കിളിമഞ്ജാരോ പർവതത്തിൽ കയറി ഇന്ത്യൻ ദേശീയ പതാകയുമായി നിന്ന അതേ അർജുൻ പാണ്ഡ്യൻ. ദീർഘകാലത്തെ ആഗ്രഹത്തിനൊടുവിൽ ഹെവി ലൈസൻസ് നേടുക എന്ന സ്വപ്നം സഫലമാക്കിയ, ഒട്ടേറെ മാരത്തണിലും വടംകയറ്റത്തിലും പ്രത്യക്ഷപ്പെട്ട, പാടത്തിറങ്ങി വിത്തു വിതയ്ക്കലിലും ട്രാക്ടർ ഓടിച്ച് നിലം ഉഴുതു മറിച്ചും തൃശ്ശൂരിൽ നാം കണ്ട കളക്ടർ. പൂരങ്ങളുടെ നാട്ടിൽനിന്നും കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോടിന്റെ ജില്ലാ കളക്ടറായി ചുമതലയേറ്റിരിക്കുകയാണ് അർജുൻ പാണ്ഡ്യൻ ഐഎഎസ്.

To advertise here,

മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം നേടിയ അർജുൻ പാണ്ഡ്യനെ വിട്ടുനൽകുക തൃശ്ശൂരുകാർക്ക് അത്ര എളുപ്പമായിരുന്നില്ല. അത് സൂചിപ്പിക്കുന്നതാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച തൃശ്ശൂരിൽനിന്ന് വിടവാങ്ങുന്നതിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കിട്ടിയ പ്രതികരണങ്ങൾ. പൊതുചടങ്ങുകളിൽ മാത്രമല്ല സോഷ്യൽമീഡിയയിലും സജീവമായ അർജുൻ പാണ്ഡ്യന്റെ ലേറ്റസ്റ്റ് പോസ്റ്റ് അദ്ദേഹത്തിന്റെ പുതിയ തട്ടകമായ കാസർകോട് നിന്നുമാണ്.

കാസർകോട് മുതൽ ബേക്കൽ കോട്ട വരെയുള്ള തന്റെ ഹോളിഡേ ഹാഫ് മാരത്തണിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കളക്ടർ. കാസർകോട് നിന്നും ബേക്കൽ കോട്ടയിലെ അവസാന കടവുവരെ ഓടിയാണ് അദ്ദേഹം മാരത്തൺ അവസാനിപ്പിച്ചത്. ബേക്കൽ ഫോർട്ട് 17-ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു മധ്യകാല കോട്ടയാണെന്നും കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണതെന്നും വീഡിയോക്കൊപ്പം പങ്കുവെച്ച ചെറുകുറിപ്പിൽ അദ്ദേഹം പറയുന്നു. 40 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ബേക്കൽ ഉത്തര കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കളക്ടറുടെ വീഡിയോയുടെ കമന്റ് ബോക്‌സിൽ തൃശ്ശൂരുകാരുടെ പ്രതികരണങ്ങളേറി വന്നു. തൃശ്ശൂരിലേക്ക് തിരിച്ചു വരണേ എന്നപേക്ഷിച്ചും ആളുകളുടെ പ്രതികരണങ്ങൾ കാണാം. മുമ്പും മാരത്തണുകളിൽ സജീവമായിരുന്ന അർജുൻ പാണ്ഡ്യനോട് അവിടെയും ഓട്ടമാണല്ലേ എന്ന് ചോദിച്ചു ഒരു കൂട്ടർ. കാസർകോടേക്ക് കളക്ടറെ സ്വാഗതംചെയ്തുകൊണ്ടും കമന്റുകളുണ്ട്. രണ്ട് ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റഗ്രാമിൽ കളക്ടറുടെ പുതിയ വീഡിയോ കണ്ടത്.

 

"കാസർകോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. തൃശ്ശൂർ, കാസർകോട് ജില്ലകളിലെ ജനങ്ങളുടെ സ്‌നേഹത്തിനും ആശംസകൾക്കും ഹൃദ്യമായ സ്വീകരണത്തിനും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു. നിറഞ്ഞ കൃതജ്ഞതയോടും, പുതിയ പ്രതീക്ഷകളോടും, ശക്തമായ ഉത്തരവാദിത്ത ബോധത്തോടും കൂടി പുതിയ യാത്ര ആരംഭിക്കുന്നു. ജില്ലയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് അർത്ഥവത്തും സംതൃപ്തവുമായ സേവനകാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു”- കാസർകോട് ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നതിന്റെ വീഡിയോ 2026 മാർച്ച് നാലിന് സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് അർജുൻ പാണ്ഡ്യൻ കുറിച്ചതിങ്ങനെ.

ബേക്കൽ കോട്ട 
അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബേക്കൽ കോട്ട. വടക്കേ മലബാറിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബേക്കൽ. 400 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കൽ കോട്ടയും, കോട്ടയോട് ചേർന്നുള്ള ബീച്ചും സഞ്ചാരികളെ കാസർകോട് ജില്ലയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കൽ. ദക്ഷിണ കർണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തിൽ പ്രമുഖ സ്ഥാനമാണ് ബേക്കൽ കോട്ടയ്ക്കുള്ളത്.

റോഡുമാർഗമോ ട്രെയ്‌നിലോ ഫ്‌ളൈറ്റിലോ ബേക്കലിലെത്താം. കണ്ണൂർ വിമാനത്താവളത്തിലേക്ക് 100 കിലോമീറ്ററും മംഗളൂരുവിലേക്ക് 70 കിലോമീറ്ററുമാണുള്ളത്. വന്ദേഭാരത് വന്നതോടെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും അനായാസമായി. ബേക്കലിൽനിന്ന് ഒരുമണിക്കൂർകൊണ്ട് ജില്ലയിലെവിടേക്കും എത്താനാകും.