പാല്‍വെളിച്ചം ഒഴിവാക്കി കുറുവാദ്വീപിലേക്ക് പ്രവേശനം പാക്കം ചെറിയമല വഴി മാത്രമാക്കാനുള്ള തിരുമാനത്തിനുനേരേ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഫലംകണ്ടു. കുറുവാദ്വീപ് 15 മുതല്‍ തുറക്കാനും പാല്‍വെളിച്ചംവഴിയും പാക്കം വഴിയും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാനും തീരുമാനമായി. സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനുശേഷം ഡി.എഫ്.ഒ. അജിത് കെ. രാമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഭാഗങ്ങളിലൂടെയും 200 പേരെ വീതമാണ് കടത്തിവിടുക. ആകെ 400 പേര്‍ക്കാണ് ഒരുദിവസം കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുവന്ന സാഹചര്യത്തില്‍ പ്രവേശനഫീസ് വര്‍ധിപ്പിക്കണമെന്ന വനംവകുപ്പിന്റെ തീരുമാനം സര്‍വകക്ഷി അംഗീകരിച്ചില്ല.
ഒരാള്‍ക്കുള്ള 110 രൂപ ടിക്കറ്റ് 220 രൂപയാക്കി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. നിരക്ക് വര്‍ധന ഒറ്റയടിക്ക് തീരുമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രിയുടെയും മാനന്തവാടി നഗരസഭയിലെയും പുല്പള്ളി, തിരുനെല്ലി ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്തശേഷമേ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നും ചര്‍ച്ചയ്‌ക്കെത്തിയ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് കുറുവാദ്വീപ് ഇനി പ്രവര്‍ത്തിക്കുക. നിലവില്‍ കുറുവാദ്വീപില്‍ കടത്തുകാരായി ഡി.ടി.പി.സി.ക്കുകീഴില്‍ ജോലിചെയ്യുന്നവരെ വനംവകുപ്പ് ഏറ്റെടുക്കുന്ന കാര്യവും പിന്നീട് ചര്‍ച്ചചെയ്യും.
നഗരസഭാകൗണ്‍സിലര്‍മാരായ ഷിബു കെ. ജോര്‍ജ്, ടിജി ജോണ്‍സണ്‍, തിരുനെല്ലി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റുഖിയ സൈനുദ്ധീന്‍, സണ്ണി ജോര്‍ജ്, ശോഭാ രാജന്‍, കെ.ആര്‍. ജിതിന്‍, പി.പി. ഹാരിസ്, പി.വി. വേണുഗോപാല്‍, അഷ്‌റഫ് കാട്ടിക്കുളം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിഷേധമിരമ്പി മാര്‍ച്ച്
സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അണിനിരന്നു. 'സേവ് കുറുവ, സേവ് പാല്‍വെളിച്ചം' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. രാവിലെ 10.30-ഓടെ പിണങ്ങോട് റോഡില്‍നിന്നാണ് ഡി.എഫ്.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചും ധര്‍ണയും തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ഷിബു കെ. ജോര്‍ജ്, ടിജി ജോണ്‍സണ്‍, കണ്‍വീനര്‍ സണ്ണി ജോര്‍ജ്, എം.എം. നിഷാന്ത്, ശോഭാരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധസമരത്തിനുശേഷം ഡി.എഫ്.ഒ. ഓഫീസിലേക്ക് ചര്‍ച്ചയ്ക്ക് മൂന്നുപേര്‍മാത്രമേ പാടുള്ളൂവെന്നുപറഞ്ഞ് പോലീസ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണനെയടക്കം തടയാന്‍ ശ്രമിച്ചത് വാക് തര്‍ക്കത്തിന് കാരണമായി. പിന്നീട് ചര്‍ച്ചയില്‍ പങ്കെടുക്കാനായി ജനപ്രതിനിധികളെയടക്കം കടത്തിവിട്ടു.
Content Highlights: kuruva island will open on Tuesday with entry from both sides
Published: 11 Oct 2024, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented