ഇരിങ്ങാലക്കുട : വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി. കരാർ മീറ്റർ റീഡർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സർക്കിളിൽ വരുന്ന 50-ഓളം മീറ്റർ റീഡർമാർ വൈദ്യുതി ഭവനിലെത്തി ആവശ്യങ്ങളടങ്ങിയ നിവേദനം അധികാരികൾക്ക് കൈമാറി.

To advertise here,

ജില്ലാ കോഡിനേറ്റർ ഷാജൻ പുത്തൻചിറ, ജില്ലാ പ്രസിഡന്റ് ബിവിൻ വക്കച്ചൻ, ജില്ലാ സെക്രട്ടറി മഹേഷ്, ട്രഷറർ സുബ്രഹ്മണി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കെ.എസ്.ഇ.ബി.യിൽ ജോലി ചെയ്യുന്ന കരാർ മീറ്റർ റീഡർമാർ വളരെയധികം തൊഴിൽ ചൂഷണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

ഓരോ മാസവും പ്രാദേശികമായും അല്ലാതെയും വരുത്തുന്ന പരിഷ്‌കാരങ്ങൾ കരാർ മീറ്റർ റീഡർമാരെ ഉപയോഗിച്ച് തുച്ഛമായ വേതനം നൽകി ചെയ്യിക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ, കാലാവസ്ഥ, പട്ടി, പാമ്പ്, കടന്നൽ എന്നിവയെല്ലാം തരണം ചെയ്തുവേണം ഈ തൊഴിൽ ചെയ്യാൻ.

പലതവണ ആർ.എം.ഡി. വിഷയത്തിലെ ആശങ്കകൾ അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടും ഒന്നും പരിഗണിക്കാതെ ജോലികൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ മാന്യമായ വേതനവും നൽകാൻ നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

മാന്യമായ പരിഹാരം ഉണ്ടാക്കുകയും ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വേതന വർധന ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അംഗീകരിക്കാതെ പണിമുടക്കിൽനിന്ന്‌ പിന്മാറുകയില്ലെന്നും കരാർ മീറ്റർ റീഡേഴ്സ് കൂട്ടായ്മ നിവേദനത്തിൽ വ്യക്തമാക്കി.