ഏങ്ങണ്ടിയൂർ : മിനിലോറിയിൽ കൊണ്ടുപോകുകയായിരുന്ന സി.എൻ.ജി. സിലിൻഡറുകളിലൊന്നിൽനിന്ന് ഗ്യാസ് ചോർന്നത് ചേറ്റുവയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ദേശീയപാത 66-ൽ ചേറ്റുവ പാലത്തിനുസമീപം വലിയ ശബ്ദത്തോടെയാണ് ഗ്യാസ് ചോർന്നത്. വെള്ളിയാഴ്ച രാവിലെ 9.15-നാണ് സംഭവം, കുന്നംകുളത്തുനിന്ന് നാട്ടിക ഭാഗത്തേക്കു കൊണ്ടുപോയിരുന്ന സി.എൻ.ജി. സിലിൻഡറിലാണ് ചോർച്ചയുണ്ടായത്. ഉടൻ ഡ്രൈവർ വണ്ടിനിർത്തി സിലിൻഡറിന്റെ വാൽവ് അടച്ച് വാതകചോർച്ച തടഞ്ഞു.

To advertise here,

വിവരമറിഞ്ഞ് ഗുരുവായൂരിൽനിന്നും നാട്ടികയിൽനിന്നും അഗ്നി രക്ഷാസേനയുടെ യൂണിറ്റുകളും വാടാനപ്പള്ളി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നി രക്ഷാസേനയെത്തുമ്പോൾ ചോർച്ച ഭാഗികമായി അടച്ചിരുന്നു. കൂടുതൽ അപകടമുണ്ടാകാതിരിക്കാനുള്ള നടപടികൾ അഗ്നി രക്ഷാസേന സ്വീകരിച്ചു. തൃശ്ശൂരിൽനിന്ന് ടെക്നീഷ്യൻ വന്ന് വാഹനം പൂർണമായും ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.സി. സജീവ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിയാജി. കെ. ബാബു, ഫയർ ഓഫീസർമാരായ സമീർ, ഗോപകുമാർ, ഷിയാസ്, മുകുന്ദൻ, കിഷോർ, എച്ച്.ജി. ആനന്ദ്, സതീഷ്, ജോയി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.