ഗുരുവായൂർ : മുതിർന്ന കർണാടകസംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണയ്യരുടെ നേതൃത്വത്തിൽ സംഗീതജ്ഞർ ഒന്നിച്ചിരുന്ന് മംഗളകീർത്തനം ആലപിച്ചു. 'വാതാപി'യോടെ തുടങ്ങി, 'രക്ഷമാം ശരണാഗതം','സാരസാക്ഷപരിപാലയ','പാവന ഗുരു' എന്നീ കീർത്തനങ്ങൾക്കുശേഷം പ്രശസ്തമായ 'കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണ' എന്ന കീർത്തനംകൂടി ആലപിച്ചതോടെ സദസ്സ് മതിമറന്നിരുന്നു. അതോടെ രണ്ടാഴ്ച നീണ്ടുനിന്ന ചെമ്പൈ സംഗീതോത്സവത്തിന് ശനിയാഴ്ച രാത്രി ഒൻപതരയോടെ തിരശ്ശീല വീണു.

To advertise here,

പ്രായാധിക്യത്തിന്റെ അവശതകളുണ്ടായിട്ടും ടി.വി.ജി, ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപനകീർത്തനാലാപനത്തിന് മുടങ്ങാതെ എത്തുകയായിരുന്നു.

ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി, കെ. മണികണ്ഠൻ, ആനയടി പ്രസാദ് തുടങ്ങിയ സംഗീതജ്ഞർ ടി.വി.ജി.ക്കൊപ്പം പാടി. സമാപനച്ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗങ്ങളും ചെമ്പൈ സംഗീതോത്സവ സബ്കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.