ദേശീയപാത 766-ലെ ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിന് 15 വയസ്സാകുകയാണ്. നിരോധനം മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീംകോടതി ഏപ്രിലില്‍ വീണ്ടും പരിഗണിക്കുമ്പോള്‍ രാത്രിയാത്ര നിരോധനം മാറ്റേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വയനാട് ജില്ല. 2009 ജൂണില്‍ കര്‍ണാടകയിലെ ചാമരാജ് നഗര്‍ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് രാത്രിയാത്ര നിരോധനമേര്‍പ്പെടുത്തിയ ബന്ദിപ്പൂര്‍ വനപാതയില്‍ ഒന്നരപ്പതിറ്റാണ്ടിനുശേഷവും നിരോധനത്തെ മറികടക്കാന്‍ കേരളത്തിനായിട്ടില്ല. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിരോധനം റദ്ദാക്കാനുള്ള കൃത്യമായ ഇടപെടലുകള്‍ കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന പരാതി തുടക്കംമുതലേയുണ്ട്. ബന്ദിപ്പൂര്‍ കടുവസങ്കേതത്തിലൂടെയുള്ള രാത്രിയാത്ര വന്യമൃഗങ്ങളുടെ സ്വതന്ത്രവിഹാരത്തിന് തടസ്സമാകുന്നെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യാത്രനിരോധനത്തിന്റെ ഉത്തരവിറങ്ങിയത്. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥലമായ സുല്‍ത്താന്‍ബത്തേരിയെയാണ് രാത്രിയാത്ര നിരോധനം ഏറ്റവും പ്രതികൂലമായി ബാധിച്ചത്. നിരോധനത്തിന്റെ 15 വര്‍ഷങ്ങള്‍ ബത്തേരിയുടെ കിതപ്പിന്റെയും കാലഘട്ടമായി.

To advertise here,

ആളൊഴിഞ്ഞ കവലയായി ബത്തേരി

കര്‍ണാടകയും തമിഴ്‌നാടുമായി ഒരുപോലെ അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക പ്രദേശമാണ് സുല്‍ത്താന്‍ബത്തേരി. രാത്രികളില്‍ വെളിച്ചമണയാതെ സജീവമായിരുന്ന ബത്തേരി പട്ടണം, രാത്രിയാത്ര നിരോധനം വന്നതോടെ ആളൊഴിഞ്ഞ കവല. മേഖലയുടെയാകെ വികസനത്തെ പിറകോട്ടടിച്ചായിരുന്നു യാത്രനിരോധനം. മലബാര്‍ മേഖലയില്‍നിന്ന് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമെത്താന്‍ ആളുകള്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പാതയായിരുന്നു ബത്തേരിയിലൂടെ കടന്നുപോകുന്ന ദേശീയപാത-766.

രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ യാത്രാനിരോധനമേര്‍പ്പെടുത്തിയതോടെ വഴിയോരക്കച്ചവടക്കാരടക്കം ഒട്ടേറെ ആളുകളെയാണ് പ്രതികൂലമായി ബാധിച്ചത്. ബത്തേരി പട്ടണത്തില്‍ മുമ്പ് ഹോട്ടലുകളും തട്ടുകടകളും പെട്ടിക്കടകളുമെല്ലാം നേരംവെളുക്കുവോളം സജീവമായിരുന്നു. ജില്ലയില്‍തന്നെ നൈറ്റ് ലൈഫ് സജീവമായിക്കൊണ്ടിരുന്ന ഏക പട്ടണമായിരുന്നു അക്കാലത്ത് ബത്തേരി. വാഹനങ്ങളും സദാസമയവും പട്ടണത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. വലിയ കുതിപ്പിലേക്കെത്തിയിരുന്ന ബത്തേരിയെ ആകെ ഉലച്ചാണ് യാത്രവിലക്കെത്തിയത്. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍നിന്ന് സഞ്ചാരികളും കൂടുതലായി ആ സമയത്ത് ബത്തേരിയിലെത്തിയിരുന്നു. ബെംഗളൂരുവില്‍നിന്ന് ഐ.ടി. പ്രൊഫഷണലുകളും വിദ്യാര്‍ഥികളുമടക്കം ഒരു ദിവസത്തെയോ വാരാന്ത്യത്തിലോ അവധിയാഘോഷത്തിനായി ഇതുവഴി എത്തുമായിരുന്നു.

ഏതുസമയവും സഞ്ചരിക്കാമായിരുന്നതിനാല്‍ കൂടുതല്‍ അവധിയെടുക്കാതെ രാത്രി വന്ന് ഒരുദിവസം വയനാട്ടില്‍ ചെലവഴിച്ച് പിറ്റേന്ന് രാത്രി തിരികെ പോകുന്ന തരത്തിലായിരുന്നു കര്‍ണാടകയില്‍നിന്ന് ഒറ്റദിവസത്തെ അവധിയാഘോഷിക്കാനെത്തുന്നവരുടെ രീതി. നിരോധനം ഇത്തരത്തിലുള്ള സഞ്ചാരികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. സഞ്ചാരികള്‍ കുറഞ്ഞത് ആ രീതിയില്‍ ലഭിച്ചിരുന്ന വരുമാനത്തേയും ബാധിച്ചു. ചരക്ക് ഗതാഗതത്തിനും തിരിച്ചടിയായി. നിരോധനത്തിനുമുമ്പ് ബത്തേരി പട്ടണം മുതല്‍ മുത്തങ്ങ, പൊന്‍കുഴി വരെ സജീവമായിരുന്നു തട്ടുകടകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍. യാത്രനിരോധനം വലിയൊരു വിഭാഗത്തിന്റെ വരുമാനമാര്‍ഗമാണ് ഇല്ലാതാക്കിയത്. ഒപ്പം ബത്തേരി മേഖലയുടെ വികസനത്തിനും വലിയ തിരിച്ചടിയുണ്ടായി. ബത്തേരിയുടെ പ്രതാപകാലമായിരുന്നു രാത്രിയാത്ര നിരോധനത്തിന് മുമ്പുണ്ടായിരുന്നത്. ഒമ്പത് മണിക്കടയ്ക്കുന്ന മൂലഹള്ളയിലെ ചെക്‌പോസ്റ്റ് കടക്കാന്‍ മരണപ്പാച്ചിലാണ് വാഹനങ്ങളിപ്പോള്‍ നടത്തുന്നത്.

പലപ്പോഴും വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇത് വഴിവെക്കുന്നു. കര്‍ണാടകയില്‍നിന്ന് ബത്തേരി ഭാഗത്തേക്കെത്തുന്നതിനും ചെക്പോസ്റ്റടയ്ക്കുന്നതിന് മുമ്പെത്താന്‍ മരണപ്പാച്ചിലിലാണ് വാഹനങ്ങള്‍. വിദ്യാര്‍ഥികളും വ്യാപാരികളുമടക്കം ഇന്നും രാത്രിയാത്രനിരോധനത്തിന്റെ ദുരിതമനുഭവിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം യാത്രനിരോധനം ബത്തേരിക്ക് ക്ഷീണമുണ്ടാക്കാനിടയായി. യാത്രനിരോധനത്തെ ബത്തേരിക്കാര്‍ ഒറ്റക്കെട്ടായാണ് നേരിട്ടത്. 2019-ല്‍ മേഖലയിലെ യുവനേതാക്കളുടെ നേതൃത്വത്തില്‍ ഐതിഹാസിക സമരം ബത്തേരിയില്‍ നടന്നു. നാടൊന്നാകെ ആ സമരത്തിലേക്കൊഴുകിയെത്തുകയും ചെയ്തു. എന്നാല്‍, സുപ്രീംകോടതിയുടെ പരിഗണനിയിലുള്ള വിഷയത്തെ സമരത്തിലൂടെ മറികടക്കാനായില്ല.

ഏപ്രിലില്‍ രാത്രിയാത്ര നിരോധനത്തെ സംബന്ധിച്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് നാടുള്ളത്. കേസില്‍ കക്ഷിയായ നീലഗിരി-വയനാട് എന്‍.എച്ച്. ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ; പക്ഷേ, വ്യക്തതയില്ല

അടിയന്തരഘട്ടങ്ങളില്‍ ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രിയില്‍ വാഹനങ്ങള്‍ കടത്തിവിടാമെന്ന കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെയുടെ പ്രഖ്യാപനം പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. അടിയന്തരസാഹചര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം കടത്തിവിടാമെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കേസില്‍ തല്‍സ്ഥിതി അറിയിക്കാന്‍ കേരള, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക മന്ത്രി രാത്രിയാത്രനിരോധനം നിലവിലുള്ള മൂലഹള്ളെ മുതല്‍ മഥൂര്‍ വരെയുള്ള ഭാഗം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയത്. എന്നാല്‍, അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന എന്തൊക്കെ രേഖകള്‍ നല്‍കണമെന്നോ ഏതൊക്കെ സാഹചര്യങ്ങളിലാണ് കടത്തിവിടുന്നതെന്നോ സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. നിലവില്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും ചുരുക്കം ബസുകള്‍ പ്രത്യേക പെര്‍മിറ്റോടുകൂടി രാത്രി കടന്നുപോകുന്നുണ്ട്.