
മനീഷ കൊയ്രാള, മണിരത്നം | ഫോട്ടോ: എഎന്‍ഐ, മാതൃഭൂമി
കാസർകോട്: ബേക്കൽ കോട്ടയുടെ ദൃശ്യഭംഗി വെള്ളിത്തിരയിലെത്തിച്ച ‘ബോംബെ’ സിനിമയുടെ 30-ാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാസർകോട്. ബേക്കൽ കോട്ടയെയും ബീച്ചിനെയും ലോക ടൂറിസം ഭൂപടത്തിലെത്തിച്ച ബേക്കൽ റിസോർട്സ് ഡിവലപ്മെന്റ് കോർപ്പറേഷന്റെ (ബിആർഡിസി)യും 30-ാം വാർഷികമാണിത്. സിനിമയുടെ സംവിധായകൻ മണിരത്നവും നായിക മനീഷാ കൊയ്‍രാളയും വാർഷികാഘോഷത്തിനെത്തും. ഡിസംബർ 20-ന് വൈകിട്ട് 4.30-ന് ബേക്കൽ ബീച്ച് പാർക്കിലാണ് പരിപാടി.
ഛായാഗ്രഹകൻ രാജീവ് മേനോനും മന്ത്രി പി.എ.മുഹമ്മദ് റിയാസും ചടങ്ങിനെത്തും. സംസ്ഥാന ടൂറിസം വകുപ്പാണ് ‘ബോംബെ’യുടെ അണിയറശില്പികളെ ബേക്കലിലെത്തിക്കുന്നത്. ബേക്കലിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പരിപാടി സഹായിക്കുമെന്ന് ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് പറഞ്ഞു.
1995-ൽ റിലീസ് ചെയ്ത ബോംബെ സിനിമയിലെ ‘ഉയിരേ...ഉയിരേ...’ എന്ന ഗാനം അക്കാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു. ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ബേക്കൽ കോട്ടയും അരവിന്ദ് സ്വാമിയുടെ ശേഖറും മനീഷയുടെ ഷൈലാ ബാനുവും ആസ്വാദകരുടെ മനസ്സിലേക്കെത്തും. മഴയും കടലും കോട്ടയും പശ്ചാത്തലമാക്കിയ ഗാനം ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലായിരുന്നു. ശേഖറിന്റെയും ഷൈലാ ബാനുവിന്റെയും വീടും തീവണ്ടിയിറങ്ങിവരുന്ന നായകൻ തോണിയിറങ്ങിവരുന്ന നായികയെ ആദ്യം കാണുന്നതും ചിത്രീകരിച്ചത് തളങ്കരയിലും. ശേഖറിന്റെയും ഷൈലാ ബാനുവിന്റെയും പ്രണയത്തിന് സാക്ഷ്യംവഹിച്ച ബേക്കലിൽ വിവാഹിതരാകാൻ പലരും ആഗ്രഹിച്ചതോടെ ഇവിടം നാടറിയുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രവുമായി. ബേക്കലിലെ വിനോദസഞ്ചാരത്തിനും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും കുതിപ്പേകാൻ താരങ്ങളെത്തുന്ന വാർഷികാഘോഷം സഹായിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.
Content Highlights: 'Bombay' Film's 30th Anniversary: Manisha Koirala & Mani Ratnam to Grace Bekal Celebrations
Published: 17 Dec 2025, 07:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented