ബനിയുടെ ഓളപ്പരപ്പില്‍ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാം. റിവര്‍ റാഫ്റ്റിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവാ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കുന്നത്. കാട്ടാന ഭീഷണിയുള്ളതിനാല്‍ കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമില്ലെങ്കിലും കബനിയിലൂടെ മുളം ചങ്ങാടത്തില്‍ ദ്വീപിനെ ചുറ്റിക്കാണാം. ഇതിനായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കുറുവയില്‍ റാഫ്റ്റിങ് നടത്തി. 

To advertise here,

മുളം ചങ്ങാടത്തിലൂടെ യാത്ര നടത്താന്‍ ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്‌. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കിയിരുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് 150 രൂപയും ഈടാക്കുന്നു. നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്‌.

കുറുവാ ദ്വീപ് അടച്ചതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്. ഇതിലൂടെ വന്‍വരുമാനമാണ് വയനാട് ജില്ലയ്ക്ക് ടൂറിസം ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. വയനാട്ടിലേക്ക് വിനോദ യാത്ര തീരുമാനിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത വിനോദ കേന്ദ്രമായും കുറുവ ദ്വീപ് വളര്‍ന്നിരുന്നു. കുറുവയുടെ പരിസരങ്ങളില്‍ കാട്ടാന ഭീതി പരത്തിയതിനെ തുടര്‍ന്നാണ്കുറുവ ഉള്‍പ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. വിനോദ സഞ്ചാര സീസണിലും ഈ കേന്ദ്രങ്ങള്‍ അടഞ്ഞു കിടന്നത് വയനാട് ടൂറിസത്തിന് വലിയ തിരിച്ചടിയായിരുന്നു. 

മുളം ചങ്ങാടത്തിലെ ഉല്ലാസയാത്ര

നന്നായി മൂത്തുവിളഞ്ഞ നൂറിലധികം കല്ലന്‍ മുളകള്‍ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് ചേര്‍ത്തുകെട്ടിയൊരു ചങ്ങാടം. കുറുവാ ദ്വിപിലെത്തുന്നവര്‍ക്കെല്ലാം ജല നിരപ്പില്‍ നിവര്‍ന്നു കിടക്കുന്ന ഈ മുളംചങ്ങാടങ്ങള്‍ വിസ്മയമാണ്. ഇതിന്റെ ചെറുപതിപ്പുകളിറക്കിയും ഇപ്പോള്‍ കുറുവ വിസ്മയിപ്പിക്കുകയാണ്.  പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ തന്നെ സ്വന്തം നിര്‍മ്മിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏത് കരയിലേക്കും വളരെ എളുപ്പം ഈ ചങ്ങാടങ്ങളുടെ ദിശമാറ്റാം. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവാണ്. ഒപ്പം മുളംന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും. നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും കഴിയും. നിയന്ത്രിച്ചുകൊണ്ടുപോകാനും എളുപ്പമാണ്. മിനുറ്റുകള്‍ മാത്രം മതി ഏതൊരാള്‍ക്കും ഇവയുടെ നിയന്ത്രണം പഠിക്കാന്‍. കാട്ടുജീവിതത്തിന്റെ താളത്തില്‍ നിന്നുമാണ് ഇതെല്ലാം പുതിയ തലമുറകള്‍ കടം കൊണ്ടത്. വനവാസികള്‍ തന്നെയാണ് കുറവാദ്വീപിനുള്ളിലെ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരായ ആദിവാസികളാണ് വഴികാട്ടികളായും ജോലിചെയ്തിരുന്നത്. 

placeholder

സാഹസിക സഞ്ചാരികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഈ റിവര്‍ റാഫ്റ്റിങ്. കുത്തൊഴുക്കുകളെ മിറകടന്ന് കുറുവയുടെ വശ്യസൗന്ദര്യം ആവോളം ആസ്വദിച്ചുള്ള യാത്രക്കായി മാത്രം നിരവധി സഞ്ചാരികള്‍ പലനാടുകളും കടന്നെത്താറുണ്ട്. കൈയ്യിലേന്തിയ വലിയ മുളകൊണ്ട് ഓളങ്ങളെ വകഞ്ഞുപോകാന്‍ ഇവിടെ വിദേശികളുമെത്തുന്നു.

പച്ചപ്പിന്റെ പാഠങ്ങള്‍

കുറുവാ ദ്വീപില്‍ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര നടത്തിപ്പിന് ഇനിയും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍. വര്‍ഷങ്ങളോളം വനംവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൈകോര്‍ത്ത് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം ഇവിടെ ടൂറിസം നടപ്പാക്കാനെന്ന് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദപരമായ സൗകര്യങ്ങള്‍ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാനും പരമാവധി അധികൃതര്‍ ശ്രദ്ധയും നല്‍കിയിരുന്നു.

കുറുവ ദ്വീപ് വിനോദ കേന്ദ്രമായതോടെ നാടിനും അതൊരു വരുമാന മാര്‍ഗ്ഗമായിരുന്നു. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നാടന്‍ ഭക്ഷണം നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ മുതല്‍ നിവധി ഹോംസ്റ്റേകളും തദ്ദേശിയരായവര്‍ നടത്തിയിരുന്നു. വന ഉത്പന്നങ്ങളുടെ വിപണിയും ഇവിടെയുണ്ടായിരുന്നു. പാല്‍വെളിച്ചം, ചേകാടി ഗ്രാമങ്ങളുടെ മുഖച്ഛായ പോലും ചുരുങ്ങിയ കാലം കൊണ്ട് മാറുകയായിരുന്നു.

നിരവധി തദ്ദേശിയരായ ആദിവാസി യുവതി യുവാക്കള്‍ക്കും കുറുവ ദ്വീപിലെ വിനോദ സഞ്ചാരം വരുമാനമാര്‍ഗ്ഗമായിരുന്നു. മഴക്കാലം കഴിയുന്നതോടെ ദ്വീപിനുള്ളില്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. ഈ വേളയിലും ദ്വീപ് തുറക്കാത്തത് ഇവര്‍ക്കെല്ലാം നിരാശ പകരുന്നു. എങ്കിലും റിവര്‍ റിവര്‍റാഫ്റ്റിങ്  ഇവര്‍ക്കെല്ലാം പ്രതീക്ഷ പകരുകയാണ്‌. കാടിനെ തൊട്ടുരമി ഒഴുകുന്ന കബനിയിലൂടെ ദ്വീപിനെ അടുത്തറിയാനും ഈ യാത്ര ഉപകരിക്കും. സഞ്ചാരികള്‍ കൂടുന്നതോടെ ചങ്ങാടങ്ങളുടെ  എണ്ണം കൂട്ടാനും പദ്ധതിയുണ്ട്.