
കാസർകോട്: ഉത്തരമലബാറിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. ബേക്കൽ റിസോർട്സ് ഡിവലപ്മെന്റ് കോർപ്പറേഷനാ(ബിആർഡിസി)ണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ബിആർഡിസിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം അമ്യൂസ്‌മന്റ് സെന്റർ സ്ഥാപിക്കുന്ന കാര്യമാണ് പരിഗണനയിൽ.
ഉത്തരമലബാറിലേക്ക് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഏറെക്കാലമായി ടൂറിസം വകുപ്പും ബിആർഡിസിയും ശ്രമിക്കുന്നുണ്ട്. ബേക്കൽ കോട്ടയും ബീച്ച് പാർക്കും പഞ്ചനക്ഷത്ര ഹോട്ടലുകളും പുരവഞ്ചിയാത്രയും റാണിപുരം ഹിൽ സ്റ്റേഷനുമൊക്കെയുണ്ടെങ്കിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതമാണ്.
ദുബായിലെ ‘ബുർജ് ഖലീഫ’യും സിങ്കപ്പൂരിലെ ‘യൂണിവേഴ്സൽ സ്റ്റുഡിയോസും’ ഒാസ്ട്രേലിയയിലെ ‘സിഡ്നി ഒാപ്പറ ഹൗസും’ മലേഷ്യയിലെ ‘പെട്രോണാസ് ട്വിൻ ടവറു’മൊക്കെപ്പോലൊന്ന് ഇവിടെയില്ലാത്തതാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാൻ കാരണം. ഒരു മുഖ്യ ആകർഷണമുണ്ടെങ്കിൽ അതുവെച്ച് പ്രചാരണം നടത്താം. ഇതറിഞ്ഞെത്തുന്നവർ അവിടെ സമയം ചെലവഴിച്ചശേഷം സമീപപ്രദേശങ്ങളിലുള്ള ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുമെത്തും.
ഈ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബേക്കലിൽ അമ്യൂസ്‌മെന്റ് സെന്റർ സ്ഥാപിക്കാനുള്ള പദ്ധതി. സിങ്കപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് പോലൊരു കേന്ദ്രമാണ് പരിഗണനയിൽ. പൊതുമേഖലാ സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെ നടപ്പാക്കുന്ന കാര്യവും ആലോചനയിലുണ്ട്. സർക്കാരിന്റെ അനുമതി ലഭിച്ചശേഷം സ്ഥലമേറ്റെടുപ്പ്, വിശദ പദ്ധതിരേഖ തയ്യാറാക്കൽ തുടങ്ങിയവയൊക്കെ പൂർത്തിയാക്കിവേണം പദ്ധതി യാഥാർഥ്യമാക്കുന്നതിലേക്കെത്താൻ.
കാസർകോട് ഇഷ്ട ലൊക്കേഷൻ
മുമ്പ് സിനിമാക്കാർ തിരിഞ്ഞുനോക്കാതിരുന്ന കാസർകോട് ഇന്ന് പല സിനിമാസംവിധായകരുടെയും ഇഷ്ട ലൊക്കേഷനാണ്. കാസർകോട്ട് ഷൂട്ട് ചെയ്ത ചെറിയ ബജറ്റ് സിനിമകൾപോലും വിജയിച്ചതോടെ രാശിയുള്ള ലൊക്കേഷനെന്ന പെരുമയും ലഭിച്ചു. മറ്റ് പല ലൊക്കേഷനുകളിലും റീൽസ് ചിത്രീകരിക്കുന്നവരുടെയും കാഴ്ചക്കാരുടെയും തള്ളിക്കയറ്റം കാരണം സിനിമയെടുക്കുന്നത് വലിയ പ്രയാസമായിട്ടുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.
മറ്റിടങ്ങളിൽ മൂന്ന്-നാല് മാസത്തേക്ക് ഷെഡ്യൂൾ ചെയ്യുന്ന ഷൂട്ടിങ് കാസർകോട്ടാണെങ്കിൽ രണ്ടുരണ്ടര മാസത്തിനുള്ളിൽ തീർക്കാനാകുന്നുണ്ട്. ഇത് സിനിമയുടെ നിർമാണച്ചെലവ് കുറയ്ക്കാൻ സഹായിക്കും. പ്രാദേശിക കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ ലഭ്യതയാണ് മറ്റൊരാകർഷണം.
രണ്ട് വിമാനതാവളങ്ങൾ; വന്ദേഭാരതും
വിമാനത്താവള നഗരങ്ങൾക്കുപോലും ഒരു വിമാനത്താവളത്തിന്റെ മാത്രം പ്രയോജനം ലഭിക്കുമ്പോൾ ബേക്കലിന് കണ്ണൂർ, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നേട്ടം സ്വന്തമാണ്. കണ്ണൂർ വിമാനത്താവളത്തിലേക്ക് 100 കിലോമീറ്ററും മംഗളൂരുവിലേക്ക് 70 കിലോമീറ്ററും. വന്ദേഭാരത് വന്നതോടെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും അനായാസമായി. ബേക്കലിൽനിന്ന് ഒരുമണിക്കൂർകൊണ്ട് ജില്ലയിലെവിടേക്കുമെത്താമെന്നതും നേട്ടമാണ്.
പഞ്ചനക്ഷത്ര താമസം
ഒരു പഞ്ചായത്തിൽ മൂന്ന് പഞ്ചനക്ഷത്ര റിസോർട്ടുകളുള്ള ജില്ലയാണ് കാസർകോട്. ബേക്കൽ ഉൾപ്പെടുന്ന ഉദുമ ഗ്രാമപ്പഞ്ചായത്തിനാണീ പെരുമ. ഉദുമയുടെ പടിഞ്ഞാറൻ തീരത്ത് ലളിത് റിസോർട്ട് ആൻഡ് സ്പായും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (ഐഎച്ച്സി.എൽ) കീഴിലുള്ള താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പായും പ്രവർത്തിക്കുന്നുണ്ട്. മലാംകുന്നിൽ ഐഎച്ച്സിഎല്ലിന്റെ ഗേറ്റ്‌വേ ബേക്കലും. മൂന്നിലുംകൂടി 260-ലധികം മുറികളുണ്ട്. മറ്റ് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ ഇതിനുപുറമേയാണ്. ഏത് നിലവാരത്തിലുള്ള താമസസൗകര്യവും കാസർകോട്ട് ലഭ്യമാണെന്ന് ചുരുക്കം.
‘മൈസ്’ ടൂറിസം
സംസ്ഥാനത്തെ പ്രധാന മൈസ് ടൂറിസം കേന്ദ്രമായും ബേക്കൽ മാറുകയാണ്. മൈസ് എന്നാൽ മീറ്റിങ്‌സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ് (MICE). ഔദ്യോഗിക സമ്മേളനങ്ങൾക്കും പരിപാടികൾക്കുമൊപ്പം ഇതിനെത്തുന്നവർക്ക് അല്പം വിനോദസഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. വിളിപ്പാടകലത്തിൽ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുള്ളതാണ് 'മൈസ്' ടൂറിസത്തിന് സാധ്യത തുറന്നത്. കൊച്ചിയും മൂന്നാറും തിരുവനന്തപുരവുമൊക്കെ സന്ദർശിച്ച് മടുത്തവർക്ക് ബേക്കൽ ഒരു പുതുമയാണ്.
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങും കാരവൻ പാർക്കും
സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളിലൊന്നാണ് ബേക്കൽ. ഒരുകോടി രൂപ മുതൽ മുകളിലേക്കാണ് ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ചെലവഴിക്കുന്നത്. റിസോർട്ടുകൾക്ക് പുറമേ ടൂറിസം വകുപ്പും ഇതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ബേക്കൽ ബീച്ചിൽ കാരവൻ പാർക്കും പരിഗണനയിലുണ്ട്.
Content Highlights: Bekal to get a world-class tourism amusement center, boosting tourism in North Malabar
Published: 31 Aug 2025, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented