
ശ്വാസമടക്കിപ്പിടിച്ച് നടത്തുന്ന യാത്ര. ട്രാൻസ് ഭൂട്ടാൻ ട്രയലിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 60 വർഷത്തിന് ശേഷം ആദ്യമായി ഇങ്ങനെയൊരു യാത്ര നടത്താനൊരുങ്ങുകയാണ് അധികൃതർ. 402 കിലോമീറ്റർ ദൂരം വരുന്ന നടത്തമാണ് ട്രാൻസ് ഭൂട്ടാൻ ട്രയൽ. 9 ജില്ലകൾ, 28 പ്രാദേശിക സർക്കാരുകൾ, രണ്ട് മുനിസിപ്പാലിറ്റികൾ, ഒരു ദേശീയ ഉദ്യാനം, 400 ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ എന്നിവയെ ട്രയൽ ബന്ധിപ്പിക്കുന്നു.
2022 ഏപ്രിൽ മുതലാണ് ഈ യാത്രയാരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഈ യാത്രയിൽ പങ്കെടുക്കും. ഭൂട്ടാൻ കാനഡ ഫൗണ്ടേഷനാണ് ട്രാൻസ് ഭൂട്ടാൻ ട്രയൽ പുനസ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകിയത്. ഈ പദ്ധതിയുടെ പ്രധാന ദാതാക്കളും ഈ ഫൗണ്ടേഷൻ തന്നെ.
യാത്രക്കാർക്ക് 18 പ്രധാന പാലങ്ങൾ പര്യവേക്ഷണം ചെയ്യാനും 10000 പടികൾ കയറാനും കഴിയും. കൂടാതെ ഈ റൂട്ടിലൂടെ മൗണ്ടൻ ബൈക്കുകളെടുത്ത് സാഹസികയാത്ര നടത്താനുമാവും. കിഴക്കൻ ഹിമാലയൻ മേഖലയുടെ കാഴ്ചകളാണ് ഈ വഴിയിൽ ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നത്. സഞ്ചാരികൾക്ക് മുമ്പൊരിക്കലും അനുഭവിക്കാനാവാത്ത ഭൂട്ടാന്റെ പ്രകൃതി ഭംഗി അടുത്തറിയാനുള്ള അവസരമാണിത്.
500 വർഷത്തെ ചരിത്രമുണ്ട് പാതയ്‌ക്ക്. ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളുണ്ട് വഴിയിലുടനീളം. ടിബറ്റിലെയും ഭൂട്ടാന്റെ പടിഞ്ഞാറൻ ഭാഗത്തെയും പുണ്യസ്ഥലങ്ങളിലേക്ക് പോകുന്ന ബുദ്ധമത വിശ്വാസികളുടെ തീർത്ഥാടന പാതയായിരുന്നു ഇത്.
യാത്രയുടെ ഭാഗമായി സഞ്ചാരികൾക്ക് ഗൈഡിന്റെ സഹായത്തോടെയുള്ള നടത്തവും ബൈക്കിംഗ് ടൂറുകളും നടത്താം. അതിനായി ചില നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരിക്കണം. സഞ്ചാരികൾക്ക് കാൽനടയായി മുഴുവൻ പാതയും പര്യവേക്ഷണം ചെയ്യാം, അതിന് ഒരു മാസത്തിലധികം സമയമെടുക്കും. സാഹസികർ, ഫോട്ടോഗ്രാഫർമാർ, പക്ഷിനിരീക്ഷകർ എന്നിവർക്ക് ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായിരിക്കുമിത്.
ആത്മീയവും ആരോഗ്യപരവുമായ അനുഭവങ്ങൾ തേടുന്ന യാത്രക്കാർക്ക് ഈ പാതയും അതിലൂടെയുള്ള യാത്രയും മറക്കാനാവാത്ത അനുഭമാണ് സമ്മാനിക്കുക.
Content Highlights: Trans Bhutan Trail is reopening for travellers after 60 years, travel news malayalam
Published: 29 Jan 2022, 07:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented