കയാക്കിങ് യാത്രകൾക്ക് ഇന്ന് തുടക്കം

To advertise here,

കൊടുങ്ങല്ലൂർ : ജലകായിക വിനോദസഞ്ചാര പദ്ധതികളിലുൾപ്പെടുത്തി മുസിരിസിന്റെ ജലപാതകൾ ഒരിടവേളക്കുശേഷം വീണ്ടും സജീവമാകുന്നു. സർക്കാർ വിഭാവനചെയ്ത കയാക്കിങ്, കനോയിങ് യാത്രകൾക്കും പരിശീലനത്തിനും ഞായറാഴ്ച തുടക്കമാകും.

കയാക്കിങ്‌യാത്രകൾ ഞായറാഴ്ച വൈകീട്ട് പറവൂർ തട്ടുകടവ് വാട്ടർ ഫ്രണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വിനോദ സഞ്ചാരവകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷനാകും.

ഇരുപത്തിയാറ് പുതിയ സിംഗിൾ-ഡബിൾ കയാക്കുകൾ പദ്ധതി പ്രദേശത്ത് എത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പൈതൃകപദ്ധതി പ്രദേശങ്ങളിലെ 14 ബോട്ടുജെട്ടികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കയാക്കിങ്‌ യാത്രകളും ആരംഭിക്കും. രാവിലെ 5.30 മുതൽ 6.30 വരെയാണ് കയാക്കിങ് സമയം. ക്രമേണ കയാക്കിങ്, കാനോയിങ് പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കും.

ഇതോടൊപ്പം തട്ടുകടവിൽ നാലുവർഷമായി നിർത്തിവെച്ചിരുന്ന വാട്ടർ ടാക്‌സികളുടെ സർവീസും ഞായറാഴ്ച പുനരാംരംഭിക്കും. ആറ് സീറ്റുകൾ വീതമുള്ള രണ്ട് വാട്ടർടാക്‌സികളാണ് സർവീസ് നടത്തുക. പാലിയം ക്ലസ്റ്റർ, കോട്ട കോവിലകം ക്ലസ്റ്റർ, ചേന്ദമംഗലം ക്ലസ്റ്റർ എന്നിങ്ങനെയാണ് ഇത്. അതേസമയം കോട്ടപ്പുറത്തുനിന്ന്‌ പാലിയം നാലുകെട്ട്, പാലിയം കൊട്ടാരം, ചേന്ദമംഗലം സിനഗോഗ് തുടങ്ങിയ പൈതൃകപദ്ധതിപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹോപ് ഓൺ, ഹോപ് ഓഫ് ബോട്ട്‌സർവീസുകൾ പുനരാംഭിക്കാൻ ഇനിയും സമയമെടുക്കും. ബോട്ടുകൾ കേടുവന്നതിനെത്തുടർന്ന് കഴിഞ്ഞ നാലു മാസത്തോളമായി സർവീസുകൾ നിശ്ചലമായിട്ട്. ഇതിൽ മൂന്ന് ബോട്ടുകൾ ഒരു മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസിനെത്തിക്കുന്നതോടെ മുസിരിസിന്റെ സഞ്ചാരപഥങ്ങൾ പൂർണതോതിൽ സജീവമാകും.