പയ്യന്നൂർ: പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66 ലെ ബൈപ്പാസുകൾ പൂർത്തിയായാൽ മാത്രമേ റോഡിലെ കുരുക്ക് കുറയൂ. ജില്ലയിലെ മൂന്ന്‌ പ്രധാന ബൈപ്പാസുകളുടെ പണി തീരാൻ ചുരുങ്ങിയത് ഒരുവർഷമെങ്കിലും ഇനിയുമെടുക്കും. നഗരം തൊടാതെ ദേശീയപാതയിലെ ബൈപ്പാസ് വഴി വാഹനങ്ങൾ പോയാൽ മാത്രമേ നഗരത്തിലേക്കുള്ള വാഹനത്തിരക്ക് കുറയുകയുള്ളൂ.

To advertise here,

ജില്ലയിൽ പയ്യന്നൂർ (3.82 കി.മീ.), തളിപ്പറമ്പ് (5.66 കി.മീ.), കണ്ണൂർ (14.01 കി.മീ.) എന്നീ ബൈപ്പാസുകളാണ് ദേശീയപാതയിലുള്ളത്. ഇവയുടെ പൂർത്തീകരണ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്.

നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ 2027 മാർച്ച് വരെയും തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ 2028 മാർച്ച് വരെയുമാണ് നീട്ടി നൽകിയത്. ചതുപ്പ് നിലങ്ങളിൽ പാലം (വയഡക്ട്) നിർമിക്കാനുള്ള രൂപരേഖ മാറ്റിയതിനാൽ നിലവിൽ മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് വീണ്ടും തൂണുകൾ സ്ഥാപിച്ച് പണി തുടങ്ങണം.

ദേശീയപാത കണ്ണൂർ നഗരം തൊടാതെ പോയാൽ മാത്രമേ പുതിയതെരുവും കാൽടെക്സ് ജങ്ഷനും താണയും ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടൂ. പാപ്പിനിശ്ശേരി തൊട്ട് കിഴുത്തള്ളി വഴി വരെ 14.01 കി.മീ. കിലോമീറ്റർ പാത കാൽടെക്സ് ജങ്ഷൻ തൊടാതെയാണ് പോകുന്നത്.

എന്നാൽ പുല്ലൂപ്പി ജൈവ മേഖലയിലൂടെയുള്ള ദേശീയപാതയിൽ മണ്ണിട്ട് ഉയർത്തിയതിന് പകരം വയഡക്ട് നിർമിക്കേണ്ടതിനാൽ ബൈപ്പാസിന്റെ പ്രവൃത്തി അനന്തമായി നീളും.

കാട്ടാമ്പള്ളി-പുല്ലൂപ്പി-തിലാന്നൂർ മേഖലയിൽ നിലവിൽ 400 മീറ്റർ വയഡക്ട് നിലവിലുണ്ട്. അതിനുശേഷമുള്ള 450 മീറ്ററോളം വയഡക്ടില്ല. ഇവിടെ അത് പണിയണം. സമൃദ്ധമായ കണ്ടൽക്കാടുകൾ നിലനിൽക്കുന്ന കാട്ടാമ്പള്ളി മേഖല റാംസർ സൈറ്റായി പ്രഖ്യാപിക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ള ഭാഗം കൂടിയാണ്.

തളിപ്പറമ്പ് (5.66 കി.മീ.) ബൈപ്പാസ് തളിപ്പറമ്പ് പട്ടണത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കും. ഒപ്പം കൊടുംവളവ് നിവരും. വാഹനങ്ങൾക്ക് അതിവേഗമെത്താനാകും. എന്നാൽ കുപ്പം-കീഴാറ്റൂർ-കുറ്റിക്കോൽ വയഡക്ടിന്റെ നീളം വർധിപ്പിച്ചതിനാൽ പ്രവൃത്തി വളരെ വൈകും. പയ്യന്നൂർ (3.82 കി.മീ.) ബൈപ്പാസ് പയ്യന്നൂർ പട്ടണത്തിലെ വാഹനത്തിരക്ക് കുറയ്ക്കും. കോത്തായിമുക്ക് പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ടാണ് ബൈപ്പാസ് അവസാനിക്കുന്നത്. എന്നാൽ പയ്യന്നൂർ ബൈപ്പാസിലെ പെരുമ്പ പാലത്തിന്റെ ഇരുവശവും വയഡക്ട് പുതുതായി നിർമിക്കേണ്ടതിനാൽ വാഹനം ഓടിക്കാൻ വൈകും. ദേശീയപാതയിലെ ഈ റീച്ചുകൾ 2021 ഒക്ടോബർ-നവംബറിലാണ് പ്രവൃത്തി തുടങ്ങിയത്.