ഏറെക്കാലമായി അടച്ചിട്ട കുറുവാദ്വീപ് നിയന്ത്രണത്തോടെ തുറക്കാന്‍ ഹൈക്കോടതി അനുമതിനല്‍കിയതില്‍ ആശ്വാസത്തിലായിരുന്നു പാല്‍വെളിച്ചം ഭാഗത്തുള്ളവര്‍. വായ്പയെടുത്തും മറ്റും തുടങ്ങിയ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ അടച്ചിട്ടതോടെ കടക്കെണിയിലായ ഇവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ദ്വീപ് തുറക്കാനുള്ള കോടതിയുത്തരവ്.

To advertise here,

എന്നാല്‍, കുറുവാദ്വീപിലേക്കുള്ള പ്രവേശനം പൂര്‍ണമായി വനംവകുപ്പിനോട് ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശംനല്‍കിയത് പാല്‍വെളിച്ചം ഭാഗത്തുള്ളവര്‍ക്ക് തിരിച്ചടിയായി. ഈ ഭാഗത്തുകൂടെ ദ്വീപിലേക്ക് പ്രവേശനമുണ്ടായില്ലെങ്കില്‍ വിനോദസഞ്ചാരികള്‍ വരുന്നത് ഇല്ലാതാവുമെന്ന ആശങ്കയാണിവര്‍ക്ക്. നവംബര്‍ ഒന്നുമുതല്‍ ദ്വീപ് തുറക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കുറുവാദ്വീപിലേക്ക് പാല്‍വെളിച്ചം ഭാഗത്തുനിന്നും പാക്കം ഭാഗത്തുനിന്നുമാണ് വര്‍ഷങ്ങളായി പ്രവേശനം നല്‍കിയിരുന്നത്. സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ലാതിരുന്ന കാലത്ത് മൂവായിരത്തിലധികം ആളുകള്‍ പാല്‍വെളിച്ചം കവാടത്തിലൂടെ മാത്രം ദ്വീപിലേക്കെത്താറുണ്ടായിരുന്നു. പിന്നീട് പ്രവേശനം പ്രതിദിനം 1150 ആയി പരിമിതപ്പെടുത്തി. പാക്കം ഭാഗത്തുനിന്നും പാല്‍വെളിച്ചം ഭാഗത്തുനിന്നും 575 പേര്‍ക്കു വീതമാണ് പ്രതിദിനം പ്രവേശനം നല്‍കിയിരുന്നത്.

പാല്‍വെളിച്ചം ഭാഗത്തുകൂടി പ്രവേശനമുണ്ടാകുമ്പോഴും പ്രവേശനടിക്കറ്റ് തുക വനംവകുപ്പുതന്നെയാണ് കൈപ്പറ്റിയിരുന്നത്. സഞ്ചാരികളോട് 110 രൂപ ഈടാക്കുമ്പോള്‍ പ്രവേശനഫീസായി 75 രൂപ വനംവകുപ്പ് എടുക്കുന്നതും പുഴകടത്തിക്കൊണ്ടുപോകാനുള്ള ചങ്ങാടത്തിന്റെ തുകയായി 35 രൂപ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും നല്‍കുന്നതായിരുന്നു രീതി. ഇതൊഴിവാക്കി പൂര്‍ണമായും പ്രവേശനം പാക്കം ഭാഗത്തുകൂടിയാക്കാനാണ് ഇപ്പോഴുള്ള തീരുമാനം.

കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച

വനസംരക്ഷണസമിതി ജീവനക്കാരന്‍ പാക്കത്തെ പോളിന്റെ മരണത്തെത്തുടര്‍ന്ന് പുല്പള്ളിയിലുണ്ടായ പ്രതിഷേധമാണ് ഇക്കോ ടൂറിസം അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതിനു കാരണമായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കുറുവാദ്വീപ് ഉള്‍പ്പെടെയുള്ള ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്. കുറുവാദ്വീപിലേക്ക് രണ്ടുവശത്തുനിന്നും പ്രവേശനമുണ്ടെന്നകാര്യം ബന്ധപ്പെട്ടവര്‍ കോടതിയെ ധരിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായതിനാലാണ് പാല്‍വെളിച്ചം ഭാഗംവഴിയുള്ള പ്രവേശനത്തെപ്പറ്റി കോടതി പരാമര്‍ശിക്കാഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വരുന്ന 11-ന് കുറുവാദ്വീപ് പ്രവേശനവുമായി ബന്ധപ്പെട്ട് വീണ്ടും സിറ്റിങ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതില്‍ ജനപ്രതിധികളും കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ച് പാല്‍വെളിച്ചം ഭാഗത്തുകൂടി മുന്‍പത്തെപ്പോലെ പ്രവേശിക്കാന്‍ അനുമതിതേടണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.

ഇനി പ്രവേശനം 400 പേര്‍ക്ക്

കുറുവാദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട് കോടതി വിവരങ്ങള്‍ തേടിയിരുന്നു. സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ 800 പേരെ പ്രവേശിപ്പിക്കാന്‍ അനുമതിനല്‍കണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ നാനൂറുപേരെ പ്രവേശിപ്പിക്കാനാണ് ഇപ്പോള്‍ കോടതി അനുമതിനല്‍കിയിട്ടുള്ളത്.

ഡി.ടി.പി.സി.ക്ക് ആകെയുള്ള വരുമാനം ചങ്ങാടസവാരി

പാല്‍വെളിച്ചം ഭാഗത്തെത്തുന്ന സഞ്ചാരികളെ ചങ്ങാടത്തില്‍ പുഴയ്ക്ക് അക്കരെയെത്തിക്കുന്നതും കബനിയിലൂടെയുള്ള ചങ്ങാടസവാരിയുമാണ് ഡി.ടി.പി.സി.ക്ക് ആകെയുള്ള വരുമാനം. കബനിയിലൂടെയുള്ള അരമണിക്കൂറിന് രണ്ടുപേര്‍ക്ക് ഇരുനൂറുരൂപയും അഞ്ചുപേര്‍ക്ക് നാനൂറുരൂപയുമാണ് ഈടാക്കുന്നത്. കൂടുതലുള്ള ഓരോപേര്‍ക്കും നൂറുരൂപവീതം അധികം നല്‍കണം. ഒരേസമയം പത്തുപേര്‍ക്കുവരെ പോകാനുള്ള ചങ്ങാടം ഡി.ടി.പി.സി.യുടേതായി ഉണ്ട്. ദ്വീപ് തുറക്കുന്നത് മുന്നില്‍ക്കണ്ട് പുതിയ അഞ്ച് ചങ്ങാടങ്ങള്‍കൂടി ഡി.ടി.പി.സി. അടുത്തിടെ ഇറക്കിയിരുന്നു. പാല്‍വെളിച്ചം ഭാഗത്തുകൂടിയുള്ള പ്രവേശനം ഇല്ലതായാല്‍ ചങ്ങാടസവാരിക്കുമാത്രമായി ആരും എത്തില്ലെന്ന ആശങ്ക ഡി.ടി.പി.സി. അധികൃതര്‍ക്കുമുണ്ട്.