ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗത്തിലെ തീരുമാനം നടപ്പായില്ല

To advertise here,

ദേശീയപാത നിർമാണത്തിനു പുറമേ മണ്ഡലകാല തീർഥാടകരുടെ വരവും തിരക്ക് കൂട്ടി

തൃപ്രയാർ : ക്ഷേത്രം റോഡിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും മാറ്റമില്ലാതെ തുടരുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിൽ. റോഡരികിലെ അനധികൃത കച്ചവടവും കൈയേറ്റങ്ങളും ഒഴിപ്പിച്ച് തീർഥാടകരുടെയും മറ്റു യാത്രക്കാരുടെയും യാത്ര സുഗമമാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടി തീരുമാനമെടുത്തെങ്കിലും ശുപാർശകൾ ഒന്നും നടപ്പായില്ലെന്നുമാത്രമല്ല ദിനംപ്രതി തിരക്ക് ഏറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്.

ദേശീയപാത 66 മേൽപ്പാലത്തിനു താഴെയുള്ള റോഡിൽ ആറു ഭാഗത്തുനിന്നാണ് വാഹനങ്ങൾ സംഗമിക്കുന്നത്. പടിഞ്ഞാറുനിന്നും കിഴക്കുനിന്നുമുള്ള വാഹനങ്ങൾ, തെക്കുഭാഗത്തുനിന്നും വടക്കുഭാഗത്തുനിന്നുമുള്ള നാലു സർവീസ് റോഡുകളിലെ വാഹനങ്ങളും ഇവിടേക്കാണ് എത്തുന്നത്.

മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപ്പെടുന്ന അവസ്ഥയാണ്. പോളി ജങ്ഷനിൽ നാലുഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നതിനാൽ ഇവിടെ കാൽനടയാത്രപോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഡിസംബർ നാലിനാണ്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം റോഡിൽ നടക്കുന്ന ഒരുക്കങ്ങളുടെ ഭാഗമായി ഇപ്പോൾ തിരക്ക് വർധിച്ചിരിക്കുകയാണ്.

ഇതിനുപുറമേ മണ്ഡലകാലമായതിനാൽ ശബരിമല തീർഥാടകരുടെ വാഹനങ്ങളും അധികമായി ഇവിടെയെത്തുന്നുണ്ട്. നടപ്പാതകൾ കൈയേറി വഴിയോരക്കച്ചവടം തകൃതിയാണ് ഇവിടെ. ഇതുമൂലം റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ് കാൽനടയാത്രക്കാർക്ക്. അധികൃതരുടെ മൂക്കിനുതാഴെ ഇത്രയും നിയമലംഘനങ്ങൾ നടക്കുമ്പോഴും തിരക്കിൽ ജനം വീർപ്പുമുട്ടുമ്പോഴും നിയന്ത്രിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഒന്നും സ്ഥാപിച്ചിട്ടില്ല.

പാലത്തിനുതാഴെ ക്ഷേത്രം റോഡിനുകുറുകേ ദേശീയപാതയ്ക്കുവേണ്ടി നിർമിക്കുന്ന കാനയുടെ പണി പൂർത്തിയാക്കാതെ കുപ്പിക്കഴുത്തുപോലെയാണ് ഇവിടം ഇപ്പോൾ. മിക്ക സമയങ്ങളിലും തൃപ്രയാർ ജങ്ഷൻ മുതൽ പാലംവരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയാണ്.

കുരുക്കൊഴിവാക്കാൻ ക്ഷേത്രം റോഡിലെ അനധികൃത ഷെഡ്ഡുകളും കടകളും നീക്കംചെയ്യാൻ മാസങ്ങൾക്കുമുൻപ് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം ചേർന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാരും കച്ചവടക്കാരും ആരോപിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. തീരുമാനങ്ങൾ ഒന്നും നടപ്പായതുമില്ല.