
ട്രെക്കിംഗ് ഒരിക്കലും എന്റെ സ്വപ്‌നങ്ങളിലോ ആഗ്രഹങ്ങളിലോ ഇടംപിടിച്ച ഒന്നായിരുന്നില്ല. എന്നാല്‍ ഭൂട്ടാനിലെ പാരോ ജില്ലയിലെ പ്രശസ്തമായ ബുദ്ധവിഹാരമായ ടൈഗേഴ്‌സ് നെസ്റ്റിന്റെ കാര്യം വരുമ്പോള്‍, എനിക്ക് അതെങ്ങനെ അവഗണിക്കാനാകും? ദുഷ്‌കരമായ ഭൂപ്രദേശത്തെ കുറിച്ചും ചെങ്കുത്തായ, വഴുവഴുപ്പുള്ള പാതകളെകുറിച്ചും എന്റെ ആശങ്കയുണര്‍ത്തുന്ന ആരോഗ്യസ്ഥിയെക്കുറിച്ചും മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ഞാനാ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
12 പേരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു യാത്ര. അവരില്‍ ഭൂരിഭാഗവും ഊര്‍ജ്ജസ്വലരായിരുന്നു. ശരീരഭാരം വേണ്ടുവോളമുള്ള എന്റെ ഉറ്റസുഹൃത്ത്, കാല്‍മുട്ടിന്റെ പ്രശ്നമുണ്ടായിട്ടും മുന്നിലുള്ള വെല്ലുവിളികളെ തൃണവല്‍ഗണിച്ചുകൊണ്ടുതന്നെ ഈ യാത്രയില്‍ പങ്കാളിയായി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മഴയിലേയ്ക്ക് കണ്ണുതുറന്ന പ്രഭാതത്തില്‍ തന്നെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. നിരവധി ആരാധനാലയങ്ങളും ചരിത്രപരമായ കെട്ടിടങ്ങളുമുള്ള ചരിത്ര നഗരമായ 'പാരോ'യില്‍ നിന്ന് ഒരു പാറയുടെ മുനമ്പില്‍ അപകടകരമായി സ്ഥിതി ചെയ്യുന്ന ടൈഗേഴ്‌സ് നെസ്റ്റ് എന്ന അത്ഭുതത്തിലേയ്ക്ക്.
സാഹസിക യാത്ര ആരംഭിക്കുന്നതിന് മുമ്പ്, ആശ്രമത്തെക്കുറിച്ച് കുറച്ച് പറയട്ടെ. സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാരോ തക്ത്സാങ് അഥവാ ടൈഗേഴ്സ് നെസ്റ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഒരു സന്യാസി ആശ്രമം മാത്രമല്ല, പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒന്നുകൂടിയാണ്. ഗുരു റിംപോച്ചെ എന്നറിയപ്പെടുന്ന ഗുരു പത്മസംഭവ എട്ടാം നൂറ്റാണ്ടില്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും മൂന്നാഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ഇവിടെയുള്ള ഒരു ഗുഹയില്‍ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടേക്ക് കടുവപ്പുറത്ത് വന്നതുകൊണ്ടാണ് ഈ ആശ്രമത്തിന് ടൈഗേഴ്‌സ് നെസ്റ്റ് എന്ന പേരു ലഭിച്ചത് എന്നാണ് ഐതിഹ്യം.
മഴ ശമിക്കുന്ന ലക്ഷണമൊന്നുമില്ലെങ്കിലും ട്രെക്കിങ് സ്റ്റിക്കുകള്‍ കയ്യില്‍ കരുതി ഞങ്ങള്‍ യാത്ര തുടങ്ങി. എന്റെ കൂട്ടുകാരില്‍ ചിലര്‍ മിടുക്കരായിരുന്നു. അവര്‍ കൈയില്‍ മഴക്കവറുകള്‍ കരുതിയിരുന്നു. എന്റെ കൈയിലാവട്ടെ സുഹൃത്ത് സമ്മാനിച്ച ജാക്കറ്റും തൊപ്പിയും മാത്രം. ഈ തൊപ്പി മനസ്സില്‍ പിടിച്ച ഒരു ഇറ്റാലിയന്‍ വിനോദസഞ്ചാരി എന്ന അഭിനന്ദിക്കാന്‍ മറന്നില്ല എന്ന കാര്യവും പറയണം.
ഏകദേശം 9:30 ന് ഞങ്ങള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഒരു ചാറ്റല്‍ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആവേശത്തോടെ ഞങ്ങള്‍ മുന്നോട്ടുനീങ്ങി. മലകയറ്റം കഠിനമാണെന്ന് അറിയാമായിരുന്നിട്ടും എന്റെ സുഹൃത്തും ഒരടി പിന്നോട്ടുവെച്ചില്ല. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരംഗം ഒരു പോണി കുതിരയെ വാടകയ്ക്കെടുത്തു. താമസിയാതെ ഞങ്ങളെല്ലാവരും ഞങ്ങളുടെ വഴിക്കുനീങ്ങി. ഓരാരുത്തര്‍ക്കും ഓരോ വേഗം. പയ്യേ തിന്നാല്‍ പനയും തിന്നാം എന്നതായിരുന്നു എന്റെ നയം. അങ്ങനെ പര്‍വതത്തിന്റെ അടിവാരത്ത് നിന്ന് മെല്ലെയെങ്കിലും ഉറച്ച ചുവടുകളോടെ ഞാനും യാത്ര തുടങ്ങി. ഗൈഡ് പറയുന്നതനുസരിച്ച്, മുഴുവന്‍ ഏഴ് കിലോമീറ്റര്‍ പാത താണ്ടാന്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ എടുത്തേക്കാം. പാതയോരത്ത് വീശുന്ന പലവര്‍ണ പതാകകളും പര്‍വതങ്ങളുടെയും താഴ്‌വാരങ്ങളുടെയും അതിശയക്കാഴ്ചകളുമായിരുന്നു ഞങ്ങളെ വരവേറ്റത്.
പ്രകൃതിയുടെ അഞ്ച് ഘടകങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് നിറങ്ങളിലാണ് ലങ് ധാര്‍ എന്ന ഈ പതാകകള്‍. പൈന്‍ വനത്തിലൂടെയുള്ള യാത്രയിലത്രയും ഭൂട്ടാനിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ, ഭൂട്ടാന്റെ രത്‌നം എന്നറിയപ്പെടുന്ന ടൈഗേഴ്സ് നെസ്റ്റിലെത്താനുള്ള ആവേശമായിരുന്നു. ഇളകിയ മണ്ണിലോ ചെളിയിലോ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് സാവകാശമായിരുന്നു എന്റെ സുഹൃത്തിന്റെ യാത്ര. ഏകദേശം മൂന്ന് മണിക്കൂര്‍ നടന്ന് ഞങ്ങള്‍ ഒരു കഫറ്റീരിയയിലെത്തി. ദുര്‍ഘടമായ പാതയുടെ ഏതാണ്ട് പാതിവഴിയിലാണ് ഈ കഫറ്റീരിയ. നമുക്ക് ഇവിടെ വിശ്രമിക്കാനും അടുത്ത യാത്ര തുടരുംമുന്‍പ് വയറും മനസ്സും നിറച്ച് യാത്ര തുടരാനും കഴിയും.
മനസിനെ കുളിരണിയിക്കുന്ന, ഉള്ളില്‍ ഊര്‍ജവും ഉത്സാഹവും നിറയ്ക്കുന്ന പാരോ താഴ്‌വരയുടെ കാഴ്ചകള്‍ കാരണം ഇതുവരെയുള്ള യാത്ര വലിയ ബുദ്ധിമുട്ടേറിയതായിരുന്നില്ല. ഒടുവില്‍ വ്യൂ പോയിന്റില്‍ എത്തിയപ്പോള്‍, മൂടല്‍മഞ്ഞിന്റെ മറയ്ക്കപ്പുറം എന്റെ കണ്‍മുന്നില്‍ ആശ്രമത്തിന്റെ അതിമനോഹര ദൃശ്യം ചെറുതായി തെളിഞ്ഞുവന്നു. പക്ഷേ, പെട്ടന്ന് കോടമഞ്ഞ് വന്ന് അതൊക്കെ മൂടിക്കളഞ്ഞു. എന്നിട്ടും ഞങ്ങള്‍ ആ സൗന്ദര്യത്താല്‍ മതിമറന്നു നിന്നു. യാത്രികര്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളെടുക്കുന്നത് ഇവിടെയാണ്.
ഉയരം കൂടുംതോറും താപനില കുറഞ്ഞു. വായു നേര്‍ത്തുവന്നു. യാത്ര കൂടുതല്‍ ദുഷ്‌കരമായിത്തുടങ്ങി. നമ്മള്‍ താണ്ടുന്ന ഉയരത്തെ അത് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ആശ്രമത്തിലേയ്ക്കുള്ള എന്റെ യാത്രയുടെ ഗതി ഞാന്‍ കൂട്ടി.
ഞങ്ങള്‍ ആശ്രമത്തില്‍ പ്രവേശിച്ചില്ലെങ്കിലും, അതിന്റെ ആത്മീയശക്തി അനുഭവിച്ചുതുടങ്ങിയിരുന്നു. ഞങ്ങള്‍ താഴേക്ക് പോകുമ്പോള്‍ ഒരു വെള്ളച്ചാട്ടം ഞങ്ങളുടെ മേല്‍ തണുത്ത വെള്ളം വിതറി. അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു. മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നതിനാല്‍ അവിടെ ഏറെ നേരം തങ്ങരുതെന്ന് ഗൈഡുകള്‍ മുന്നറിയിപ്പ് നല്‍കി. മടക്കയാത്ര കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകും എന്നതായിരുന്നു കാരണം. ഏകദേശം രണ്ടരയായപ്പോള്‍ ഞാനും ട്രാവൽ ബഡ്ഡിയും തിരിച്ചറിങ്ങിത്തുടങ്ങി. തെന്നിവീഴാതിരിക്കാന്‍ കൈകള്‍ മുറുകെ പിടിച്ചായിരുന്നു ഞങ്ങളുടെ തിരിച്ചിറക്കം.
ഞങ്ങള്‍ പൂര്‍ണമായും നനഞ്ഞുകഴിഞ്ഞിരുന്നു. താഴേ വീഴാതിരിക്കാന്‍ ട്രക്കിംഗ് സ്റ്റിക്കുകളായിരുന്നു ഞങ്ങള്‍ക്ക് ആശ്രയം. എന്റെ സുഹൃത്തിന് വ്യൂ പോയിന്റ് വരെ മാത്രമാണ് വരാന്‍ കഴിഞ്ഞത്. ഏകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍, ഞാന്‍ കണ്ടത് ഗൈഡും സുഹൃത്തും വഴുവഴുത്ത പാറയിലൂടെ മെല്ലെ തെന്നിനീങ്ങുന്നതാണ്. ഒരുവേള ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗൈഡിന് ഞങ്ങള്‍ രണ്ടാളുടെയും ഇടയില്‍ വന്നു നില്‍ക്കേണ്ടിയും വന്നു. നനഞ്ഞ ജാക്കറ്റ് എന്റെ സുഹൃത്തിന് വലിയൊരു ഭാരമായിക്കഴിഞ്ഞിരുന്നു. അതുമായി അവര്‍ നന്നായി ബുദ്ധിമുട്ടി. പക്ഷേ ഗൈഡും മറ്റൊരു സംഘാംഗവും അവളെ താങ്ങിപ്പിടിച്ച് സുരക്ഷിതയാക്കി.
നേരം ഇരുട്ടിത്തുടങ്ങിയതോടെ എനിക്ക് ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. എന്നെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മറ്റൊരു ഗ്രൂപ്പില്‍ ചേരാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിനെ താങ്ങാന്‍ പാടുപെടുന്ന ഞങ്ങളുടെ ഗൈഡിന് അത് സഹായകരമാവുമെന്ന് ഞാന്‍ കരുതി. ഇരുട്ടു പരന്നതോടെ വല്ലാത്തൊരു ഭയം എന്നെ വന്നു മൂടി. പെട്ടന്ന് എവിടെ നിന്നെന്നില്ലാതെ അനുസരണയുള്ള രണ്ട് നായ്ക്കള്‍ പ്രത്യക്ഷപ്പെട്ട് ഞങ്ങള്‍ക്കൊപ്പം നടക്കാന്‍ തുടങ്ങി. ഏതാണ്ട് ഞങ്ങളെ നയിക്കാന്‍ ആരോ അയച്ചത് പോലെയുണ്ടായിരുന്നു അത്. ഞങ്ങള്‍ കാട്ടിലൂടെ. അവരുടെ സൗമ്യ സാന്നിധ്യം ഞങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു ടൂര്‍ ഗ്രൂപ്പിന്റെ ഡ്രൈവര്‍ വന്ന് എന്റെ കൈ മുറുകെ പിടിച്ചു. ഇരുട്ടിലെ ഓരോ ചുവടും വെല്ലുവിളിയായിരുന്നെങ്കിലും അതൊരു വലിയ ആശ്വാസമായിരുന്നു. മൊബൈല്‍ ഫോണിന്റെ വെളിച്ചമായിരുന്നു ഞങ്ങളുടെ വഴികാട്ടി. അതാണ് മുന്നിലുള്ള പാത കാണാന്‍ ഞങ്ങള്‍ക്ക് മതിയായ വെളിച്ചം നല്‍കിയത്. നായ്ക്കള്‍ വിശ്വസ്തതരായി തന്നെ ഞങ്ങള്‍ക്കൊപ്പം കൂടി, ആ വഴിയൊക്കെ ഹൃദിസ്ഥമാണെന്ന മട്ടില്‍ ഇരുട്ടില്‍ ഞങ്ങളെ നയിച്ചു.
ഓരോ തവണയും, എന്നെ സഹായിക്കുന്ന ഭൂട്ടാന്‍കാരനോട് ഞാന്‍ ചോദിച്ചു, 'ഇനി എത്ര ദൂരം?' 'നമ്മള്‍ ഏകദേശം അവിടെ എത്തിയിരിക്കുന്നു' എന്ന് അദ്ദേഹം എനിക്ക് കൂടെക്കൂടെ ഉറപ്പുനല്‍കിക്കൊണ്ടിരുന്നു. നനഞ്ഞും കുഴമ്പു പരുവത്തിലായ മണ്ണില്‍ ആണ്ടിറങ്ങിയും എന്റെ ഷൂസ് ആകെ വൃത്തിഹീനമായി. ഞാന്‍ മുന്നോട്ട് തന്നെ നീങ്ങി. അയാളുടെ വാക്കുകള്‍ എനിക്ക് ആശ്വാസമായിരുന്നു. ഒടുവില്‍, 6:55 ഓടെ, ഞങ്ങള്‍ യാത്ര തുടങ്ങിയ ബേസ് ക്യാമ്പില്‍ നിന്നുള്ള ഒരു നേര്‍ത്ത വെട്ടം കണ്ണില്‍ പതിഞ്ഞു.
ഇനിയെത്ര ദൂരം എന്ന് ചോദിക്കുമ്പോള്‍ എന്റെ കണ്ണ് ഈറനണിഞ്ഞിരുന്നു. അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'മാഡം നമ്മള്‍ ബേസ് ക്യാമ്പില്‍ എത്തിക്കഴിഞ്ഞു'. ശ്വാസം നേരെ വീണ ഞാന്‍ ആശ്വാസത്തോടെ ഡ്രൈവറെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. കാറിനടുത്തെത്താനുള്ള തിരക്കില്‍, പക്ഷേ, അവന്റെ പേര് ചോദിക്കാന്‍ പോലും ഞാന്‍ മറന്നുപോയിരുന്നു. ക്ഷീണിതയായിരുന്നു. എന്നിട്ടും ഞാന്‍ തിരിഞ്ഞ് ഈ യാത്രയിലെ എന്റെ കൂട്ടുകാരിയെ തിരഞ്ഞു. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആകെ തളര്‍ന്ന് പരവശരായി അവരെത്തി.
ഈ സാഹസികയാത്ര എന്നും എന്റെയുള്ളിലുണ്ടാകും. അവിടുത്തെ ആത്മീയചൈതന്യം എനിക്ക് വലിയ അനുഗ്രഹമായിരുന്നു. ടൈഗേഴ്‌സ് നെസ്റ്റ് സന്ദര്‍ശനം ഒരു ഭൗതികയാത്ര മാത്രമല്ല, ഭൂട്ടാന്റെ പൈതൃകവും പ്രകൃതി സൗന്ദര്യവുമായി ഇഴുകിച്ചേരാനുള്ള അവസരം കൂടിയാണത്. എന്റെ കൈകാലുകള്‍ വേദന കൊണ്ട് പുളയുന്നുണ്ടെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ ആ അനുഭവവും ഓര്‍മകളും വല്ലാത്തൊരു നിര്‍വൃതിയായി എന്റെ ഉളളില്‍ നിറയുകയാണ്. മഴ യാത്ര കടുപ്പമേറിയതാകിയിട്ടുണ്ടാവാം. ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്താല്‍ ഞങ്ങളത് മറികടന്നു. ആ സ്വപ്‌നം സാക്ഷാത്കരിച്ചു.
Content Highlights: A thrilling trek to Tiger`s Nest Monastery in Bhutan`s Paro Valley
Published: 13 Oct 2024, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented