അങ്കമാലി : ചാലക്കുടി റിവർ ഡൈവേർഷൻ പദ്ധതിയുടെ ഇടതുകര മെയിൻ കനാലിന്റെ 300-ാം മീറ്ററിൽ തകർന്ന ബണ്ടിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തം. കാലപ്പഴക്കംമൂലം ഇടതുകര കനാലിന്റെ പല ഭാഗങ്ങളിലും ബണ്ടുകളിൽ ബലക്ഷയം ഉണ്ട്. ജലസേചനപദ്ധതിയുടെ സമ്പൂർണമായ നവീകരണത്തിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകൂ.

To advertise here,

മഴക്കാല ശുചീകരണവും അത്യാവശ്യ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി 18-നാണ് കനാലിലൂടെ ജലവിതരണം ആരംഭിച്ചത്. തൊട്ടു പിന്നാലെ, മൂന്നാം ദിവസമാണ് ബണ്ട് തകർന്നത്.

എറണാകളം ജില്ലയിലെ അയ്യമ്പുഴ, മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ്, തുറവൂർ, മഞ്ഞപ്ര, കാലടി പഞ്ചായത്തുകളിലും അങ്കമാലി നഗരസഭാ പ്രദേശത്തും തൃശ്ശൂർ ജില്ലയിലെ മേലൂർ, കൊരട്ടി, അന്നമനട, കാടുകുറ്റി പഞ്ചായത്ത് പ്രദേശത്തും ഇടതുകര കനാലിന്റെ 176 കിലോമീറ്റർ വിതരണ ശൃംഖലയാണുള്ളത്. അയ്യായിരത്തോളം ഹെക്ടറിൽ നേരിട്ട് ജലവിതരണം നടത്തുന്നുണ്ട്.

പ്രധാന ജലവാഹിനികളായ കൊറ്റമം തോട്ടിലും മാഞ്ഞാലിത്തോട്ടിലും വേനൽക്കാലത്ത് വെള്ളം ലഭ്യമാകുന്നത് ഇടതുകര മെയിൻ കനാലിലൂടെയാണ്. നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും കുടിവെള്ള പദ്ധതികളും ഇടതുകര മെയിൻ കനാലിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. 1957-ൽ നിർമിച്ച കനാലുകളുടെ പലഭാഗത്തും ബലക്ഷയമുണ്ട്.

യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനറും ജലസേചന പദ്ധതി പ്രോജക്ട് ഉപദേശക സമിതി അംഗവുമായ ടി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ. തരിയൻ, കറുകുറ്റി മണ്ഡലം പ്രസിഡന്റ് കെ.പി. അയ്യപ്പൻ എന്നിവരടങ്ങുന്ന യു.ഡി.എഫ്. സംഘമാണ് കനാലിന്റെ തകർന്ന ഭാഗം സന്ദർശിച്ചത്. തുടർന്ന് എക്സിക്യുട്ടിവ് എൻജിനിയർ എ. ജിഷ, അസി. എക്സിക്യുട്ടീവ് എൻജിനിയർ വി.ജി. നിർമൽ, അസി. എൻജിനിയർ ബിന്ദു എന്നിവരുമായി പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.