നെയ്യാറ്റിൻകര : കേരള നവോത്ഥാനത്തിനു തുടക്കമിട്ട അരുവിപ്പുറത്തെ തീർഥാടനകേന്ദ്രത്തിലേക്കുള്ള പ്രധാന പാതയായ അരുവിപ്പുറം-പാഞ്ചിക്കാട്-അറക്കുന്ന് റോഡ് തകർന്നിട്ടും നവീകരണത്തിനു നടപടിയില്ല. രണ്ടര കിലോമീറ്റർ ദൂരമുള്ള നെയ്യാറിനോടു ചേർന്നുള്ള ഈ റോഡ് കുണ്ടുംകുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായെങ്കിലും നവീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പിനോ നഗരസഭയ്‌ക്കോ പദ്ധതിയില്ല.

To advertise here,

നവോത്ഥാനത്തിനു തുടക്കമിട്ട് അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ തീർഥാടനകേന്ദ്രത്തിലേക്ക്‌ എത്തിച്ചേരാൻ മൂന്ന് വഴികളാണുള്ളത്. പെരുമ്പഴുതൂർ, അയിരൂർ, പാഞ്ചിക്കാട് എന്നിവിടങ്ങൾ വഴിയാണ് അരുവിപ്പുറത്തേക്ക്‌ എത്തുന്നത്. ഇതിൽ പെരുമ്പഴുതൂർ-അരുവിപ്പുറം, പെരുങ്കടവിള-അരുവിപ്പുറം റോഡ് നവീകരിച്ചു. എന്നാൽ അറക്കുന്ന് കടവിൽനിന്നാരംഭിക്കുന്ന പാഞ്ചിക്കാടുവഴിയുള്ള റോഡ് നവീകരിക്കാൻ ഇതുവരെ പദ്ധതിയായിട്ടില്ല.

ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് പ്രളയത്തിൽ നെയ്യാർ നിറഞ്ഞൊഴുകി റോഡിന്റെ പലഭാഗവും തകർന്ന് ഇവിടുള്ളവർ ഒറ്റപ്പെട്ടുപോയിരുന്നു. തുടർന്ന് സർക്കാർ 2.70 കോടി രൂപ അനുവദിച്ച് റോഡ് നവീകരിച്ചു. ഇതിനുശേഷം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നെയ്യാർ കരകവിഞ്ഞതുകാരണം റോഡിന്റെ പാർശ്വഭിത്തി തകർന്നിരുന്നു. ഇത് 40 ലക്ഷം രൂപ മുടക്കി നവീകരിച്ചിരുന്നു.

മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന റോഡിൽ ആധുനിക സങ്കേതികവിദ്യയിൽ റോഡ് നവീകരിച്ചാലെ ശാശ്വതമായി ടാറിടുന്നത് നിലനിൽക്കൂ. എന്നാൽ ഇതിനുള്ള നടപടിയെടുക്കാതെ സാധാരണ ടാറിങ് നടത്തുന്നതാണ് റോഡ് വീണ്ടും പൊട്ടിപ്പൊളിയാൻ ഇടയാകുന്നത്. ശിവരാത്രി കാലത്താണ് അരുവിപ്പുറത്തെ തീർഥാടനം ആരംഭിക്കുന്നത്. ജില്ലയിലെ മറ്റുസ്ഥലങ്ങളിൽനിന്നുള്ളവർ തീർഥാടനത്തിനെത്തുന്ന ഈ പ്രധാന റോഡ് തകർന്നുകിടക്കുന്നതു തീർഥാടനകാലത്ത് വെല്ലുവിളിയാകും.