തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികൾക്കുള്ള വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ നേതൃമാറ്റം വേണമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി നിർദേശിക്കില്ല. ചർച്ചകളിൽ നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമായി ഉയർന്നാൽ വിഷയം പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.
സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായി പിണറായിയെ പ്രതിപക്ഷനേതാവായി നിർദേശിച്ചതിന്റെ അനുഭവം മുന്നിലുള്ളതിനാലാണ്, ഇനിയൊരു നേതൃമാറ്റം പരിഗണിക്കാൻ വിശാല സംസ്ഥാനകമ്മിറ്റിയുടെ മനസ്സറിയട്ടെയെന്നു കേന്ദ്രനേതൃത്വം കരുതുന്നത്. സംഘടനാപരമായും രാഷ്ട്രീയമായും സംഭവിച്ച ഗുരുതരമായ പിഴവുകൾ അക്കമിട്ടു നിരത്തിയ കേന്ദ്രകമ്മിറ്റി റിപ്പോർട്ട് ചർച്ചയ്ക്കൊരു വഴികാട്ടിയാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ.
മുകളിൽനിന്നൊരു നിർദേശത്തിനു മുതിരാതെ, സംസ്ഥാനത്തെ തെറ്റുതിരുത്തൽ ചർച്ചയിലെ വികാരമറിഞ്ഞശേഷം തീരുമാനിക്കാമെന്ന ധാരണയിൽ, നേതൃമാറ്റസാധ്യത കേന്ദ്രനേതാക്കൾ തള്ളുന്നുമില്ല. പിണറായിയെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കാൻ പി.ബി.യിൽ വോട്ടെടുപ്പ് വേണ്ടിവന്നതും തിരഞ്ഞെടുപ്പ് അവലോകനം ചർച്ചയായ പി.ബി. യോഗങ്ങളിൽ സംസ്ഥാനനേതൃത്വം ഒറ്റപ്പെട്ടതുമൊക്കെ കേന്ദ്രനേതൃത്വം പൂർണമായി കേരള ഘടകത്തിനൊപ്പമില്ലെന്നതിന്റെ പ്രകടമായ തെളിവായി.
വിശാല സംസ്ഥാന കമ്മിറ്റിക്ക് നേതൃമാറ്റം തീരുമാനിക്കാനുള്ള അധികാരമില്ലെന്നാണ് പാർട്ടിയിൽ ഉയർന്നിട്ടുള്ള വാദം. എന്നാൽ, സവിശേഷമായ സാഹചര്യത്തിലുള്ള സംഘടനായോഗമായതിനാൽ, തെറ്റുതിരുത്തലിന് എന്തൊക്കെ ആവാമെന്ന നിർദേശങ്ങൾ മുന്നോട്ടുവെക്കാം. അതനുസരിച്ച്, തീരുമാനം കൈക്കൊള്ളാൻ സംസ്ഥാന കമ്മിറ്റിക്കാണ് അധികാരം. ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പി.ബി. അംഗങ്ങളുടെ നിരീക്ഷണത്തിലാണ് വിശാല യോഗമെന്നതിനാൽ, കേന്ദ്രനേതൃത്വത്തിന്റെയും അംഗീകാരം തേടാം.
കേന്ദ്ര റിപ്പോർട്ടിലെ ഉന്നം മൂന്നുനേതാക്കൾ
മുഖ്യമായും മൂന്നുപേരെ കേന്ദ്രീകരിച്ചാണ് നേതൃമാറ്റ ചർച്ചകൾ. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഇവരുടെ വീഴ്ചകൾ പ്രതിഫലിപ്പിക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്. അവയിൽ പ്രധാനപ്പെട്ടവ ഇങ്ങനെ:
- പിണറായി വിജയനെമാത്രം കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം എതിരാളികൾക്ക് അവസരമൊരുക്കി
- ബി.ജെ.പി.-സി.പി.എം. ഡീൽ ആരോപണം വിജയസാധ്യതയെ ബാധിച്ചു
- ആഗോള അയ്യപ്പസംഗമത്തിൽ യു.പി. മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പാർട്ടിയുടെ മതേതര പ്രതിച്ഛായയെ ബാധിച്ചു
- ന്യൂനപക്ഷവിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനോട് ശക്തമായി പ്രതികരിക്കാതെ, വർഗീയവിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയെന്ന പ്രതീതിസൃഷ്ടിച്ചു
- മതിയായ ചർച്ച നടത്താതെയും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെയും പി.എം. ശ്രീയിൽ ഒപ്പിട്ടു
- മുൻകാലങ്ങളിലേതു പോലെ, ഭരണത്തിൽ പാർട്ടി-സർക്കാർ ഏകോപനമുണ്ടായില്ല
- സ്വർണക്കൊള്ളക്കേസിൽ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടും എ. പത്മകുമാറിനെതിരേ അച്ചടക്ക നടപടിയെടുത്തില്ല
- കണ്ണൂരിലെ സ്ഥാനാർഥിനിർണയം സംസ്ഥാനം മുഴുവൻ തെറ്റായ സന്ദേശം നൽകി. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥിനിർണയത്തിൽ വീഴ്ച.
Published: 08 Sept 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented