''റാഹേൽ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. വൈകുന്നേരത്തെ നിഴലുവീണ തട്ടുകള് കയറി അതിരിലെത്തിയപ്പോൾ, എതിരെനിന്ന് ആനിയും യോഹന്നാനും വരുന്നതുകണ്ടു. റാഹേൽ പെട്ടെന്ന് കരച്ചിലടക്കി... ആനി അടുത്തെത്തി അവളോട്, റാഹേൽ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നതെന്തുകൊണ്ട്? എന്ന് ചോദിച്ചു. എന്നാറെ അവൾ അത്യന്തം ഭ്രമിച്ച് നടുങ്ങി. പുറത്തേക്ക് വഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണുനീരോടുംകൂടി അവള് ഓടിപ്പോയി. ആനിയും യോഹന്നാനും ഭയപ്പെട്ടുനിന്നു. അനന്തരം അവർ റബ്ബർമരങ്ങള്ക്കിടയിലൂടെ ഓടി തട്ടുകളിറങ്ങി''
-(ആയുസ്സിന്റെ പുസ്തകം)

To advertise here,

ണുപ്പുനിറഞ്ഞ പ്രഭാതമായിരുന്നു. മലമടക്കുകളിൽ ഉരുണ്ടുകൂടിയ മഞ്ഞിന്കണങ്ങൾ താഴ്‌വരയെ പുൽകി കടന്നുപോകുന്നു. ശാന്തമായൊഴുകുന്ന പുഴ കണ്ടപ്പോൾ എഴുത്തുകാരൻ ചിന്തയിലാണ്ടിരുന്നു... മനുഷ്യൻ പാപികളായതെന്തിന്, മഹാവ്യസനങ്ങളുടെ കഥയെഴുതിയതെന്തുകൊണ്ട്? എന്ന് ചോദിച്ചു. ചിന്തയിൽനിന്ന് ഉണർന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവ്യഥകളെ അത്രമേൽ ആഴത്തിൽ അവതരിപ്പിച്ച മറ്റേത് ഗ്രന്ഥമുണ്ട്. അനന്തരം കഥാകാരൻ പഴയനിയമത്തിലെ പാപത്തെ വിവരിച്ചു. ഏദന്തോട്ടത്തിൽ നിന്നുമേറ്റ പാപത്തെ. അതിനെ ഉൾക്കൊണ്ട് ആയുസ്സിന്റെ പുസ്തകത്തിൽ പൗലോ റാഹേലിനോട് ചെയ്ത പാപത്തെ. ഞങ്ങള് എഴുത്തുകാരനെ ശ്രവിച്ചു. 

placeholder
മാലോം എന്ന ദേശത്തേക്കായിരുന്നു യാത്ര. കാസർകോടിന്റെ മലയോരപ്രദേശം. നാലുപതിറ്റാണ്ടുകൾക്ക് മുൻപ്‌ സി.വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ പ്രമേയമായ ഭൂമിക. എഴുത്തുകാരനോടൊപ്പം അയാൾ സൃഷ്ടിച്ച, വ്യസനങ്ങളുടെ ജീവിതകഥ നിറഞ്ഞ കഥാപാത്രങ്ങൾ പിറന്ന ഗ്രാമത്തിലേക്ക്. 'ഈ വ്യസനംപോലെ ഒരു വ്യസനമില്ല' എന്നായിരുന്നു നിരൂപകർ ആയുസ്സിന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്. നോവലിൽ, റാഹേലിനോട് പാപം ചെയ്ത പൗലോ. അയാളുടെ പുത്രൻ തോമ. തോമയുടെ മകൻ യോഹന്നാൻ. വ്യസനങ്ങൾ അവർക്കുമേൽ പെയ്തിറങ്ങി. പൗലോഅയാളുടേത് ഏകാന്തതയും വാർധക്യവുമായിരുന്നു വ്യസനമായി രൂപാന്തരപ്പെട്ടത്. തോമ വിഭാര്യനായിരുന്നു. അയാൾക്ക് ജയിലിൽ കിടക്കേണ്ടിവന്നു. യോഹന്നാൻ ഇഷ്ടപ്പെട്ടവരെല്ലാം അവനെ വിട്ടകലുകയായിരുന്നു. ക്രിസ്തീയജീവിതത്തിന്റെ അടരുകളും പാപബോധവും പ്രമേയമായ ആയുസ്സിന്റെ പുസ്തകം മലയാള നോവൽ സാഹിത്യത്തിൽ വേറിട്ട വായനാനുഭവമായിരുന്നു. 

ദൂരെ, കുടക് വനത്തോട് ചേർന്ന മഞ്ഞുമൂടിയ പന്ന്യാർമാനി മലനിരകൾ പ്രത്യക്ഷമായി. നാലുവശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് മാലോം. ഗ്രാമമധ്യത്തിലൂടെ ചൈത്രവാഹിനിപ്പുഴ വരണ്ടൊഴുകുന്നു. നാൽപത് വർഷങ്ങള്ക്ക് മുൻപ്, അടിയന്തരാവസ്ഥക്കാലത്ത് അധ്യാപകനായി ഈ ഗ്രാമത്തിലെത്തിയ കാലം സി.വി ഓർത്തെടുത്തു... ഗ്രാമത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും... 
''75ലൊക്കെ കാഞ്ഞങ്ങാട്ടുനിന്ന് ഒരു ബസ് മാത്രമേ കൊന്നക്കാട്ടേക്ക് ഉള്ളൂ. ഉച്ചയ്ക്ക് മുൻപേ ഞാൻ സ്റ്റാന്റിലെത്തും. അല്ലെങ്കിൽ കൊന്നക്കാട് വരെ നിൽക്കേണ്ടിവരും. കാഞ്ഞങ്ങാട്ടുനിന്ന് ബസ് നീലേശ്വരം എത്തുമ്പോഴേക്കും യാത്രക്കാരെക്കൊണ്ട് നിറയും. മലയോരത്തെ ബന്ധിപ്പിക്കുന്ന ബസ് ആയതിനാൽ കൊട്ടകളിൽ സാധനങ്ങൾ നിറച്ചായിരുന്നു ആളുകൾ കയറിയിരുന്നത്. ഓരോ സാധനങ്ങൾ ഓരോസ്ഥലത്ത് ഇറക്കിയും കയറ്റിയുമാണ് ബസ് പോകുന്നത്. പൊടിനിറഞ്ഞ ചെമ്മൺപാതകളായിരുന്നു അന്നൊക്കെ''... 

മാലോമിന്റെ ഭൂപ്രകൃതി

''കനിവേകുന്ന ഭൂപ്രകൃതിയായിരുന്നു മാലോമിന്. ചുറ്റും കുന്നുകളായിരുന്നു. ആ കുന്നുകൾക്ക് നടുവിലായിരുന്നു ഗ്രാമം. ജീവിതം പ്രകടമായിരുന്നില്ല, പ്രകൃതിമാത്രമായിരുന്നു അനാവൃതമായത്. ഇടതൂർന്ന മരങ്ങളും കാടുകളും പുൽമേടുകളും പാറകളും... അതിന് നടുവിലൂടെ ഒഴുകിനീങ്ങുന്ന പുഴ. അന്ന്, ഈ പുഴയ്ക്ക് ചൈത്രവാഹിനിയെന്ന് പേരില്ലായിരുന്നു. പിന്നീടാണ് പേരുവരുന്നത്. ആയുസ്സിന്റെ പുസ്തകം എഴുതിത്തുടങ്ങുമ്പോൾ ഈ പ്രകൃതിയായിരുന്നു എന്റെ മനസ്സിൽ. പിന്നീടാണ് ഈ ഗ്രാമത്തിലെ ജീവിതം ശ്രദ്ധിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയം ക്രൈസ്തവ ജീവിതങ്ങളായിരുന്നു. ഈ ഗ്രാമത്തെ രൂപപ്പെടുത്തിയത് അവരാണ്. അവർ, പള്ളി നിർമിച്ചു. പള്ളിക്കൂടം നിർമിച്ചു. റബ്ബർ പ്ലാന്റേഷനുകൾ ഉണ്ടാക്കി. വർഷകാലത്ത് ഇരുണ്ട പച്ചപ്പായി പ്രകൃതി മാറും. കോടമഞ്ഞും മഴയും വന്ന് ഗ്രാമത്തെ പൊതിയും. ഞായറാഴ്ച കുർബാനയ്ക്ക് രാവിലെ പള്ളിയിലേക്ക് സ്‌കാർഫ് കെട്ടി പെൺകുട്ടികൾ പോയിരുന്നത് മഞ്ഞിലൂടെയായിരുന്നു. നിഴൽ രൂപങ്ങളെപ്പോലെയാണ് അവർ പോയിരുന്നത്. ആ കാഴ്ച ഇപ്പോഴും എന്റെ മനസ്സിലുണ്ട്. മണിമണിപോലെ സംസാരിച്ചുകൊണ്ട് അവർ നടന്നുനീങ്ങുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. എല്ലാദിവസവും പള്ളിമണി മുഴങ്ങുന്നത് കുന്നിന്മുകളിൽവരെ കേൾക്കാമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് കാസർകോടിന്റെ മലയോരപ്രദേശമായ കൊന്നക്കാട്ടേക്കും മാലോമിലേക്കും ആദ്യകാല കുടിയേറ്റം ഉണ്ടാകുന്നത്. അവരുടെ മൂന്നാംതലമുറയായിരുന്നു നോവലിൽ പ്രതിപാദിച്ച യോഹന്നാൻ. ആദ്യ തലമുറ പൗലോ. പൗലോയിൽ പിറന്ന മകൻ തോമ. തോമ തെരേസയെ ഭാര്യയായി സ്വീകരിച്ചത് മുപ്പത് വയസ്സുള്ളപ്പോഴാണ്. അവൾ ഗർഭംധരിച്ച് ആനിയെ പ്രസവിച്ചു. തോമാ തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു. തൽഫലമായി അവൾ ഒരു മകനെ പ്രസവിച്ചു. അവന് യോഹന്നാൻ എന്ന് പേരിട്ടു''. കുടിയേറ്റത്തിന്റെ കഥയല്ലെങ്കിലും മൂന്നുതലമുറകളുടെ ജീവിതപരിസരത്തുകൂടി സഞ്ചരിക്കുകയായിരുന്നു ആയുസ്സിന്റെ പുസ്തകം. 

placeholder
സെന്റ് ജോർജ് ദേവാലയം

പ്രധാനപാതയോട് ചേർന്നുള്ള മാലോം സെന്റ് ജോർജ് ദേവാലയത്തിലേക്ക് കഥാകാരനൊപ്പം ഞങ്ങൾ പടവുകൾ കയറി. ''ആദ്യത്തെ കുടിയേറ്റക്കാർ വന്നപ്പോൾ മാലോമിന് സമീപം രാജപുരത്ത് പ്രാർഥന നടത്താനായി താത്കാലികമായി ഒരു പള്ളി നിർമിച്ചു. 73 കുടുംബങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു. അതാണ് ഇന്നത്തെ രാജപുരം പള്ളി. മാലോമിൽ പിന്നീടാണ് പള്ളി നിർമിച്ചത്. അതാണ് നമ്മൾ നിൽക്കുന്ന ഈ ദേവാലയം. മുൻപ് ഇങ്ങനെയായിരുന്നില്ല. താഴെ മുതൽ നിറയെ കൽപ്പടവുകളായിരുന്നു. കൽപ്പടവുകൾ കയറിയെത്തിയാൽ അൾത്താരയായി. ഓട് മേഞ്ഞ പള്ളിയായിരുന്നു അന്ന്. ദേവാലയത്തിന് പിറകിൽ മലയും കാടുകളുമായിരുന്നു. യേശുവിന്റെയോ മേരിയുടെയോ പേരിലല്ലായിരുന്നു ഈ ജനത പള്ളി നിർമിച്ചത്. രക്ഷകനായ സെന്റ് ജോർജിന്റെ പേരിലായിരുന്നു. കുടിയേറിയെത്തിയ ജനതയ്ക്ക് ഒരുപാട് രക്ഷകർ വേണമായിരുന്നു. രോഗത്തിൽനിന്നും വന്യമൃഗങ്ങളിൽനിന്നുമെല്ലാം''. 
കഥാകാരൻ അൾത്താരയ്ക്ക് സമീപം കുമ്പസാരക്കൂട്ടിന് മുന്നിൽ ഒരുനിമിഷം മൗനിയായിനിന്നു. അൾത്താര ശൂന്യമായിരുന്നു. ആയുസ്സിന്റെ പുസ്തകത്തിൽ കൊച്ചച്ചൻ വികാരി അച്ചനോട് ചോദിക്കുന്ന രംഗം മനസ്സിലേക്കോടിയെത്തി. 
''വിശ്വാസപ്രഘോഷണങ്ങൾക്കിടയിലും ലോകത്ത് അക്രമവും രക്തച്ചൊരിച്ചിലും ഉടലെടുക്കുന്നത് എന്തുകൊണ്ടാണച്ചോ?... 
സാത്വികനായ വികാരിയച്ചന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
''നമ്മുടെ കണ്മുന്നിൽ പാപികൾ പെരുകുക തന്നെയാണ്. അവരെല്ലാം ആത്മാർഥമായി കുമ്പസാരിക്കുകയാണെങ്കിൽ, ഓരോരുത്തരുടെയും കുമ്പസാരം ഒരേയിരുപ്പിൽ വർഷങ്ങളോളം നീണ്ടുപോയേക്കാം. പക്ഷേ, ദൈവത്തിന്റെ മഹത്ത്വം വർണിക്കുന്ന ഒരാകാശത്തിന് കീഴെ ഭൂമി എന്നും ഇരുണ്ടതായിരിക്കില്ല
''

സായാഹ്നത്തിൽ ഗ്രാമത്തിലെ മറ്റൊരു ദേവാലയത്തിലേക്ക് ഞങ്ങളെത്തി. അതിർമാവ് സെന്റ് പോള്‌സ് ദേവാലയം. പ്രാർഥന നടക്കുകയായിരുന്നു. ദേവാലയത്തിന്റെ പുറംഭിത്തിയിൽ ആലേഖനംചെയ്ത വാക്കുകളില് കണ്ണുകളുടക്കി.
''ഇക്കാര്യങ്ങള് പുറത്തുവെച്ചതിന് ശേഷം ദൈവാലയത്തിൽ പ്രവേശിക്കുകചെരിപ്പും കുടയും. കോപം. പിണക്കം. അഹങ്കാരം. ഇരുമനസ്സ്. നിഗളം. മനോഭാരങ്ങൾ. ക്ഷീണം. കുറ്റം പറച്ചിൽ. തിരിച്ചുപോകുമ്പോൾ അവനവന്റെ ചെരിപ്പും കുടയും മാത്രം എടുക്കുക''

placeholder
മാലോം നഗരം

ഗ്രാമത്തിന്റെ മാറ്റം

ഇരുട്ടുവീണപ്പോൾ ഗ്രാമചത്വരത്തിൽകൂടി ഞങ്ങൾ നടന്നു. എഴുത്തുകാരന്റെ ഓർമകൾ പിന്നിലേക്ക് സഞ്ചരിച്ചു. ഓലയും കച്ചിയും മേഞ്ഞ മേൽക്കൂരകൾ അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാമം നഗരമായി മാറുന്നു. മൺപാതകൾക്ക് പകരം ടാറിട്ട റോഡുകൾ വന്നിരിക്കുന്നു. ''മാലോം സെന്റ് ജോർജ് ദേവാലയത്തോട് ചേർന്നുള്ള വള്ളിക്കടവ് എന്ന സ്ഥലത്ത് അക്കാലത്ത് ചെറിയ കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. മാലോമിൽനിന്ന് അഞ്ചുകിലോമീറ്റർ പിന്നിട്ടാൽ കൊന്നക്കാടായി. അന്ന്, കൊന്നക്കാട്ട് മാത്രമായിരുന്നു ഏക ഹോട്ടൽ ഉള്ളത്. ഇന്ന്, വ്യാപാരസ്ഥാപനങ്ങളും റോഡുകളും സിനിമാ തിയേറ്ററുകളും വന്നു. 80കൾക്ക് ശേഷമാണ് കൊന്നക്കാട്ടിലേക്ക് വൈദ്യുതിയെത്തുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ യോഹന്നാന്റെ തലമുറയ്ക്ക് ശേഷമുള്ള നാലാമത്തെയും അഞ്ചാമത്തെയും തലമുറ വിദേശത്തേക്ക് കടന്നിരിക്കുന്നു. പലരും ഉദ്യോഗസ്ഥരായി, അവർ സമ്പന്നരായി മാറി. മാലോം ഗ്രാമത്തിന്റെ മധ്യത്തിലൂടെയാണ് ചൈത്രവാഹിനി പുഴ ഒഴുകുന്നത്. വേനൽക്കാലത്ത് പുഴയിൽ നിറയെ ഉരുളൻകല്ലുകൾ തെളിഞ്ഞുകാണും. മഴയത്ത് പുഴ നിറഞ്ഞുകവിഞ്ഞൊഴുകും. പുഴയുടെ കരകളിൽ നിറയെ പുൽമേടുകളായിരുന്നു അന്നൊക്കെ. സായാഹ്നങ്ങളിൽ കുട്ടികളെയും കൂട്ടി പുഴക്കരയിലൂടെ ഞാൻ നടക്കുമായിരുന്നു. ഈ പുഴയോരത്തുവെച്ചാണ് നൈനാച്ചനും മേരിയും തമ്മിലുള്ള മൈഥുനം യോഹന്നാന് കാണുന്നത്.'' എഴുത്തുകാരന്റെ ഭാവനയിൽ പിറന്ന സന്ദർഭം. ഇന്ന്, പുഴയോരത്തുള്ള പുൽമടുകൾ അപ്രത്യക്ഷമായിരിക്കുന്നു.

placeholder
പഴയകാല കർഷകൻ

തിരിച്ചുപോരാൻ സമയമായിരിക്കുന്നു. ആയുസ്സിന്റെ പുസ്തകത്തിൽ, പാപംചെയ്ത തന്റെ ജീവിതത്തെ പൗലോ ഉപേക്ഷിക്കുന്ന രംഗമോർത്തുപോയി...
''കാത്തുനിൽക്കുന്ന അജ്ഞാതനൊപ്പം അയാളിറങ്ങി. രാത്രിശബ്ദങ്ങൾ കാതുകളിൽ വന്നലച്ചു. കിഴക്ക് കാടുകൾക്കും മലകൾക്കും മീതെ ഒരു കൊള്ളിയാൻ എരിഞ്ഞടങ്ങി. അയാൾ വേച്ചുവേച്ചു നടന്നു. ഈ മരങ്ങളൊക്കെ എന്നെ അറിയും. എന്റെ കൈകൊണ്ട് നട്ടുപിടിപ്പിച്ച മരങ്ങളാണിവ. ആദ്യമായി മണ്ണ് ഉഴുത നോഹയെപ്പോലെ ഞാനീ മണ്ണിൽ വേലചെയ്തു. വടക്കുദിശയിൽ കുന്നിന്തലപ്പിൽ പൗലോ പള്ളി കണ്ടു. അയാൾ മണ്ണിൽ മുട്ടുകുത്തിനിന്ന് ഭക്തിപൂർവം കുരിശുവരച്ചു. ഒരു തണുത്ത കാറ്റ് പ്രാർഥനയിൽ ലയിച്ചുനിന്ന ആ വൃദ്ധനെ സ്പർശിച്ചു. ഒടുവിൽ അയാളെണീറ്റ് ബലമുള്ള ഒരു മരക്കൊമ്പ് തേടി നടന്നു. താൻ സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയതല്ലാത്ത ഒരു വൃക്ഷം അയാൾ കണ്ടെത്തി. അതിന്റെ തടിയിലൂടെ അയാൾ വലിഞ്ഞുകയറി. മരത്തൊലിയും ഇലകളെയും അറിഞ്ഞുകൊണ്ടുതന്നെ മുകളിലെത്തി. വൃക്ഷത്തെ ഇരുട്ട് വലയംചെയ്തുനിന്നു. ഇരു ശിഖരത്തിൽനിന്ന് ഒരിലപോലെ ഞാന്നുകിടന്നപ്പോൾ അഗാധമായ ഉറക്കം അയാളുടെ മേൽ വീണു. അങ്ങനെ അയാൾ തന്റെ ജനത്തോട് ചേർന്നു''

''ക്രൈസ്തവ ജീവിതങ്ങളുമായി കൂടുതൽ അടുത്തത് മാലോമിൽ അധ്യാപകനായി എത്തിയപ്പോഴായിരുന്നു. പാപബോധത്തെക്കുറിച്ച് അവർ വ്യാകുലരായിരുന്നു. പാപികളായ ഞങ്ങളെ എന്നാണല്ലോ പറയുന്നതുതന്നെയും. വ്യസനം മനുഷ്യരാശിയുടെ കൂടെയുള്ളതാണല്ലോ. പഴയനിയമത്തിൽ ഏറ്റവും ദുഃഖിക്കുന്ന മനുഷ്യൻ ഇയ്യോബാണ്. ഇവിടെ പൗലോ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നു. തോമ കൊലപാതകിയാകുന്നു. കൊല്ലേണ്ട ഒരു സാഹചര്യമുണ്ടാകുന്നു. താൻ നട്ടതല്ലാത്ത ഒരു മരത്തിന്റെ ശിഖരത്തിലാണ് പൗലോ ആത്മഹത്യ ചെയ്യുന്നത്. മണ്ണിൽ ആഴ്ന്നിറങ്ങിയ മനുഷ്യനായിരുന്നു ആ കഥാപാത്രം.''

placeholder
പന്ന്യാർമാനി മലനിരകൾ


''എണ്ണയൊഴുകുന്നുവെന്ന് തോന്നിക്കുന്ന മുടിയിലൂടെ വിറയ്ക്കുന്ന വിരലുകൾ നീക്കി. അവ പിൻകഴുത്തിലും കാതുകളിലും അലഞ്ഞു. കവിളിലും മേൽച്ചുണ്ടിനു മീതെയുള്ള വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമറിയാവുന്ന ചെമ്പിച്ച രോമങ്ങളിലും തൊട്ടു. പുരികങ്ങളിലും കൺപീലികളിലും തൊട്ടു. ചൂടുള്ളതായിത്തീർന്ന ചുണ്ടുകളിൽ തൊട്ടു. ശ്വാസം കവിളുകളിൽ തട്ടി. ഉടലിന്റെ വെമ്പലറിഞ്ഞു. അനന്തരം അവർ കൈകൾ കൊർത്തുപിടിച്ചു നടന്ന് പുഴക്കരയിലെത്തി.'' യാത്രയുടെ തിരിച്ചുമടക്കമായിരുന്നു. ഇടയ്‌ക്കെപ്പൊഴോ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്ത പുഴ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് യോഹന്നാന്റെ പ്രണയമായിരുന്നു. ഈ പുഴയോരത്തുവെച്ചാണ് അവർ ചുംബിച്ചത്. ജോഷിയും യോഹന്നാനും. അവർ അവരെ അറിഞ്ഞു. മലയാള നോവലിൽ രണ്ട് പുരുഷന്മാരുടെ പ്രണയം ആദ്യമായി അവതരിപ്പിച്ചത് ആയുസ്സിന്റെ പുസ്തകമായിരുന്നു. യോഹന്നാൻ ആരായിരുന്നുവെന്ന് ഞാൻ ചോദിച്ചു. തെല്ലിട മൗനത്തിനുശേഷം എഴുത്തുകാരൻ പറഞ്ഞു. ''അവനെ ഞാൻ നേർക്കുനേർ കണ്ടിട്ടുണ്ടെങ്കിൽ അത് കണ്ണാടികളിലാണ്. ദൈവം തന്റെ സ്വരൂപത്തിൽ, തന്റെ സാദൃശ്യപ്രകാരം മനുഷ്യനെ സൃഷ്ടിച്ചതുപോലെയായിരുന്നു യോഹന്നാന്റെ പിറവി. എഴുതാനിരിക്കെ, ഓരോ തവണയും ഞാൻ അവനിലൂടെ എന്നെത്തന്നെ കാണുകയായിരുന്നു. ബാല്യകൗമാരങ്ങളിൽ ഞാനറിഞ്ഞ ഏകാന്തത അതികഠിനമായിരുന്നു. സ്‌നേഹിക്കാൻ ആരുമില്ലായിരുന്നു. ആരൊക്കെയോ ഉണ്ട് ചുറ്റിലും. പക്ഷേ, ഞാൻ വളരെ വളരെ ഒറ്റയ്ക്ക്. അവനവനോടുള്ള ഭാഷണമായിരുന്നു എനിയ്ക്ക് എഴുത്ത്. ആയുസ്സിന്റെ പുസ്തകം യഥാർത്ഥത്തിൽ ഏകാന്തതയുടെ പുസ്തകമാണ്. അതു സമർപ്പിച്ചിട്ടുള്ളത് ഏകാകികൾക്കാണ്..'' 

മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്‌