കുരങ്ങും കടുവയും കാടും വിട്ടൊരു ജീവിതം ചിന്തിക്കാനേ പറ്റില്ല. ഇരുപത്തി മൂന്നുകാരിയായ വന്യജീവി ഫോട്ടോ ഗ്രാഫറും മുംബൈ മലയാളിയുമായ ഐശ്വര്യ ശ്രീധറിന്. അതുകൊണ്ട് ന്യൂ മുംബൈ ഡോ.പിളള ഗ്ലോബല്‍ അക്കാദമിയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും ക്യാമറക്കണ്ണിലൂടെയുള്ള കാഴ്ചകളാണ് തന്റെ ജീവിതമെന്ന് തിരിച്ചറിയുകയാണ് ഐശ്വര്യ. അതിനായുള്ള കൂടുതല്‍ തയാറെടുപ്പുകളിലും.

Asian Lion
ഗീര്‍ വനത്തിലെ ഏഷ്യന്‍ സിംഹം

''ഇന്ത്യയില്‍ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളുടെ കൂടുതല്‍ ഫോട്ടോ എടുക്കണം. ഇതിനായി കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ കാട്ടില്‍ ഫോട്ടോകള്‍ എടുക്കണം. ഒപ്പം അതേക്കുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കുകയും വേണം.''

കാടിനോട് തോന്നിയ കൗതുകം കാട്ടിലെ ജീവികളുടെ ജീവിതം അടുത്തറിയാന്‍ തോന്നിയ ജിജ്ഞാസയുണ്ടാക്കിയത് കുട്ടിക്കാലത്താണ്. അച്ഛന്‍ ശ്രീധര്‍ രങ്കനാഥ് ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ അംഗമാണ്. അതിനാല്‍ ചെറിയ പ്രായത്തിലേ മഹാരാഷ്ട്രയിലെ രത്‌നഗിരി പോലെയുള്ള കാടുകളില്‍ ട്രക്കിങ് നടത്തി. കേരളത്തിലെ അവധിക്കാലവും കാട് കാണാനുള്ളതായിരുന്നു. പെരിയാര്‍, സൈലന്റ് വാലി തുടങ്ങിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ എട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്നേ തന്റെ കുഞ്ഞന്‍ ക്യാമറയില്‍ ഐശ്വര്യ ചിത്രങ്ങളെടുത്തു. അവധി കഴിഞ്ഞെത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ക്ക് ആദ്യ മാര്‍ക്കിടുന്നത് കൂട്ടുകാരാണ്.

Flamingos
നവി മുംബൈ തടാകത്തിലെത്തിയ ലെസ്സര്‍ ഫ്‌ളെമിംഗോകള്‍

മുതിര്‍ന്നപ്പോള്‍ ക്യാമറയിലെടു ക്കുന്ന ചിത്രങ്ങള്‍ക്ക് പുറമേ ഹ്രസ്വ ഡോക്യുമെന്ററികളും തയ്യാറാക്കി. അതിന് മുംബെ ഹൈക്കോടതിയുടെ അംഗീകാരം കിട്ടി. മുംബൈയിലെ ഉറാന്‍ എന്ന സ്ഥലത്തെക്കുറിച്ച് എടുത്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയത് നഷ്ടമായ ഹെക്ടര്‍ കണക്കിന് ചതുപ്പ് നിലങ്ങളെക്കുറിച്ചായിരുന്നു. ഇത് ബോധ്യപ്പെട്ട് ഹൈക്കോടതി ആ പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഉത്തരവിട്ടു. ഇതിന് പുറമേ ഏറ്റവും മികച്ച യുവാക്കളുടെ പ്രവര്‍ത്തനമികവിനുള്ള ബ്രിട്ടന്‍ രാജകുടുംബത്തിന്റെ അംഗീകാരവും ഐശ്വര്യയെ തേടിയെത്തി. 

''ജോലിയെന്നത് വരുമാനം മാത്രമല്ലല്ലോ. സന്തോഷവും കൊണ്ടുവരുമെന്ന് കരുതുന്നു. അങ്ങനെ വരുമ്പോള്‍ ഇത് രണ്ടും ക്യാമറ എനിക്ക് തരുന്നുണ്ട്. ഈ ജോലി കഠിനമായ ഒന്നാണെന്നതില്‍ സംശയമില്ല. കാട്ടില്‍ ദിവസങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീകളുടെ സുരക്ഷ പ്രധാനം. രണ്ടാമത് വീട്ടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ ഉറച്ച മനസ്സുണ്ടെങ്കില്‍ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ. ''ഐശ്വര്യ പറയുന്നു.

Monkey

''വനയാത്രയ്ക്കിടയില്‍ ചിലപ്പോള്‍ നല്ല ഒരു ചിത്രം കിട്ടാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. മനോഹരമായ ഫയിമുകള്‍ കിട്ടാന്‍ നല്ല ക്ഷമ വേണം. മാത്രമല്ല, പക്ഷികളേയും മൃഗങ്ങളേയും കുറിച്ച് ആഴത്തിലുള്ള അറിവും വേണം.''പാലക്കാട് കല്‍പ്പാത്തി സ്വദേശികളായ ശ്രീധര്‍ രങ്കനാഥിന്റേയും റാണി ശ്രീധറിന്റേയും മകളാണ് ഐശ്വര്യ.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Aishwarya Sridhar, Aishwarya Sridhar Photography, Women Photographer, Wildlife Photography