കോളിന്റെ കണ്ണീരൊപ്പാൻ യോഗം
തൃശ്ശൂർ : കോൾപ്പാടത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ചേർന്ന യോഗം കോൾകർഷകരുടെ കണ്ണീർ തൊട്ടറിയുന്നതായി. മന്ത്രിമാരായ ടി. സിദ്ദിഖ്, മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിൽനിന്നായി നൂറോളംപേർ പങ്കെടുത്തു. മൂന്നിനു തുടങ്ങിയ യോഗം വൈകീട്ട് അഞ്ചരയോടെയാണ് അവസാനിച്ചത്. കോളുമായി ബന്ധപ്പെട്ട നാൽപ്പതോളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് യോഗത്തിലുണ്ടായിരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനും കർഷകരെ സഹായിക്കാനുമുള്ള നിരവധി പദ്ധതികൾ ഇവർ മുന്നോട്ടുവെച്ചു. തുടർപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള സംവിധാനവും ഒരുങ്ങുന്നുണ്ട്.
എം.എൽ.എ.മാരായ സി. രവീന്ദ്രനാഥ്, തോമസ് ഉണ്ണിയാടൻ, എ.സി.മൊയ്തീൻ, ഗീതാ ഗോപി, രാജൻ ജെ. പല്ലൻ, സേവിയർ ചിറ്റിലപ്പിള്ളി തുടങ്ങിയവരും കൃഷി, ജലസേചനം, കാർഷിക സർവകലാശാല, നബാർഡ്, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
‘കോള്‍ കുറഞ്ഞ് കോൾപ്പാടങ്ങൾ’ പരമ്പരയിലൂടെ മാതൃഭൂമി ഈ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. കോൾപ്പാടത്തെ പ്രശ്നങ്ങൾക്ക് സമഗ്രപരിഹാരം തേടാനുള്ള ശ്രമത്തിന്റെ തുടക്കമാണിത്.
കോളിലെ ചണ്ടിപ്രശ്നം, മാലിന്യത്തിന്റെ ഒഴുക്ക്, റഗുലേറ്ററുകളുടെ പ്രശ്നങ്ങൾ, കോളിന്റെ ടൂറിസം സാധ്യതകൾ തുടങ്ങിയ കാര്യങ്ങളാണ് പരമ്പരയിലൂടെ പറഞ്ഞത്. പലഘട്ടങ്ങളിലായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ഒരുവർഷംകൊണ്ട് പരിഹരിക്കാവുന്നവ, രണ്ടും മൂന്നും വർഷങ്ങൾ വേണ്ടവ എന്നിങ്ങനെ പ്രശ്നങ്ങളെ തരംതിരിച്ചാണ് പരിഹാരം തേടുക.
നവംബർ 10-നാണ് കോൾപ്പാടത്തെ പ്രശ്നങ്ങളടങ്ങിയ പരമ്പര മന്ത്രി ടി. സിദ്ദിഖിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് അവിടെവെച്ചുതന്നെയാണ് വിപുലയോഗം വിളിക്കുന്ന കാര്യം മന്ത്രി തീരുമാനിച്ചത്. കോളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു. കോൾകർഷകസംഘം നേതാക്കളോടും പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ചത്തെ യോഗത്തിനു മുമ്പുതന്നെ പരിഹാരനടപടികൾ ആരംഭിച്ചു. താമരവളത്തെ താത്കാലിക ബണ്ടിന് പകരം റഗുലേറ്റർ നിർമാണത്തിന് അനുമതി നൽകിക്കൊണ്ടാണിത്. 90 ലക്ഷമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
Published: 26 Nov 2026, 02:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented