അരൂർ : ലഹരിക്കെതിരേയുള്ള തൂഫാൻ, തണ്ടർ പ്രവർത്തനങ്ങൾ അരൂർ മണ്ഡലത്തിൽ കൂടുതൽ ശക്തമാക്കുന്നു. രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹായത്തോടെയാകും ഇനിയുള്ള ചുവടുവെപ്പ്.

To advertise here,

തൂഫാൻ തുടങ്ങിയ ശേഷം ചേർത്തല താലൂക്കിൽ 300-ലധികം കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പോലീസ്, എക്സൈസ്, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനാധ്യക്ഷർ എന്നിവരുടെ യോഗം വിളിച്ചുചേർത്തത്.

നിലവിൽ തൂഫാൻ തദ്ദേശമെന്ന പേരിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ഡിസംബർ 18-ന് ആഭ്യന്തരമന്ത്രിയെ പങ്കെടുപ്പിച്ച് മണ്ഡലത്തിൽ ജനപ്രതിനിധികളുടെ ശില്പശാല നടത്തും.

ജനപ്രതിനിധികളെ ലഹരിവിമോചന കാംപെയ്നിന്റെ ഭാഗമാക്കുന്നതിനായി വിദഗ്ധർ ക്ലാസ് നയിക്കും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ലഹരിവിമുക്ത അരൂരിനുവേണ്ടി പ്രത്യേക കർമപദ്ധതിയും ശില്പശാലയിൽ തയ്യാറാക്കും. മാതാപിതാക്കളാകും ഈ പോരാട്ടത്തിന്റെ മുന്നണി പ്പോരാളികൾ എന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ചേർത്തല തഹസിൽദാർ ആൽബിൻ ജോസഫ്, ഡിവൈ.എസ്.പി. മഞ്ജുലാൽ, എക്സൈസ് ഇൻസ്പെക്ടർ ഷിബു, ജില്ലാ പഞ്ചായത്തംഗം ജയിംസ് ചിങ്കുതറ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. പുഷ്പൻ, സുധർമണി, കവിതാസജീവൻ. സി.അർ. ഗിരീഷ്, ജ്യോതിശ്രീ, അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയകുമാർ, കുത്തിയതോട് സർക്കിൾ ഇൻഫെക്ടർ, ജിജിൻ ജോസഫ്, പൂച്ചാക്കൽ എസ്.എച്ച്.ഒ. ലിജിമോൾ, അരൂർ എസ്.എച്ച്.ഒ. അബീഷ്, എക്സൈസ് ഇൻസ്പെക്ടർ ശ്രീകാന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.