To advertise here,

മെയ് ഒടുവിലാണ് കൊളുക്കുമലയിലേക്ക് പോയത് . ഓഫ്‌സീസണായിരുന്നിട്ടും ജീപ്പുകളുടെ നീണ്ടനിര. വെളുപ്പിന് നാലുമണിക്കെഴുന്നേറ്റു ജീപ്പിൽ കയറിയതാണ്. ഡ്രൈവർ പാസ്സെടുത്ത് വന്നു. ഇവിടെ മുന്നൂറോളം ജീപ്പുകൾ സർവീസ് നടത്തുന്നുണ്ട്. ഒരു ജീപ്പിന് 3200 രൂപ വാടക നൽകണം. ആറു സഞ്ചാരികളെ മാത്രമേ ഒരു ജീപ്പിൽ അനുവദിക്കൂ. വഴി തിങ്ങിനിറഞ്ഞു കുതിക്കാൻ മുരണ്ടു നിൽക്കുന്ന ജീപ്പുകൾ . നീട്ടിയും കുറുക്കിയുമുള്ള ഹോണുകൾ. ഓളംവെട്ടുന്ന തട്ടുപൊളിപ്പൻ പാട്ടുകൾ... മഫ്‌ളറും തൊപ്പിയും ജാക്കറ്റുമിട്ട് കൈകൾ കൂട്ടിത്തിരുമ്മി ആവിയൂതിവിടുന്ന സഞ്ചാരിക്കൂട്ടങ്ങൾ.. ഈ താഴ്‌വരയിൽ ഇങ്ങനെ നിൽക്കുന്നതുതന്നെ നല്ല വൈബാണ്.

 

 

തൊട്ടുതൊട്ടില്ലയെന്ന മട്ടിൽ ഒരു കല്ലിൽ നിന്ന് മറ്റൊരു കല്ലിലേക്ക് ജീപ്പ് യാത്ര തുടങ്ങി. ചാട്ടത്തിലും മറിച്ചിലിലും ആകെയൊന്നുലഞ്ഞു. ആരും കമ്പിയിൽ മുറുകെ പിടിച്ചുപോകും. സൈഡ് പടുതയിട്ടിട്ടും കോടമഞ്ഞു കൂട്ടികൊണ്ടുവരുന്ന തണുപ്പ് അകത്തേക്കുവരുന്നു . സ്പീക്കറിൽ നിന്ന് തമിഴിന്റെ ചടുലതാളം . ഹാരിസൺ മലയാളത്തിന്റെ തോട്ടത്തിലൂടെ ജീപ്പ് കുലുങ്ങിത്തെറിച്ച് മുന്നോട്ടുപോയി.

വഴിയിൽ വലിയ ഉണ്ടക്കല്ലുകളാണ്. മഴ പെയ്തു ചാലുകൾ തീർത്ത വലിയ കുഴികളും. അവയിൽ തെന്നിയും വളവുകളിൽ അങ്ങോട്ടുമിങ്ങോട്ടും ചരിഞ്ഞും കയറ്റത്തിൽ പുറകോട്ടു മലർന്നും യാത്ര. ഇപ്പോൾ ഇടിക്കുമെന്ന നിലയിൽ മൺതിട്ടകളിൽ നിന്ന് വെട്ടിച്ചുമാറുന്നുണ്ട് . കിഴുക്കാംതൂക്കായ റോഡിന്റെ വിളുമ്പുകളിൽ കയറുമ്പോൾ പേടിച്ച് കണ്ണടച്ച് പോയി. കരയിലേക്കു പിടിച്ചിട്ട മീനുകൾ പോലെ ജീപ്പുകൾ ഒന്നിനു പുറകിലൊന്നായി ചാടിച്ചാടി കുതിക്കുന്നു. കയറ്റങ്ങളിൽ ചിലയിടത്ത് നിന്നുപോകുന്ന ജീപ്പുകളിലേക്ക് 'എന്നാച്ച് ' എന്ന് തിരക്കി മറുജീപ്പുകളിൽ നിന്ന് സഹായഹസ്തം നീട്ടുന്നു. വരിയൊപ്പിച്ചു പോകുന്ന മിന്നാമിനുങ്ങുകൾ പോലെ ജീപ്പുകൾ... താഴേക്ക് നോക്കുമ്പോൾ കോടമഞ്ഞിനിടയിലൂടെ മഞ്ഞ വെളിച്ചംചിതറുന്ന നൂൽരേഖകൾ. യാത്രിയിൽ മേഘങ്ങളും നമുക്കൊപ്പം സഞ്ചരിക്കുന്നതായി തോന്നും. ഒപ്പം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. മേൽത്തട്ടിലെത്തുമ്പോൾ വേറെ ലോകം, കാലം. സ്വർഗം തുറന്നിതാ, മുന്നിൽ കൊളുക്കുമല!

 

വഴിക്കിരുപുറവുമായി ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്നു. കൈകൾ തിരുമ്മി ചൂടുപിടിപ്പിച്ച് നീങ്ങുന്ന സഞ്ചാരികൾ. കോടമഞ്ഞ് അവരെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്. നിർത്തിയിട്ടിരിക്കുന്ന ജീപ്പുകൾക്കിടയിലൂടെ ഞങ്ങളുടെ ഡ്രൈവർ അനന്തു ഹോണുകൾ മുഴക്കിയും 'ഏയ് അണ്ണാ'യെന്നും വിളിച്ചു മുന്നോട്ടു പോയി. വ്യൂ പോയിന്റിന്റെ ഏറ്റവും അടുത്തുവരെ എത്തിച്ചു. അവിടെ റിഫ്രഷ്‌മെന്റ് ഏരിയയും ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. നല്ല ചൂടുചായയും കടിയും ഓംലെറ്റും നൂഡിൽസുമൊക്കെ കിട്ടും. വില ഇത്തിരി കൂടുതലാണ് . ചായയ്ക്ക് 50 രൂപ. ഉയരം കൂടുംതോറും വിലയും കടുപ്പമായി പോയി.

വ്യൂ പോയിന്റിലേക്ക് അല്പം നടക്കണം. ചെറിയ കയറ്റമാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ കൈപിടിച്ചുകൊണ്ടു മുകളിലേക്ക് കയറ്റുന്നുണ്ട്. കാറ്റാടിമുളകൊണ്ട് വേലികെട്ടിത്തിരിച്ച വ്യൂ പോയിന്റ് നിറഞ്ഞുതുടങ്ങി. അതിൽ വിദേശികളും സ്വദേശികളുമുണ്ട്. പലപല ഭാഷയിലവർ കൊളുക്കുമല കാണുന്നു. മലയുടെ അങ്ങേമുനമ്പിൽ അകലേക്കു നോക്കി 'എന്തെന്റെ സൂര്യാ ഇനിയും വരാത്തൂ ' എന്ന് ചോദിച്ചു കാത്തുനിൽപ്പാണവർ. ഉച്ചിയിൽ ചവുട്ടിനിന്ന് നോക്കുമ്പോൾ നമുക്കും തഴെയായി മേഘങ്ങൾ വെൺപരവതാനി വിരിച്ചപോലെ.

 

 

പഞ്ഞിക്കെട്ടു പോലെയുള്ള ആ മെത്തയിൽ വലിയ മലയും വിസ്തൃതമായ താഴ്‌വരയും അപ്രത്യക്ഷമാകും. ഇവിടം സ്വർഗം തന്നെ!

 

 

അലുക്കുകളിൽ സൂര്യവെളിച്ചം തട്ടി സ്വർണ്ണനിറമാകും. ആകാശം ഇരുട്ടിനെ മാറ്റി ചുവപ്പും മഞ്ഞയുമായി സൂര്യനായി കാക്കും. 6.30 - സൂര്യൻ മുഖംകാണിച്ചു. ആദ്യമായി സൂര്യനെ കണ്ടപോലെ ആരവം പിന്നിലുയർന്നു. മേഘങ്ങൾക്കിടയിലൂടെ രാജാവിനെപ്പോലെ സൂര്യൻ എഴുന്നള്ളി വരുന്നു. എന്തൊരു സൗന്ദര്യം!

മലയുടെ ചരിവിലൂടെ തണുത്ത കാറ്റ്. കാറ്റിനൊപ്പം കോടയുമൊഴുകുന്നു. കോടമഞ്ഞിന്റെ സഞ്ചാരത്തിനൊപ്പം മറഞ്ഞും തെളിഞ്ഞും പരക്കുന്ന താഴ്‌വര. അൽപ്പം കഴിഞ്ഞപ്പോൾ കോടയൊഴിഞ്ഞു. പച്ചപ്പ് കനത്തു തുടങ്ങി. വ്യൂ പോയിന്റിൽ ആളൊഴിഞ്ഞു . അവിടെ നിന്നിറങ്ങി പരമ്പരാഗത രീതിയിൽ തേയില ഉൽപ്പാദിപ്പിക്കുന്ന നൂറുവർഷത്തിലേറെ പഴക്കമുള്ള ഫാക്ടറിയിലേക്ക്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചായതോട്ടങ്ങളിൽ ഒന്നുകൂടിയാണിത്. തോട്ടത്തിന്റെ ഉടമസ്ഥത 1971 മുതൽ ശിവകാശി കേന്ദ്രമായ എ.ജെ ഗ്രൂപ്പിനാണ്. അവരുടെ സ്ഥാപനമായ കോത്തഗിരി പ്ലാന്റേഷനാണ് എസ്റ്റേറ്റ് നടത്തിപ്പ് ചുമതല. ടീ ഫാക്ടറിയിൽ പണ്ടുകാലം മുതലേയുള്ള കൊളുന്ത് ഉണക്കുന്ന ഡ്രയറും, തേയില അരിക്കുന്ന വലിയ അരിപ്പയുമെല്ലാം കാണാം. അവിടെ നിന്ന് നല്ല സ്വയമ്പൻ ചായയും കുടിച്ച് ഓർഗാനിക് ആയ തേയിലയും മേടിച്ചു മടങ്ങാം.

മലയിറക്കത്തിന്റെ പകുതിയ്ക്ക് മുൻപാണ് കാഴ്ചയുടെ അത്ഭുതമൊരുക്കി അനന്തതയിലേക്ക് ഗർജിച്ചു നിൽക്കുന്ന 'ടൈഗർ റോക്ക് '. ഗർജ്ജിച്ചു നിൽക്കുന്ന കടുവയുടെ രൂപസാദൃശ്യമുള്ള പാറ ആയതിനാലാണ് ഈ പേര് ലഭിച്ചത്.

ജീപ്പ് വഴിയിൽ പാർക്ക് ചെയ്ത് ഒറ്റയടിപ്പാതയിലൂടെ വേണം അങ്ങോട്ടെത്താൻ. ഒരാൾക്ക് സഞ്ചരിക്കാവുന്ന കുത്ത്കയറ്റം കയറി മുകളിലെത്തുമ്പോൾ അങ്ങ് താഴെ പച്ചപരവതാനിയിൽ വെച്ച തീപ്പെട്ടികൂടുപോലെ ലയങ്ങൾ . 'ആൻ മേരി കലിപ്പിലാണ്' എന്ന സിനിമയിൽ ദുൽഖർ സൽമാൻ മാലാഖമായി വരുന്ന സീൻ ഇവിടെയാണ് ഷൂട്ട് ചെയ്തത്. ടൈഗർ റോക്ക് കാണാൻ,വശങ്ങളിൽ വലിയ കൊക്കയുമായി നിൽക്കുന്ന മലയുടെ ഉയരത്തിൽ നിന്നും അല്പം താഴോട്ടിറങ്ങണം . വലിയ ഉണ്ടക്കല്ലുകൾക്കിടയിലൂടെ ബാലൻസൊപ്പിച്ചു സൂക്ഷിച്ചുവേണം അവിടേക്കെത്താൻ. വാ പിളർന്നു നിൽക്കുന്ന ടൈഗർ റോക്കിൽ കൈ എത്തിച്ചുപിടിച്ചും താഴെ നിന്നും ആളുകൾ ഫോട്ടോ എടുക്കുന്നു.

അവിടെ നിന്ന് പതുക്കെ താഴേക്ക് . ജീപ്പുകൾ ഒന്നൊന്നായി നീങ്ങി തുടങ്ങി. തിരിച്ചിറങ്ങുമ്പോൾ ഈ വഴിയിലൂടെയാണോ പോയതെന്ന് അതിശയപ്പെടും. മലയിറങ്ങി താഴെ നമ്മളെത്തുന്നത് ഹാരിസൺ മലയാളത്തിന്റെ ടീ ഫാക്ടറിയിലേക്കാണ്. അവിടെ സഞ്ചാരികളെ കാത്ത് തേയിലയും, തേനും, സുഗന്ധ വ്യഞ്ജനങ്ങളും ഉണ്ട്. ചൂട് ചായ കുടിച്ചു പാസ്സെടുത്ത് ഫാക്ടറിയുടെ അകത്തെ കാഴ്ചകൾ കാണാം. ഒരാൾക്ക് 250 രൂപ ഫീസ്.

 

(പശ്ചിമഘട്ടത്തിലെ അതിമനോഹരമായ മലനിരകളിലൊന്നാണ് കൊളുക്കുമല. ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ സൂര്യനെല്ലി ഗ്രാമത്തോട് ചേർന്ന് തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,130 അടി (2,170 മീറ്റർ) ഉയരത്തിലാണ് കൊളുക്കുമല . മനോഹരമായ സൂര്യോദയ അസ്തമയ കാഴ്ചകൾ, തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് സഫാരി, ബ്രിട്ടീഷ് കാലത്തേ ടീ ഫാക്ടറി എന്നിവയാണ് പ്രധാന ആകർഷണം. ഡിസംബർ , ജനുവരി മാസങ്ങളിൽ സീസൺ. )