ചൊക്കന : പ്ലാന്റേഷൻ മേഖലയിലെ റബ്ബർ തോട്ടങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപവും കാട്ടാനശല്യം രൂക്ഷം. വനംവകുപ്പിന്റെ എതിർപ്പുള്ളതിനാൽ തോട്ടത്തിന് ചുറ്റും ട്രഞ്ച് നിർമിക്കാനുള്ള കമ്പനിയുടെ ശ്രമവും നടന്നിട്ടില്ല. കുറച്ചുദൂരം ട്രഞ്ച് കുഴിച്ചതിനെ തുടർന്ന് എസ്റ്റേറ്റ്‌ മാനേജർക്കെതിരേ വനംവകുപ്പ് കേസെടുത്തതോടെ ആ ശ്രമവും ഉപേക്ഷിച്ചു. സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പ് തോട്ടം തൊഴിലാളികൾ ഹൈക്കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.

To advertise here,

 

തൊഴിലാളികളുടേയും തോട്ടത്തിന്റെയും സുരക്ഷയ്ക്കാ‌യി സ്ഥാപിച്ച വൈദ്യുതി വേലികൾ ആനകൾ മരം മറിച്ചിട്ട് തകരാറിലാക്കുന്നതിനാൽ ഫലപ്രദമല്ല. പകരം ട്രഞ്ച് താഴ്ത്തി സുരക്ഷയൊരുക്കണമെന്ന് തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്തിട്ടുമില്ല. വനാതിർത്തിയിൽ കാട്ടാനകളെ തടയാൻ സംവിധാനങ്ങളില്ലാത്തതിനാൽ എളുപ്പത്തിൽ തോട്ടം മേഖലയിലേക്ക് പ്രവേശിക്കാനാകും.

കാട്ടാനകൾ കൂട്ടമായെത്തി നാശനഷ്ടമുണ്ടാക്കുന്നതും തൊഴിലാളികളെ ഓടിക്കുന്നതും പതിവാണ്. ജോലിക്ക് പോകുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും കാട്ടാനയ്ക്ക്‌ മുന്നിൽപ്പെടുന്നത് പതിവാണ്‌.

ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച കാട്ടാനശല്യം ആറുവർഷമായി രൂക്ഷമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് വളരെ അപൂർവമായി കണ്ടിരുന്ന ആനകൾ പാഡികൾക്ക് മുന്നിലൂടെ കൂട്ടമായി പോകുന്നത് ഇപ്പോൾ പതിവുകാഴ്ചയാണ്. സന്ധ്യ കഴിഞ്ഞാൽ കാട്ടാനകൾ ഇറങ്ങുന്നതിനാൽ ആശുപത്രി ആവശ്യത്തിന് പോലും ഓട്ടോറിക്ഷകൾ വരില്ല.

പുഴയോരത്തും പാഡിക്ക് സമീപവും നടത്തിയിരുന്ന കൃഷിയൊന്നും ഇപ്പോൾ നടത്താനാവാത്ത സാഹചര്യമാണ്. റബ്ബർ മരം മറിച്ചിട്ടും ഇലയും തൊലിയും തിന്നും നിത്യേന 200-ഓളം മരങ്ങൾ നശിപ്പിക്കുന്നതായി തൊഴിലാളികൾ പറയുന്നു. ചൊക്കന ഡിവിഷനിൽ 500 ഹെക്ടർ തോട്ടഭൂമിയാണുള്ളത്. ഇതിൽ പകുതിയിലേറെ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. കാലാവധി കഴിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ടെങ്കിലും പുതിയ തൈകൾ പ്ലാന്റ് ചെയ്യാനാകാത്ത സാഹചര്യമാണ്.

പ്ലാന്റേഷനുവേണ്ടി നട്ടുപിടിപ്പിച്ച ഒന്നര ലക്ഷം റബ്ബർ തൈകളും ടാപ്പ് ചെയ്യാറായ രണ്ടുലക്ഷത്തോളം മരങ്ങളും നശിപ്പിച്ചു. മരങ്ങളില്ലാത്ത പ്രദേശത്ത് പടർന്ന വള്ളിച്ചെടികളും പാഴ്‌ച്ചെടികളും വളർന്ന് കിടക്കുന്നതിനാൽ കാട്ടാനകൾക്ക്‌ തോട്ടം മേഖലയിൽ തീറ്റ സുലഭമാണ്. ഇവ തിന്നാൻ വേണ്ടിയും സമീപത്തെ പുഴയിലെ വെള്ളംകുടിക്കാൻ വേണ്ടിയും കൂടിയാണ് വനത്തിൽനിന്ന് തോട്ടം മേഖലയിലേക്ക് കടക്കുന്നത്. വന്യമൃഗ ശല്യവും തൊഴിലിടം നഷ്ടമായതോടെ ഇതിനകം നിരവധി കുടുംബങ്ങൾ പാഡികൾ ഉപേക്ഷിച്ചുപോയി.