പിറവം : എറണാകുളം മേഖലയിൽനിന്ന് പിറവം വഴി കടന്നുപോകുന്ന ശബരിമല തീർഥാടകരുടെ യാത്രാ ദുരിതം അവസാനിക്കുന്നു. ശബരിമല തീർഥാടകർ ഏറെ ഉപയോഗിക്കുന്ന പിറവം-ഇലഞ്ഞി റോഡിലെ പിറവം തേക്കുംമൂട്ടിൽപ്പടിയിലെ കലുങ്ക് 27-ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. ചോറ്റാനിക്കരയിൽ ദർശനം നടത്തിവരുന്ന തീർഥാടകരിലേറെയും ഈ റോഡിലൂടെ കൂത്താട്ടുകുളത്തും മോനിപ്പള്ളിയിലുമെത്തിയാണ് തീർഥയാത്ര തുടരുന്നത്. തേക്കുംമൂട്ടിൽപ്പടിയിലെ കലുങ്ക് ഇടിഞ്ഞുപോയതിനെ തുടർന്ന് ഇതുവഴിയുളള ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയായിരുന്നു. ഒക്ടോബർ പകുതിയോടെയാണ് കലുങ്കുപണി തുടങ്ങിയത്. വശങ്ങൾ കരിങ്കല്ല് കെട്ടിതീർത്ത് നവംബർ രണ്ടിന് കലുങ്ക് കോൺക്രീറ്റ് ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം കോൺക്രീറ്റ് പൂർണ തോതിൽ സെറ്റാകാൻ ചുരുങ്ങിയത് 25 ദിവസം വേണം. 27-ന് അത് പൂർത്തിയാകും. വെള്ളിയാഴ്ച വൈകീട്ട് 4-ന് നടക്കുന്ന ലളിതമായ ചടങ്ങിൽ നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ കലുങ്ക് തുറന്ന് ഗതാഗതം പുനഃസ്ഥാപിക്കും.

To advertise here,