ആലപ്പുഴ : കര, റെയിൽ, ജല ഗതാഗത മേഖലകളിൽ ഒരുപോലെ പ്രതിസന്ധി നേരിടുകയാണ് ജില്ല. വർഷങ്ങളായി പദ്ധതികളും നവീകരണപ്രവർത്തനങ്ങളും പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ടെങ്കിലും യാത്രാദുരിതത്തിനു കാര്യമായ കുറവില്ല. ചില പദ്ധതികൾ പാതിവഴിയിൽ മുടങ്ങുമ്പോൾ മറ്റു ചിലത് ലക്ഷ്യത്തിലെത്തിയിട്ടും പ്രതീക്ഷിച്ച മാറ്റമുണ്ടാക്കുന്നില്ല. റോഡുകളുടെ മോശം സ്ഥിതി, ഗതാഗതക്കുരുക്ക്, റെയിൽ ഗതാഗതത്തിലെ പരിമിതികൾ, ജലഗതാഗത മേഖലയിലെ പിന്നാക്കാവസ്ഥ തുടങ്ങി യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്. വികസനപദ്ധതികൾ പലതുണ്ടെങ്കിലും അവയുടെ പ്രയോജനം ജനങ്ങളിലേക്ക് എത്രത്തോളം എത്തുന്നുവെന്നതാണു പ്രധാന ചോദ്യം.
എന്നുതീരും ദേശീയപാത നിർമാണം?
ദേശീയപാത 66 നിർമാണം നീണ്ടുപോകുന്നതും നിർമാണത്തിനിടയിലെ അപകടങ്ങളുമാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. പല റീച്ചുകളിലും കാര്യമായ പണി നടക്കുന്നില്ല. നടക്കുന്ന പല സ്ഥലങ്ങളും അപകടമേഖലയായ ബ്ലാക്ക് സ്പോട്ടുകളാണ്. ദിവസവും ഒട്ടേറെപ്പേരാണ് അപകടത്തിൽപ്പെടുന്നത്. കരാർ കന്പനി സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ല.
ദേശീയപാത വീതികൂട്ടലിനിടെ പ്രകൃതിദത്ത തോടുകളും മറ്റു ജലസ്രോതസ്സുകളും അടഞ്ഞതുമാണ് മറ്റൊരു പ്രശ്നം. ചെറിയ മഴ പെയ്താൽപ്പോലും സർവീസ് റോഡുകളും വീടുകളും വെള്ളത്തിലാകുന്നു. കഴിഞ്ഞമാസം കൊമ്മാടിയിൽ 500-ലധികം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നാട്ടുകാർ ബൈപ്പാസ് ഉപരോധിച്ചിരുന്നു.
ഉയരപ്പാത അവസാന ഘട്ടത്തിൽ
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം 95 ശതമാനം പൂർത്തിയായി. 12.75 കിലോമീറ്റർ ദൂരത്തിൽ 425 ഒറ്റത്തൂണിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണിത്. പാതനിർമാണം പൂർത്തിയാക്കി തുറന്നു നൽകിയാലേ എറണാകുളം-ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്കിനു പരിഹാരമാകൂ. പണി ഡിസംബറിൽ തീർക്കാനാണ് കരാർ കമ്പനി ലക്ഷ്യമിടുന്നത്.
വെള്ളത്തിൽ എ.സി. റോഡ്; കുരുക്കൊഴിയാതെ എം.സി. റോഡും
647 കോടി മുടക്കി പണിത കേരളത്തിലെ ആദ്യ സെമി ഉയരപ്പാത കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. വെള്ളപ്പൊക്കമുണ്ടായാലും ഈ റോഡിൽ വെള്ളം കയറില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, മഴയിൽ മുങ്ങിപ്പോയ എ.സി. റോഡ് പല ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിവെച്ചു. കോടികൾ മുടക്കിയെങ്കിലും മഴക്കാലത്ത് ജനങ്ങൾക്കു പ്രയോജനം ലഭിച്ചില്ല.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ റോഡുകളിലൊന്നായ എം.സി. റോഡ് കടന്നുപോകുന്ന ചെങ്ങന്നൂരിന്റെ ഗതാഗതക്കുരുക്കിനു പരിഹാരമായിട്ടില്ല. നഗരത്തിലെ കുരുക്ക് ഒഴിവാക്കി സഞ്ചരിക്കണമെങ്കിൽ ബൈപ്പാസ് വേണം. എന്നാൽ, ബൈപ്പാസിനുള്ള പദ്ധതി ശൈശവാവസ്ഥയിലാണ്. സ്ഥലമേറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ നടക്കുന്നതേയുള്ളൂ. മധ്യ തിരുവിതാംകൂറിലെ മറ്റു നഗരങ്ങളിൽനിന്നു ചെങ്ങന്നൂരിനെ വ്യത്യസ്തമാക്കുന്നത് ശബരിമലയുടെ കവാടമെന്ന നിലയിലാണ്.
ജലഗതാഗതം ഉണരണം
ജലഗതാഗത വകുപ്പ് വിനോദസഞ്ചാരത്തിനു കൂടുതൽ പ്രധാന്യം നൽകുന്നുണ്ടെങ്കിലും യാത്രാബോട്ടുകളിൽ അധികവും പഴയതുതന്നെ. ജില്ലയുടെ ജലഗതാഗത സൗകര്യങ്ങൾ കാലത്തിനനുസരിച്ച് മാറിയിട്ടില്ല. കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ ആലപ്പുഴയിലും തുടങ്ങണമെന്ന ആവശ്യമുയർന്നിട്ടും പദ്ധതി മുന്നോട്ടു പോകുന്നില്ല.
വിനോദസഞ്ചാരമേഖലയ്ക്കും ഗതാഗത വികസനത്തിനും വലിയ സാധ്യതകൾ തുറന്നുനൽകുന്ന പദ്ധതിയാണിത്. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) നടത്തിയ സാധ്യതാപഠനത്തിൽ ആലപ്പുഴ വാട്ടർ മെട്രോ പദ്ധതി പ്രായോഗികമാണെന്നു കണ്ടെത്തിയിട്ടുണ്ട്
ശരിയായില്ല,കെ.എസ്.ആർ.ടി.സി.യും
കായംകുളം കെ.എസ്.ആർ.സി.യിലെ കെട്ടിടങ്ങൾ പൊളിച്ചിട്ട് മാസങ്ങളായിട്ടും പുതിയതു നിർമിക്കാൻ നടപടിയായില്ല. ദേശീയപാതയും സംസ്ഥാനപാതകളും ഒത്തുചേരുന്ന കായംകുളം ഡിപ്പോയിൽനിന്ന് കാര്യമായ ദീർഘദൂര സർവീസുകളില്ല. തിരക്കേറിയ കായംകുളം-പുനലൂർ റൂട്ടിൽ രാത്രിയായാൽ ബസുകളുമില്ല. കായംകുളത്ത് ബോട്ടുജെട്ടിയുണ്ടെങ്കിലും ബോട്ട് സർവീസില്ല. മുൻപ് ചരക്കു നീക്കത്തിനാണ് ജെട്ടി ഉപയോഗിച്ചിരുന്നത്. വിനോദസഞ്ചാര വികസനത്തിനായി യാത്രാബോട്ടുകൾ ഏർപ്പെടുത്താവുന്നതാണ്.
ചേർത്തല ഡിപ്പോ കട്ടപ്പുറത്താണ്. 59 സർവീസുകൾക്ക് 79 ബസുകൾ ഉണ്ടെങ്കിലും തുടർച്ചയായി സർവീസുകൾ മുടങ്ങുന്നു. ടയറും സ്പെയർപാർട്സും ഇല്ലാത്തതിനാൽ കേടാകുന്ന വണ്ടികളുടെ അറ്റകുറ്റപ്പണി യഥാസമയം നടക്കുന്നില്ല.
Published: 24 Oct 2026, 03:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented