ഏനാമാക്കൽ : വിവിധ ആവശ്യങ്ങളുന്നയിച്ച് കോൾക്കർഷകർ സമരത്തിലേക്ക്. ജലസേചനത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും ഷട്ടറുകളിലൂടെയും ബണ്ടുകളിലൂടെയും വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതായും ഇൻഷുറൻസ് ക്ലെയിം തുക ലഭിക്കുന്നില്ലെന്നും കർഷകർ ആരോപിച്ചു.
ഏനാമാവ് മുല്ലശ്ശേരി കോൾക്കർഷക കൂട്ടായ്മയുടെയും തൃശ്ശൂർ ജില്ലാ നെൽക്കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്ച ഏനാമാവ് ഷട്ടർ പരിസരത്ത് പ്രതിഷേധ സത്യാഗ്രഹം നടത്തും. നിലവിൽ ഏനാമാവിലെ ജലനിരപ്പ് 54 സെന്റീമീറ്റർ മാത്രമാണ്. കോൾനിലങ്ങളിൽ കൃത്യമായ ജലസേചനം ഉറപ്പാക്കാൻ 90 സെന്റീമീറ്റർ ജലനിരപ്പ് ആവശ്യമാണ്.
ചിമ്മിനി ഡാമിൽനിന്ന് അടിയന്തരമായി വെള്ളമെത്തിച്ചില്ലെങ്കിൽ നെൽക്കൃഷി ഉണങ്ങിപ്പോകുന്ന സാഹചര്യമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി. ഏനാമാവിലെ തകർന്ന ഷട്ടറിലൂടെ ഉപ്പുവെള്ളം കയറുന്നതും താമരവളയം ബണ്ട് നിർമിക്കാത്തതിനാൽ കുത്തുമാക്കൽ വഴി വെള്ളം കടലിലേക്ക് ഒഴുകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇല്ലിക്കൽ ഷട്ടറിലെ ചോർച്ച, മുനയം ബണ്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക്, ഏനാമാവിലെ താത്കാലിക ബണ്ട് നിർമാണം ആരംഭിക്കാത്തത് എന്നിവയും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
2024, 2025 വർഷങ്ങളിലെ പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഇൻഷുറൻസ് ക്ലെയിം തുക ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ലെന്നും ഈ വർഷത്തെ പ്രീമിയം അടയ്ക്കേണ്ട സമയമായെന്നും കർഷകർ പറയുന്നു.
ഏനാമാവിലെ താത്കാലിക ബണ്ട് നിർമാണം ഉടൻ ആരംഭിക്കുക, താമരവളയം, ഇല്ലിക്കൽ, മുനയം എന്നിവിടങ്ങളിലെ വെള്ളച്ചോർച്ച തടയുക, ചിമ്മിനി ഡാമിൽനിന്ന് അടിയന്തരമായി വെള്ളമെത്തിക്കുക, കുടിശ്ശികയായ ഇൻഷുറൻസ് ക്ലെയിം തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് തൃശ്ശൂർ ജില്ലാ നെൽക്കർഷകസംഘം രക്ഷാധികാരിയും ഏനാമാവ് മുല്ലശ്ശേരി കോൾക്കർഷക കൂട്ടായ്മ കൺവീനറുമായ പി. പരമേശ്വരൻ, ജില്ലാ നെൽക്കർഷകസംഘം പ്രസിഡന്റ് സി.എ. ആന്റോ എന്നിവർ പറഞ്ഞു.
Published: 21 Nov 2026, 03:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented