മൂന്ന് മാസം മുന്‍പാണ് നടി രാകുല്‍ പ്രീതും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയും വിവാഹിതരായത്. ദ്വീപ് രാജ്യമായ ഫിജിയില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുകയാണ് താരദമ്പതികള്‍. ഫിജിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് രാകുല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിജിയിലെ കോകോമോ പ്രൈവറ്റ് ഐലന്റ് എന്ന ബീച്ച് ഫിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചത്. 

To advertise here,

ദ്വീപിലൂടെയുള്ള ട്രക്കിങും കാട്ടിലെ വെള്ളച്ചാട്ടത്തിലെ കുളിയും കടലില്‍ സ്രാവുകള്‍ തീറ്റകൊടുക്കലുമെല്ലാമായി ഫിജി വെക്കേഷന്‍ ആഘോഷമാക്കുകയാണ് ഇരുവരും. സ്‌നോര്‍ക്കലിങ്ങും കയാക്കിങും ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിലെ മനോഹരമായ ബീച്ച് റസ്റ്റോറന്റില്‍ നിന്ന് കഴിച്ച ഫിജിയന്‍ ഭക്ഷണത്തിന്റെ വിശേഷങ്ങളും രാകുല്‍ പങ്കുവെച്ചിട്ടുണ്ട്. 

ഫിജിയിലെ പ്രധാന ആഡംബര റിസോര്‍ട്ടുകളിലൊന്നാണ് ഇവര്‍ താമസിച്ച കോകോമോ പ്രൈവറ്റ് ഐലന്‍ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ  ഒരു സ്വകാര്യ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ മനോഹരമായ സ്വകാര്യ ബീച്ചുകളും ഈ റിസോര്‍ട്ടിനോട് ചേര്‍ന്നുണ്ട്. സീപ്ലെയിനിലാണ് ദ്വീപിലേക്ക് സഞ്ചാരികളെ എത്തിക്കുക. 

2009ല്‍ ഗില്ലി എന്ന ചിത്രത്തിലൂടെയാണ് രാകുല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. 2011-ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ബോളിവുഡ് നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി. നിര്‍മാണരംഗത്ത് സജീവമായ ജാക്കി അക്ഷയ് കുമാര്‍, പൃഥ്വിരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബഡേ മിയാന്‍ ചോട്ടെ മിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്.

ഫിജി

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫിജി. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാര്‍ന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. മുന്നൂറിലേറെ ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമാണിത്. 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അഗ്‌നിപര്‍വത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രൂപപ്പെട്ടതാണ് ഫിജിയിലെ ദ്വീപുകള്‍. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായും ഫിജി അറിയപ്പെടുന്നു. 

1643ല്‍ ടാസ്മന്‍ കണ്ടെത്തിയതും 1774-ല്‍ ക്യാപ്റ്റന്‍ കുക്ക് ബ്രിട്ടീഷുകാര്‍ക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയന്‍ ദ്വീപസമൂഹം 1874-ല്‍ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളില്‍ പണിയെടുക്കുന്നതിന് അവര്‍ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയില്‍ ഇന്ത്യന്‍ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യന്‍ വംശജരാണ്. അവര്‍ ഫിജിയന്‍ കലര്‍ന്ന ഹിന്ദി സംസാരിക്കുന്നു. 

പവിഴപ്പുറ്റുകളും നീലത്തടാകങ്ങളും ചേര്‍ന്ന് ഫിജിയുടെ കടല്‍ത്തീരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. സുന്ദരകാഴ്ചകള്‍ മാത്രമല്ല സാഹസിക സഞ്ചാരികളെ കത്ത് സ്‌കൂബ ഡൈവിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. പവിഴ പുറ്റുകള്‍, മനോഹരമായ സൂര്യാസ്തമയ കാഴ്ച, ഹരിതഭംഗി, ട്രക്കിങ്, ആഢംബര റിസോര്‍ട്ടുകള്‍ എന്നിങ്ങനെ ഫിജി മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ വലുതാണ്. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ടൂറിസത്തിന് പ്രശസ്തമാണ് ഫിജി.