തിരുവില്വാമല : വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴാൻ നൂറുകണക്കിന് ഭക്തരെത്തി. പുരുഷന്മാർ മാത്രം നൂഴുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും മലമുകളിൽ എത്തിയിരുന്നു.

To advertise here,

ശനിയാഴ്ച പുലർച്ചെ ക്ഷേത്രത്തിൽനിന്ന് രാമനാമജപഘോഷയാത്രയോടെ മേൽശാന്തിയും ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ഗുഹാമുഖത്തെത്തി. മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജ നടത്തി നെല്ലിക്ക ഉരുട്ടിയ ശേഷമാണ് നൂഴൽചടങ്ങ് ആരംഭിച്ചത്. പതിവ് തെറ്റിക്കാതെ ആദ്യം ഗുഹയിൽ പ്രവേശിക്കുന്ന മലവട്ടം പാറപ്പുറത്ത് രാമചന്ദ്രൻ (ചന്തു)തന്നെയാണ് ഇത്തവണയും ആദ്യം നൂണ്ട് പുറത്തിറങ്ങിയത്.

പിന്നാലെ മറ്റുള്ള ഭക്തരും നൂണ്ടുതുടങ്ങി. പ്രവേശന കവാടത്തിൽനിന്ന് മുപ്പത് മീറ്ററോളം താണ്ടി മുകളിലെത്താൻ അരമണിക്കൂറിലധികം വേണം. ഇടുങ്ങിയ വഴിയിലൂടെ കൂരിരുട്ടിൽ, മുന്നിലുള്ളയാളുടെ കാലിൽ പിടിച്ച് അവരുടെ നിർദേശമനുസരിച്ച് മലർന്നും ചെരിഞ്ഞും കമിഴ്ന്നും നിരങ്ങി വേണം മുകളിലെത്താൻ. മുകളിലേക്ക് വരുന്നതിന്റെ കൂടെ താഴെ വരുന്നവർക്ക് നിർദേശവും നൽകണം.

പുറത്തെത്തുന്നതോടെ പുനർജന്മം നേടിയതായാണ് വിശ്വാസം. രാത്രിയാകുംവരെ പുനർജനി നൂഴാൻ ഭക്തരെത്തിയിരുന്നു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ചശ്ശീവേലി, മേളം, പഞ്ചവാദ്യം, പ്രസാദ വിതരണം വൈകീട്ട് വിളക്കുവെപ്പ് എന്നിവയുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡ്, പഞ്ചായത്ത്, പോലീസ്, ഫോറസ്റ്റ്, അഗ്നി രക്ഷാ സേന, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, സേവാഭാരതി, ലയൺസ് ക്ലബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.