ചെന്നൈ : ശനിയാഴ്ചരാവിലെ അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം. ഒട്ടേറെ രാഷ്ട്രീയനേതാക്കളും അനുശോചിച്ചു. ടി. നഗറിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ ജനങ്ങൾ ഒഴുകിയെത്തി. മുഖ്യമന്ത്രി ജോസഫ് വിജയ്, അമ്മ ശോഭ, സൂപ്പർസ്റ്റാർ രജനീകാന്ത്, കമൽഹാസൻ, ഖുശ്ബു, ശിവകുമാർ, സംഗീതസംവിധായകൻ ഗംഗൈ അമരൻ, ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ടി.എൻ.സി.സി. പ്രസിഡന്റ് മാണിക്കം ടാഗോർ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിജയ് സേതുപതി, ആർ.ജെ. ബാലാജി, പ്രഭുദേവ, നിവിൻപോളി തുടങ്ങിയ താരങ്ങൾ അനുശോചനമറിയിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, വി.സി.കെ. നേതാവ് തിരുമാവളവൻ തുടങ്ങിയവരും അനുശോചിച്ചു.
ആത്മാവുമായി ഇഴചേർന്ന ഈണങ്ങൾ: എ.ആർ. റഹ്മാൻ
ചെന്നൈ: ദേവയുടെ പാട്ടുകൾ തമിഴ് സംഗീതത്തിന്റെ ആത്മാവുമായി ഇഴചേർന്നതായിരുന്നുവെന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. ദേവയുടെ ഈണങ്ങൾ നിരവധി തലമുറകളുടെ ഹൃദയങ്ങളെ സ്പർശിച്ചു. വരുംതലമുറകളിലും അവ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുമെന്നും റഹ്മാൻ പറഞ്ഞു.
ദേവ നല്ലൊരു മനുഷ്യൻ- രജനീകാന്ത്
ചെന്നൈ: മികച്ച സംഗീതസംവിധായകൻ എന്നതു പോലെത്തന്നെ തിളക്കമുള്ള മനസ്സിന് ഉടമയായിരുന്നു ദേവയെന്ന് രജനീകാന്ത് അനുസ്മരിച്ചു. 'എന്റെ അണ്ണാമലൈ, ബാഷ, അരുണാചലം എന്ന ചിത്രങ്ങളുടെ സംഗീതസംവിധായനാണ് ദേവ. മൂന്നും വലിയ ഹിറ്റുകളായിരുന്നു. പക്ഷേ, എന്റെ സുഹൃത്തുക്കൾ 'പടയപ്പ' എന്ന ചിത്രത്തിനായി എ.ആർ. റഹ്മാനെ കരാർചെയ്യാൻ പറഞ്ഞു. പകുതിമനസ്സോടെ ഞാൻ ദേവയോട് ഇക്കാര്യം പറഞ്ഞു. ഇതുകേട്ട് ദേവ എഴുന്നേറ്റുനിന്ന് കൈപിടിച്ചു പറഞ്ഞു, 'റഹ്മാൻ മിടുക്കനാണ്. അവൻ വളരുകയാണ്. നിങ്ങൾ അവനോടൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്.' ഇതിൽനിന്നു തന്നെ മനസ്സിലാക്കാം ദേവ ഒരു മികച്ച മനുഷ്യനാണെന്ന് - രജനീകാന്ത് അനുശോചനം അറിയിച്ചുള്ള വീഡിയോസന്ദേശത്തിൽ പറഞ്ഞു.
ചുറുചുറുക്കുള്ള സംഗീതസംവിധായകൻ - കമൽഹാസൻ
ചെന്നൈ : ഉത്സാഹവും ചുറുചുറുക്കും നർമവുമുള്ള സംഗീതസംവിധായകനായിരുന്നു ദേവയെന്ന് നടൻ കമൽഹാസൻ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.
അവ്വൈ ഷൺമുഖി', 'പമ്മൽ കെ. സംബന്ധം', 'പഞ്ചതന്ത്രം' തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു.
മികച്ച ഒരു സംഗീതസംവിധായകനെയാണ് തമിഴ് സിനിമയ്ക്ക് നഷ്ടമായിരിക്കുന്നതെന്നും കമൽ പറഞ്ഞു.
Published: 18 Oct 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented