മലമുകളിലൂടെ ഒരു തീവണ്ടി, താഴെ കൂറ്റൻ ദേവദാരു മരങ്ങൾ, കൈയെത്തും ദൂരത്ത് മേഘങ്ങൾ


വൈശാഖ് ജയപാലൻ

പാളത്തിനരികിലെ ഇലകളിലാകെ മഞ്ഞുതുള്ളികൾ. ദേവദാരു മരങ്ങൾ തീവണ്ടിയെ ചുറ്റിവളയുന്നതുപോലെ. മനോഹരമായ കാഴ്ചാനുഭവമാണ് കോത്തി തരുന്നത്. യാത്രക്കിടയിലെ മറ്റുസ്റ്റേഷനുകളിൽ ചിലതൊക്കെ ഇതിലും വലുതായിരുന്നു. 

വഴിയരികിലെ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ | ഫോട്ടോ: വൈശാഖ് ജയപാലൻ

കാതടപ്പിക്കുന്ന ശബ്‌ദത്തോടെ നേതാജി എക്സ്പ്രസ്സ് കൽക്കയിലെ പാളത്തിലേക്ക് നിരങ്ങി നിന്നു. ഡൽഹിയുടെ നഗരത്തിരക്കുകളെ ഒറ്റ രാത്രികൊണ്ട് പിന്നിട്ട് ഹിമാചൽ - ഹരിയാന അതിർത്തിയിലെത്തി. ഷിംലയിലേക്കുള്ള ടോയ് ട്രെയിൻ യാത്രാമോഹമാണ് വീണ്ടും ഞങ്ങളെ കൽക്കയെത്തിച്ചത്.

സൂര്യൻ ഉണരുന്നതേയുള്ളു. പുലർകാലത്തെ കുളിരിൽ ടോയ് ട്രെയിനും കാത്ത് ഞങ്ങൾ പ്ലാറ്റ്ഫോമിൽ നിന്നു. വൈകാതെ തന്നെ ട്രെയിനെത്തി, പലനിറങ്ങളുള്ള വലിയൊരു കളിപ്പാട്ടം പോലെ, ചുവപ്പും മഞ്ഞയും ഇടകലർന്ന കടലാസ് പെട്ടികളെപോലെ മനോഹരമായ കുഞ്ഞു ബോഗികൾ. അഴികളില്ലാത്ത ജനലരികിൽ ഞാൻ ഇരുന്നു. ചില്ലുവാതിൽ പതിയെ നീക്കി ഇലകളേയും കാട്ടുപൂക്കളെയും തൊട്ടു. ഇടതൂർന്ന മരങ്ങൾക്കിടയിലെ ഒറ്റവരി പാതയിലൂടെ തീവണ്ടി പുകതുപ്പി പാഞ്ഞു. നീളൻ തുരങ്കങ്ങൾ...

ബോഗിക്കുള്ളിലേക്ക് ഇരുട്ട് നിറച്ച് നൂറ്റിമൂന്ന് തുരങ്കങ്ങളുണ്ട് യാത്രയിലുടനീളം. മഴത്തുള്ളികൾ കണ്ണുകളെ നനച്ചപ്പോൾ ജനാലയിലൂടെ പുറത്തിട്ട കണ്ണുകൾ അകത്തേക്ക് വലിച്ചു. കണ്ണാടിച്ചില്ലിൽ മുഖം ചേർത്ത് മഴയും കണ്ടു.

ദി റിഡ്ജിൽ നിന്നുള്ള താഴ്വര കാഴ്ച | ഫോട്ടോ: വൈശാഖ് ജയപാലൻ

പതിറ്റാണ്ടുകൾക്ക്മുൻപ് വെള്ളക്കാർ പണിതതാണ് കൽക്ക ഷിംല നരോഗേജ് റെയിൽ പാത. പുഴയും നാടും കടന്ന് കാട്ടിലൂടെയൊരു യാത്ര. ചെങ്കുത്തായ താഴ്‌വരക്കരികിൽ കോടയിൽ പൊതിഞ്ഞ റെയിൽവേ സ്റ്റേഷനിലേക്കിറങ്ങി നിന്നു തീവണ്ടി. മലയിടുക്കുകൾ വെട്ടിയുണ്ടാക്കിയ പച്ചവിരിച്ച സ്ഥലത്ത് ചെറിയൊരു ഒറ്റനില കെട്ടിടം മാത്രം. നാട്ടുംപുറങ്ങളിലെ ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ വലിപ്പമേയുള്ളു ഈ കോത്തി റെയിൽവേ സ്റ്റേഷന്. കൊക്കയ്ക്കരികിലെ പാറകളിൽ ആളുകൾ തീവണ്ടിയും കാത്തിരിക്കുന്നു. പാളത്തിനരികിലെ ഇലകളിലാകെ മഞ്ഞുതുള്ളികൾ. ദേവദാരു മരങ്ങൾ തീവണ്ടിയെ ചുറ്റിവളയുന്നതുപോലെ. മനോഹരമായ കാഴ്ചാനുഭവമാണ് കോത്തി തരുന്നത്. യാത്രക്കിടയിലെ മറ്റുസ്റ്റേഷനുകളിൽ ചിലതൊക്കെ ഇതിലും വലുതായിരുന്നു.

തണുപ്പ് കൂടിയപ്പോൾ ഒരു ചായ കുടിച്ചു. ബാഗിൽകരുതിയ കോട്ടെടുത്തുടുത്ത് യാത്ര തുടർന്നു. വളഞ്ഞും പുളഞ്ഞും മലകൾ വലിഞ്ഞു കയറിയും മണിക്കൂറുകൾ കടന്നുപോയി. മലമുകളിലൂടെയാണിപ്പോൾ തീവണ്ടിയുടെ ഒഴുക്ക്. താഴെ കൂറ്റൻ ദേവദാരു മരങ്ങൾ. കൈയെത്തും ദൂരത്ത് മേഘങ്ങൾ. മനോഹരമായ അഞ്ചരമണിക്കൂറിനൊടുവിൽ ഞങ്ങൾ ഷിംലയിൽ.

ടോയ് ട്രെയിൻ കൽക്കയിൽ | ഫോട്ടോ: വൈശാഖ് ജയപാലൻ

കാട്ടിൽ, രാഷ്‌ട്രപതിയുടെ വീട്

കോളനിക്കാലത്തെ അവശേഷിപ്പായ വൈസ് റീഗൽ ഇന്നൊരു അത്ഭുതമാണ്. സഞ്ചാരകേന്ദ്രങ്ങളെ മാൾ റോഡുമായി ബന്ധിപ്പിക്കുന്ന ഹിമാചൽ ടൂറിസം വകുപ്പിന്റെ ട്രാവൽ സർവീസിൽ വൈസ് റീഗലിലേക്ക് തിരിച്ചു. പ്രവേശനകവാടത്തിലിറങ്ങി മുകളിലേക്ക് നടന്നു. വിജനമായ പാതയുടെ അറ്റത്ത് കോടയിൽ നിഴൽപോലെ കൂറ്റൻ കൊട്ടാരം കാണാം, ചുമരുകൾ ചാരനിറമാണ്. തൂണുകളിൽ വള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. വീതിയുള്ള നീളൻ വരാന്തക്കപ്പുറത്തെ വിശാലമായ അകത്തളത്തിൽ കൗതുക വസ്തുക്കളും ആഡംബര ഇരിപ്പിടങ്ങളും നിറഞ്ഞിരിക്കുന്നു. പച്ചവിരിച്ച മൈതാനത്തിനുനടുവിൽ കൊളോണിയൽ ശൈലിയിലെ അതിമനോഹരമായൊരു കെട്ടിടം.

ഷിംലയിലെ രാഷ്ട്രപതി നിവാസിനുമുന്നിൽ നിന്നും ചിത്രമെടുക്കുന്നവർ | ഫോട്ടോ: വൈശാഖ് ജയപാലൻ

ചുമർപൊക്കത്തിൽ അടുക്കിയ ചില്ലുപാളികൾ ഒരു കണ്ണാടി കൊട്ടാരംപോലെ തോന്നിപ്പിച്ചു. പ്രകൃതിയോട് ഇണങ്ങി, കോടയിൽ പൊതിഞ്ഞു നിൽക്കുന്നു മുന്നിലൊരു ചരിത്ര സ്മാരകം. ബ്രിട്ടീഷ് വൈസ്രോയിയുടെ ഔദ്യോഗിക വസതി ആയിരുന്നു വൈസ് റീഗൽ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അവസാനിച്ചത്തോടെ വൈസ് റീഗൽ രാഷ്‌ട്രപതി നിവാസായി മാറി. എൺപതുകൾക്ക് മുൻപ് വിരളിലെണ്ണാവുന്ന കുടിലുകൾ മാത്രമുള്ള വനമായിരുന്നു ശ്യാമളയെന്ന ഷിംല. കാടുകയറിയ വെള്ളക്കാർ സുന്ദരിയായ ശ്യാമളയെ മോഹിച്ചു. കാലങ്ങളായി മഴയും മഞ്ഞും തണുപ്പുമേറ്റ് നിൽക്കുന്ന കെട്ടിടം ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ കേന്ദ്രമാണ്.

കോട പൊതിഞ്ഞ മല

ജാഖു മലമുകളിലെ ഹനുമാൻ ക്ഷേത്രമാണ് അടുത്ത ലക്ഷ്യം. മാൾറോഡിൽ നിന്നും കാറിൽ ജാഖു ക്ഷേത്രത്തിലേക്ക്. ദേവദാരു മരങ്ങൾക്കിടയിലെ ഇടുങ്ങിയ റോഡിലൂടെ ചുരങ്ങൾ കയറി വണ്ടി മുകളിലെത്തി.

തണുപ്പ് വല്ലാതെ കൂടുന്നു. തിങ്ങിനിറഞ്ഞ ദേവദാരു മരങ്ങൾക്കിടയിലൂടെ തളിരും പൂക്കളുമൊക്കെ കണ്ട് ഹനുമാൻ ക്ഷേത്രത്തിന്റെ പടികൾ കയറി. ദൂരെ മേഘങ്ങൾക്കിടയിൽ ഹനുമാന്റെ രൂപം കാണാം.

ഷിംലയിൽ എവിടെ നിന്നാലും ദേവദാരു മരങ്ങളെക്കാളും പൊക്കത്തിൽ ഹനുമാന്റെ കൂറ്റൻ പ്രതിമ കാണാം. ഇവിടെ ഹനുമാൻ ഒരു അടയാളമാണ്, ഷിംലയുടെയും വിശ്വാസങ്ങളുടെയും. ജാഖു മലയെ കോട പുതഞ്ഞു തുടങ്ങുന്നു.

ജാഖു ക്ഷേത്രത്തിലെ കൂറ്റൻ ഹനുമാൻ പ്രതിമ | ഫോട്ടോ: വൈശാഖ് ജയപാലൻ

ഷിംലയിലെ മാൾറോഡ്

മാൾറോഡ്, യൂറോപ്യൻ തെരുവുകളെപോലെ ആർഭാടം നിറഞ്ഞ വീഥിയിലൂടെ ഞങ്ങൾ നടന്നു. റോഡിനിരുവശത്തും നിറയെ കച്ചവട സ്ഥാപനങ്ങൾ. ചിലർ ചിത്രങ്ങൾ എടുക്കുന്നു. തിരക്കേറിയ റോഡരികിൽ കൂടുതലും വൈദേശിക ഭക്ഷണശാലകളാണ്. അത് രുചിക്കാനാഗ്രഹിക്കുന്നവരുടെ കൂട്ടത്തേയും കാണാം.

മാൾ റോഡിലെ ക്രൈസ്തവ പള്ളി | ഫോട്ടോ: വൈശാഖ് ജയപാലൻ

കുതിരസവാരിയും പലവിധ വിനോദങ്ങളും തുടങ്ങി ഒരുപാടുണ്ട് മാൾ റോഡിൽ, കണ്ടാലും കേട്ടാലും കഴിച്ചാലും മതിവരാത്തത്ര. മാൾ റോഡിന്റെ ഹൃദയമായ ദി റിഡ്ജിലെത്തി. കൊളോണിയൽ സൗന്ദര്യത്തിൽ മാനം തൊട്ടുനിൽക്കുന്നു ക്രിസ്ത്യൻ പള്ളി. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ പള്ളിയാണിത്. ഇത്തരത്തിൽ ബ്രിട്ടീഷുകാർ നിർമിച്ച കൊളോണിയൽ കെട്ടിടങ്ങൾ മാൾ റോഡിൽ ധാരാളമുണ്ട്. വശ്യഭംഗിയാണ് ഈ കെട്ടിടങ്ങൾക്ക്.

മാൾറോഡരികിലെ മനോഹരമായ പൂക്കൾ | ഫോട്ടോ: വൈശാഖ് ജയപാലൻ

കൊളോണിയൽ നിർമിതിയുടെ നഗരമാണ് ഷിംല. അതത്രയും ഭംഗിയുമാണ്. രാത്രിയായാൽ മാൾ റോഡ് നിറയെ ജനങ്ങളാണ്. ഒരുത്സവമാണ് ഷിംലയിലെ രാത്രികൾ. മറ്റെവിടെയും കാണാൻ കഴിയാത്ത രാവുകൾ ഇവിടെ ഞാൻ കണ്ടു. മനോഹരമായ വീഥികളിൽ അലഞ്ഞു, ആസ്വദിച്ചു.

Content Highlights: shimla travel, kalka toy train travel, what to see in shimla and kalka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented