽക്കുന്ന മൺപുറ്റുകൾ. വീണ്ടും അടുത്ത തുരങ്കത്തിനടുത്തെത്തി. ആ കാലത്ത് തുരങ്കങ്ങളിൽ ഒളിച്ചിരുന്നവർക്ക് ഉപയോഗിക്കാനുള്ള അടുക്കള അതിനുള്ളിലായിരുന്നു. സൂര്യപ്രകാശം അല്പാല്പമായി കടന്നെത്തിയിരുന്ന തുരങ്കത്തിനുള്ളിലെ ഇടുങ്ങിയ വഴി കടന്നപ്പോൾ ചെറിയ അടുക്കളയും എതിരായി വിറകുപുരപോലെ ഒരു മുറിയും കണ്ടു. അടുക്കളയിൽ വലിയ രണ്ട് വിറകടുപ്പുകൾ ഉണ്ടായിരുന്നു. ഒന്നിൽ ഒരു കലത്തിൽ ആരോ വെള്ളം തിളപ്പിക്കുന്നു. ഞങ്ങൾ മുകളിലേക്ക് കയറി. അവിടെ മേശകളും ബെഞ്ചുകളും നിരത്തിയിട്ടിരുന്നു. മേശയിൽ കപ്പ പുഴുങ്ങിയതും, ഉപ്പും മധുരവും ചേർത്ത എള്ളുപൊടിയും ഉണ്ടാക്കിവെച്ചിരുന്നു. ഞങ്ങൾ കപ്പ എള്ളുപൊടിയിൽ മുക്കിക്കഴിച്ചു.  

placeholder
തുരങ്കങ്ങളിലൊന്നിൽ നിന്ന് പുറത്തേയ്ക്കിറങ്ങുന്ന സഞ്ചാരി

ഒടുവിൽ തുരങ്കസഞ്ചാരം അവസാനിച്ചു. മനുഷ്യജീവിതംപോലെ ഇരുളും വെളിച്ചവും വീണുകിടക്കുന്ന തുരങ്കങ്ങളും പ്രതീക്ഷകളുടെ തുരുത്തുകൾ പോലെയുള്ള പുറംലോകവും. ഗൈഡ് അവിടെവെച്ച് ഞങ്ങളെ പിരിഞ്ഞു. സുവനീറുകൾ വിൽക്കുന്ന ഒരു കട കണ്ടു. അവിടെ ധാരാളം കൗതുകവസ്തുക്കളും തൊപ്പികളും പ്രതിമകളും വിശറികളുമൊക്കെ വിൽപ്പനയ്ക്കായി വെച്ചിരുന്നു. അവിടെ പ്രദർശിപ്പിച്ചിരുന്ന ഒരു ബോർഡിൽ കണ്ണുകൾ ഉടക്കി. തോക്കുകൾകൊണ്ട് വെടിയുതിർക്കാവുന്ന ഒരിടത്തെക്കുറിച്ച് അതിൽ എഴുതിയിരുന്നു. ധനഞ്ജയനും, അജീഷിനും താത്പര്യമായി. എ.കെ 47, എം18 തുടങ്ങിയ തോക്കുകൾകൊണ്ട് വെടിയുതിർക്കാനുള്ള വെടിയുണ്ടകൾ അവർ വാങ്ങി. വെടിയുതിർക്കുന്ന സ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോകാൻ ഒരു സ്ത്രീ തുറന്ന കാറുമായി (ബഗി) എത്തി. 

പത്തുമിനിട്ട് യാത്ര ചെയ്ത് കാർ ഒരു കെട്ടിടത്തിന് മുന്നിലെത്തി. അതിന് പുറകിലായിട്ടാണ് വെടിയുതിർക്കാനുള്ള ഇടം. ആദ്യത്തെ വെടി പൊട്ടിയപ്പോൾ ഞാൻ ഹെഡ്‌ഫോൺ വെച്ചിരുന്നില്ല. സ്‌ഫോടനം പോലെയുള്ള ഉഗ്ര ശബ്ദം കേട്ട് നടുങ്ങിപ്പോയി. 

അവിടെ നിന്ന് തിരികെ ഹോചിമിൻ സിറ്റിയിലേക്ക്. ഞങ്ങൾ തലേദിവസം കണ്ടുപിടിച്ചിരുന്ന ഒരു കഫേയിലായിരുന്നു പിറ്റേന്നത്തെ പ്രാതൽ. ഇറ്റാലിയൻ, അമേരിക്കൻ, ബ്രിട്ടീഷ്, വിയറ്റ്‌നാം മെനുവായിരുന്നു അവിടെ. വിയറ്റ്‌നാംകാരുടെ രാവിലത്തെ ആഹാരം സാധാരണയായി സൂപ്പ് ന്യൂഡിൽസാണത്രെ. നമ്മെപ്പോലെ അരിയാഹാരം കഴിക്കുന്നവരാണ് വിയറ്റ്‌നാം ജനത. കഞ്ഞി, ചോറ്, ഇലക്കറികൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം ഇതൊക്കെയാണ് അവർക്ക് പ്രിയം.

placeholder
ഗില്ലറ്റിൻ റൂം

വാർ റെമ്നന്റ്‌സ് മ്യൂസിയത്തിലേയ്ക്ക് ഞങ്ങളുടെ അപ്പാർട്ട്‌മെന്റിൽ നിന്ന് അധികദൂരം ഉണ്ടായിരുന്നില്ല.  ടിക്കറ്റെടുക്കാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു. മ്യൂസിയത്തിന്റെ മുറ്റത്ത് യുദ്ധകാലത്ത് അമേരിക്കൻ സേനയിൽനിന്നും പിടിച്ചെടുത്ത യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും പീരങ്കികളുമൊക്കെ പ്രദർശിപ്പിച്ചിരുന്നു. യുദ്ധകാല ആവശ്യങ്ങൾക്കായി ഉണ്ടാക്കിയ ജയിലാണ് മുറ്റത്ത് ഇടതുഭാഗത്ത്. ആദ്യം കയറിയ മുറി കുറ്റവാളികളെ ഗില്ലറ്റിൻ ചെയ്യാനായി ഉണ്ടാക്കിയതായിരുന്നു. കുറ്റവാളിയുടെ തല വെട്ടിമാറ്റിക്കഴിയുമ്പോൾ വേർപെട്ട ഉടൽ മാറ്റിയിടാനായി ഒരു മരക്കൂടും അവിടെ സജ്ജമാക്കിയിരുന്നു. ഏറ്റവും അവസാനം ഗില്ലറ്റിൻ ചെയ്ത ആളെക്കുറിച്ചുള്ള വിവരങ്ങൾ ചുവരിൽ എഴുതി ഒട്ടിച്ചിരുന്നു. അതിന് എതിർവശത്തായി രണ്ട് ജയിൽ മുറികൾ ഉണ്ടായിരുന്നു. എല്ലും തോലുമായി, കണ്ണുകൾ കുഴിഞ്ഞ് നിസ്സഹായരായി ഇരിക്കുന്ന മനുഷ്യപ്രതിമകൾ രണ്ട് മുറികളിലും ഉണ്ടാക്കിവെച്ചിരുന്നു. ജയിൽ ഭിത്തികളിൽ യുദ്ധകാല തടവറകളിലെ ക്രൂരമായ മർദനമുറകളെപ്പറ്റിയും, പീഡനമുറകളെപ്പറ്റിയുമൊക്കെ ഫോട്ടോകൾ സഹിതം വിശദമായി എഴുതി ഒട്ടിച്ച് വെച്ചിട്ടുണ്ട്.  

ഉള്ളിലെ ഞെട്ടൽ മാറാതെയാണ് ഞങ്ങൾ മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. മൂന്ന് നിലകളുള്ള ആ മ്യൂസിയവും യുദ്ധകാല സ്മൃതികൾ അയവിറക്കുന്നു. ഭീകരമായ യുദ്ധകാലവും, അതോടനുബന്ധിച്ചുള്ള മറ്റ് അനേകം കാര്യങ്ങളും ഫോട്ടോകളും, വിവരണങ്ങളും സഹിതം ഭിത്തിയിൽ ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു. തടവുകാരായ പുരുഷന്മാരെ നഗ്‌നരായി കിടത്തി ചാട്ടവാറുകൊണ്ട് അടിക്കുന്നതും, മറ്റനേകം ക്രൂരമായ മർദന മുറകളും ബോംബാക്രമണത്തിൽ നശിച്ച സ്ഥലങ്ങളും ശവശരീരങ്ങളും ഫോട്ടോകളിലൂടെ കണ്ടു. യുദ്ധം ഭയന്ന് ഗ്രാമത്തിൽനിന്ന് ഓടിപ്പോയ ബന്ധുജനങ്ങളെ കാത്തിരിക്കുന്ന ഒരു വൃദ്ധയുടെയും ഒരു കൊച്ചു കുട്ടിയുടെയും ചിത്രം ഉള്ളുപൊള്ളിച്ചു. 

1972-ൽ അമേരിക്ക വിയറ്റ്‌നാം പ്രവിശ്യയിൽ നാപാം ബോംബ് വർഷിച്ചപ്പോൾ ദേഹമാസകലം പൊള്ളലേറ്റ് ഓടുന്ന ഒരു പെൺകുട്ടിയുടെ ചിത്രം അവിടെ പ്രദർശിപ്പിച്ചിരുന്നു. നിക്ക് ഉട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ എടുത്ത നാപാം ഗേൾ എന്ന ആ ചിത്രം ലോകപ്രശസ്തമാണല്ലൊ.

placeholder
മാതൃഭൂമി യാത്ര വാങ്ങാം

ഏജന്റ് ഓറഞ്ച് എന്ന പേരിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വിയറ്റ്‌നാം പ്രവിശ്യകളിൽ വിതറിയ ഡയോക്‌സിൻ എന്ന മാരകമായ കെമിക്കൽ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി. അനേകായിരങ്ങളെ അംഗവിഹീനരാക്കി. ഇന്നും ആ യുദ്ധഭൂമിയിൽ ജനിക്കുന്ന കുട്ടികളിൽ പലരും അംഗവിഹീനരായിട്ടാണത്രെ പിറക്കുന്നത്. വിയറ്റ്‌നാമിന്റെ പിതാവായിരുന്ന ഹോചിമിനും, ചൈനയുടെ നേതാവായിരുന്ന മാവോ സേതുങ്ങും തമ്മിൽ ഹസ്തദാനം ചെയ്യുന്ന ഫോട്ടോയും, വിയറ്റ്‌നാം യുദ്ധം അവസാനിച്ചപ്പോൾ അന്നത്തെ പ്രസിഡന്റായിരുന്ന ന്യൂയേൻവാൻതിയുവിന്റെ ആഹ്ലാദം നിറഞ്ഞ മുഖവും വ്യത്യസ്തങ്ങളായ ചില ഫോട്ടോകളായിരുന്നു.

ഞങ്ങൾ പുറത്തിറങ്ങി. രണ്ട് കൈപ്പത്തികളും ഇല്ലാത്ത ഒരാൾ അവിടെയൊക്കെ നടന്ന് ചില പുസ്തകങ്ങൾ വിൽക്കുന്നത് കണ്ടു. 'എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് ദ വിയറ്റ്‌നാം വാർ' എന്ന പുസ്തകം ഞങ്ങളും മേടിച്ചു. മ്യൂസിയത്തിൽനിന്ന് ബെൻതാൻ മാർക്കറ്റിലേക്ക് നടന്നു. വഴിയരികിൽ ഒരു മാരിയമ്മൻ കോവിൽ കണ്ടപ്പോൾ അതിശയം തോന്നി. വിയറ്റ്‌നാമിൽ ഇന്ത്യക്കാരും പ്രത്യേകിച്ച് തമിഴരുമൊക്കെ ധാരാളമുണ്ട്. പിറ്റേദിവസം ഹോചിമിൻ സിറ്റിയോട്, യുദ്ധത്തിന്റെ ഇരുണ്ട ഓർമകളോട് ഞങ്ങൾ വിട പറഞ്ഞു.

കൈകൾ കൊണ്ട് തീർത്ത തുരങ്കം

1946 മുതൽ 1973 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും പ്രതിരോധത്തിനുമായി നിർമിച്ചതാണ് കുച്ചി തുരങ്കങ്ങൾ. 120 കിലോമീറ്ററിലേറെ നീളമുള്ള തുരങ്കങ്ങളുടെ ശൃംഖലയാണിത്. വിയറ്റ് കോങ് ​ഗറില്ലകളുടെ നേതൃത്വത്തിൽ വിയറ്റ്നാം ജനത യന്ത്രസഹായമില്ലാതെ കൈകൾകൊണ്ട് തീർത്ത തുരങ്കം ഒരു അത്ഭുതമാണ്.

placeholder
കുച്ചി തുരങ്കത്തിന്റെ മാതൃക

യുദ്ധഭൂമിയിലെ ജനങ്ങൾ പകൽ പാടത്ത് പണിയെടുക്കുകയും രാത്രി കാലങ്ങളിൽ ഒളിത്താവളങ്ങൾക്കായുള്ള തുരങ്കങ്ങൾ നിർമിക്കുവാൻ വിശ്രമമില്ലാതെ പണിയെടുക്കുകയും ചെയ്തത്രേ.

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: cu chi tunnel, vietnam travel, history of cu chi, war remnants museum ho chi min city