തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വികസന കുതിപ്പിനും ക്ഷേമ പദ്ധതികൾക്കും ശക്തമായ അടിത്തറ പാകാൻ ആര് മാസം കൊണ്ട് സാധിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. സ്ത്രീകൾക്കുള്ള 'പ്രിയദർശിനി യാത്രാ' പദ്ധതി നടപ്പിലാക്കിയതും രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ആശാ വർക്കർമാർ, പാചക തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരുടെ വരുമാന വർധനവിനും കുടിശികകൾ തീർപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിച്ചത് ഭാവി പദ്ധതികൾക്കുള്ള അടിസ്ഥാന രേഖയായി മാറി. 'സഹാനുഭൂതിയോടു കൂടിയുള്ള സദ്ഭരണം' എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഡിസംബർ ആദ്യവാരം ഭിന്നശേഷിക്കാർക്കായുള്ള പുതിയ പദ്ധതി പ്രഖ്യാപിക്കും. രാജ്യത്തിന് മാതൃകയാകുന്ന ഭിന്നശേഷി പദ്ധതി, മുതിർന്ന പൗരന്മാരുടെ പദ്ധതി, ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസീലിയൻസ് പ്രോജക്ട് എന്നിവ സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായങ്ങൾക്കായി 'സിംഗിൾ ഡോർ സിംഗിൾ അപ്രൂവൽ' സംവിധാനം കൊണ്ടുവരുന്നതിനായി വിപ്ലവകരമായ 'സരൾ കേരളം' നിയമം പാസാക്കി. കിഫ്ബിയെ സംബന്ധിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി പഠനങ്ങൾ നടത്തുകയും അതിനെ മെയിൻ സ്ട്രീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റി വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'മിഷൻ സമുദ്ര' നടപ്പിലാക്കുന്നതിനായുള്ള മാരിടൈം നിയമം പാസാക്കുകയും കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തിന് പരമാവധി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനായി പ്ലാനിങ് ബോർഡും സെക്രട്ടറിയറ്റും മുഖേന ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ചു വരികയാണ്.

ടൂറിസം വികസനത്തിന്റെ ഭാഗമായി കൊച്ചിയിൽ ഓഷനേറിയം പദ്ധതി, അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയം, ഫിലിം സിറ്റി എന്നിവ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനുപുറമേ സിംഗപ്പൂർ എയർപോർട്ടിലുള്ളതിനേക്കാൾ ഭംഗിയുള്ള അന്താരാഷ്ട്ര ഗ്ലോബൽ കൺവെൻഷൻ സെന്റർ കൊച്ചിയിൽ സ്ഥാപിക്കാനും നടപടികൾ ആരംഭിച്ചു. വരും ആറു മാസത്തിനുള്ളിൽ പദ്ധതികളിൽ നിന്നും വലിയ മാറ്റങ്ങളും ഫലങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവൺമെന്റ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെയും ആരോഗ്യ രംഗത്തെയും ഒരു 'ഡെസ്റ്റിനേഷൻ പോയിന്റ്'ആക്കി മാറ്റുന്നതിനുള്ള ബൃഹത്തായ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തു വരികയാണെന്നും ഇവ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ 'ലെഗസി യൂണിവേഴ്‌സിറ്റികൾ' അടക്കം കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി വിശാലമായ ചർച്ചകൾ നടന്നു വരുന്നുണ്ട്. ഫ്യൂച്ചർ ടെക്‌നോളജിയിലും ഐ.ടി മേഖലയിലും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളും പുതിയ സാമ്പത്തിക മോഡലുകളും തയ്യാറാക്കിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കുന്നതിനായി 'ജനസ്പർശം' പരിപാടി ആരംഭിച്ചിട്ടുണ്ട്. ഫയലുകൾ കുന്നുകൂടുന്നതിന്റെ കാരണങ്ങൾ പഠിക്കുന്നതിനും, ഫയൽ നീക്കം വേഗത്തിലാക്കുന്നതിനും, ഒരേ കാര്യത്തിൽ ഒന്നിലധികം ഫയലുകൾ വരുന്നത് ഒഴിവാക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.