ചേലക്കര : ചേലക്കര ആശുപത്രിയിൽ കെട്ടിടം നിർമിച്ച് നാലു വർഷത്തിലധികമായെങ്കിലും ഇനിയും ശസ്ത്രക്രിയ വിഭാഗമുൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിച്ചിട്ടില്ല. ബഹുനിലക്കെട്ടിടവും ശസ്ത്രക്രിയാ വിഭാഗവും ഇപ്പോഴും അടഞ്ഞുതന്നെ.

To advertise here,

2010-ലാണ് കമ്യുണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തിയത്. എങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ സേവനങ്ങളെ കാര്യമായി ബാധിച്ചു. രാത്രികാല ചികിത്സ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നിരവധിയായിരുന്നു.

അഞ്ച് കോടിയോളം രൂപ ചെലവഴിച്ചാണ് ശസ്ത്രക്രിയാവിഭാഗം, പ്രസവവാർഡ്, കുട്ടികളുടെയും സ്ത്രീകളുടെയും വാർഡുകൾ, അത്യാഹിതവിഭാഗം തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടം നിർമിച്ചത്.കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ സ്‌ട്രെച്ചറിൽ രോഗിയെ മുകളിലത്തെ നിലയിലേക്ക് എത്തിക്കാൻ സാധിക്കാത്തതുൾപ്പെടെയുള്ള തടസ്സവാദങ്ങളാണ് കെട്ടിടം തുറന്നു കൊടുക്കാൻ വൈകുന്നതെന്നാണ് അറിയുന്നത്.

ഇതോടെ സമീപത്തെ സ്ഥലം വാങ്ങി, പുതിയ കെട്ടിടം നിർമിച്ച് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ അധികൃതരുടെ പരിഗണനയിൽ. ഇതിനുപുറമേ ആശുപത്രിയിൽ രാത്രികാലചികിത്സ കാര്യക്ഷമമാക്കണമെന്നാവശ്യവും ശക്തമാണ്.

രാത്രിയിൽ ഒരു ഡോക്ടറുടെയും രണ്ടു നഴ്‌സുമാരുടെയും സേവനം മാത്രമാണുള്ളത്. രാത്രിയിൽ ഫാർമസി, ലാബ്, ഇ.സി.ജി. സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ആറുവരെ മാത്രമാണ് ഇവയുടെ സേവനം ലഭിക്കുക. 700-900 രോഗികളാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നത്.

ശസ്ത്രക്രിയാ വിഭാഗം ഇല്ലാത്തതിനാൽ സ്ത്രീരോഗവിഭാഗം ഡോക്ടർമാരുടെ സേവനവും കാര്യക്ഷമമല്ല. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനാവശ്യമായ നിലയിലേക്ക് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കേണ്ടതുണ്ട്.