എരുമേലി : സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള നിയമസഭാ പരിസ്ഥിതിസമിതി എം.എൽ.എമാർ എരുമേലിയിൽ എത്തിയപ്പോൾ അവർക്കും വേദനയായിരുന്നു, ലക്ഷേപലക്ഷം അയ്യപ്പഭക്തർ പേട്ടതുള്ളിയശേഷം കുളിക്കാനിറങ്ങുന്ന കുളിക്കടവിന്റെ അവസ്ഥ. കുളിക്കടവിൽ ഉൾപ്പെടെ എരുമേലി വലിയതോട് നേരിടുന്ന മലിനീകരണം, കൈയ്യേറ്റം സമിതിക്കു മുമ്പിൽ ചർച്ചയായി. കുളിക്കടവിന്റെ ശുചീകരണം, തോട് പുറമ്പോക്ക് കൈയ്യേറ്റം...പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് നിർദേശം നൽകി.നേരിൽക്കണ്ട കാഴ്ചകളിൽ അതൃപ്തി രേഖപ്പെടുത്തി നിയമസഭാ പരിസ്ഥിതിസമിതി അംഗങ്ങൾ മടങ്ങി. ഇവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വകുപ്പുകൾ ഉണർന്നു. എരുമേലി ധർമശാസ്താ ക്ഷേത്രത്തിന് മുമ്പിലുള്ള കുളിക്കടവിലെ മലിനീകരണം സംസ്ഥാന എ.ഡി.ജി.പി. പി. വിജയന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കുളിക്കടവ് മാലിന്യമുക്തമാക്കാൻ പോലീസും ഉണർന്നു. പോലീസിന്റെ നേതൃത്വത്തിൽ കുളിക്കടവ് ശുചീകരിച്ചു.

To advertise here,

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി. ജോസഫ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ദേവസ്വം, പഞ്ചായത്ത്, അഗ്നിരക്ഷാസേന, വനപാലകർ, എക്‌സൈസ്, മോട്ടോർവാഹനവകുപ്പ്, റവന്യൂ, ആരോഗ്യവകുപ്പ്, സി.ഡി.എസ്, അസംപ്ഷൻ ഫൊറോന, വ്യാപാരിവ്യവസായി, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.എരുമേലി വലിയതോടിനെ സംരക്ഷിക്കാൻ, മാലിന്യമുക്തമാക്കാൻ, കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടികൾ നടക്കുകയാണ് ഇറിഗേഷൻ, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ.