ന്യൂഡല്‍ഹി : കോഴിക്കോട് - മൈസൂര്‍ ദേശിയ പാത കടന്ന് പോകുന്ന ബന്ദിപ്പൂര്‍ വന മേഖലയില്‍ രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാരിനും കേരള, കര്‍ണാടക സര്‍ക്കാരുകൾ ഉൾപ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

To advertise here,

സംസ്ഥാന സര്‍ക്കാരുകളുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്ക് രാത്രി സര്‍വീസ് നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കിയിട്ടുണ്ട് എന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആവശ്യമായ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ വാദം കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും എതിര്‍ത്തു. ഇരു സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കുമായി പത്ത് സര്‍വ്വീസുകളാണ് ഇപ്പോള്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി നടത്തുന്നത് എന്നും ഇരുവരും ചൂണ്ടിക്കാട്ടി.

രാത്രി യാത്ര നിരോധനം പൂര്‍ണമായും എടുത്ത് കളയണം എന്നതാണ് കേരളത്തിന്റെ നിലപാട് എന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടണം എന്ന വാദത്തെ ട്രക്ക് ഉടമകളുടെ സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അല്‍ജോ കെ ജോസഫും പിന്തുണച്ചു.

സര്‍വ്വേ തുടരുന്നുവെന്ന് റെയില്‍വേ 

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട നിലമ്പൂര്‍ നഞ്ചന്‍ഗുഡ് റെയില്‍വേ പാതയുടെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ സര്‍വേ പൂര്‍ത്തിയാക്കി ആറ് ആഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. 

സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രന്‍, അഭിഭാഷകരായ പി.എസ്. സുധീര്‍, എ കാര്‍ത്തിക്, ആബിദ് അലി ബീരാന്‍ തുടങ്ങിയവരും ഹാജരായി.