തൃശ്ശൂർ : സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ സർക്കാർ ഗുരുതര വീഴ്ചവരുത്തിയതായി ആരോപിച്ച് ബി.ജെ.പി. സിറ്റി ജില്ലാക്കമ്മിറ്റി ഗെയിംസ് വേദിയിലേക്ക് മാർച്ച് നടത്തി. വേദിക്കു സമീപം പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ ജലപീരങ്കി പ്രയോഗിച്ചു. റോഡുപരോധിച്ച ബി.ജെ.പി. പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്ത് നീക്കി.

To advertise here,

തുടർന്നു നടന്ന പ്രതിഷേധ യോഗം ബി.ജെ.പി. സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിയത് ആവശ്യമായ തയ്യാറെടുപ്പില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങൾക്കാവശ്യമായ കുടിവെള്ളം, ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. സ്വന്തം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾഗെയിംസ് പോലും മര്യാദയ്ക്കു നടത്താൻ കഴിയാത്ത കായികമന്ത്രി ഒ.ജെ. ജനീഷ് രാജിവെക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം നാടു ചുറ്റിക്കാണുന്നതിലാണ് മന്ത്രിക്ക് താത്പര്യമെന്നും അനീഷ്‌കുമാർ കുറ്റപ്പെടുത്തി.

സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.ആർ. ഹരി, സുജയ് സേനൻ, ഡോ. വി. ആതിര, സബീഷ് മരതയൂർ, ദിനേഷ് കുമാർ കരിപ്പേരിൽ, പ്രവീൺ പേനിക്കാട്ട്, സീനാ ശശി, മനു പള്ളത്ത്, ശീതൾരാജ, തുടങ്ങിയവർ നേതൃത്വം നൽകി.