വള്ളികുന്നം : പൊതുമരാമത്ത് വകുപ്പിന്റെ കറ്റാനം-കാമ്പിശ്ശേരി റോഡിലെ ദൈവപ്പുരയ്ക്കൽ പാലം പുനർനിർമാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികപ്രത്യാഘാത പഠനം തുടങ്ങി. പഠനത്തിനുശേഷം പാലം വീതികൂട്ടി പുനർനിർമിക്കുന്നതിനു വേണ്ടിവരുന്ന ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം സർക്കാർ പ്രസിദ്ധീകരിക്കും. നിലവിലുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി 25 സെന്റോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നത്.
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫ. സി.പി. ബിജു കോഡിനേറ്ററും പ്രൊഫ.കെ.ഒ. വർഗീസ് റിസർച്ച് ഇൻവെസ്റ്റിഗേറ്ററും മരിയ ടെൻസി റിസർച്ച് അസോസിയേറ്റുമായ സംഘമാണ് സാമൂഹികപ്രത്യാഘാത പഠനം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് പാലംവിഭാഗം ഓവർസിയർമാരായ വി.പി. വിപിൻകുമാർ, ആർ. അഖിൽ എന്നിവർക്കൊപ്പം പഠനസംഘം കഴിഞ്ഞദിവസം പൊളിച്ചുപണിയേണ്ട പാലം സന്ദർശിച്ചു. നിർമാണത്തിനായി ഏറ്റെടുക്കാൻ കല്ലിട്ടുതിരിച്ച ഭൂമിയുടെ ഉടമകളെ നേരിൽക്കണ്ട് വിവരശേഖരണം നടത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ റോഡുപുനർനിർമാണം നടത്തുന്നതിനൊപ്പം പാലം പുതുക്കിപ്പണിയുന്നതിന് 2021-ലെ ബജറ്റിലാണ് 3.33 കോടി രൂപ അനുവദിച്ചത്. 2025-ൽ 4.15 കോടി രൂപയാക്കി അടങ്കൽ പുതുക്കി ഭരണാനുമതിയും ലഭിച്ചിരുന്നു. ഇരുവശങ്ങളിലും ഒന്നരമീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിൽ 15 മീറ്റർ നീളത്തിൽ പാലം പുനർനിർമിക്കാനായിരുന്നു പദ്ധതി. റോഡിന്റെ പുനർനിർമാണം അവസാനഘട്ടത്തിലാണ്. എന്നാൽ, ബജറ്റിൽ പണം അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പാലം പുനർനിർമാണം വൈകുന്നതു സംബന്ധിച്ച് ഒന്നിലധികം തവണ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പാലത്തിന് ഇരുവശങ്ങളിലുമായി ആവശ്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തലും മണ്ണുപരിശോധനയും പൂർത്തിയാക്കിയിട്ട് വർഷങ്ങളായി.
ടി.എ. കനാലിനു കുറുകേയുള്ള പാലത്തിന് 60 വർഷത്തിലധികം പഴക്കമുണ്ട്. കാലപ്പഴക്കംമൂലം പാലം തകർച്ചഭീഷണിയിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലെയും സംരക്ഷണഭിത്തി നാലുവർഷം മുൻപാണ് പുനർനിർമിച്ചത്. കിഫ്ബിയിൽ റോഡ് വീതികൂട്ടി പുനർനിർമിച്ചതോടെ റോഡിനു ആനുപാതികമായി വീതിയില്ലാത്ത പാലത്തിലൂടെയുള്ള യാത്ര അപകടക്കെണിയൊരുക്കുന്ന നിലയിലാണ്. ഒരുസമയം കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമാണ് പാലത്തിലൂടെ കടന്നുപോകാൻ കഴിയുന്നത്. റോഡിലെ കൊടുംവളവിലുള്ള പാലത്തിലേക്കു കയറുന്ന വാഹനയാത്രികർക്ക് എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. വർഷങ്ങളായി ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.
വള്ളികുന്നത്തിന്റെ തെക്കൻമേഖലയിലുള്ള ആളുകളും കൊല്ലം ജില്ലയിലെ തഴവ, മണപ്പള്ളി, പാവുമ്പ ഭാഗങ്ങളിലുള്ളവരും കെ.പി.റോഡിൽ ചാരുംമൂട്, കറ്റാനം ജങ്ഷനുകളിലെത്തി ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്കെത്താൻ ഉപയോഗിക്കുന്ന എളുപ്പവഴിയാണിത്. താമരക്കുളം, വള്ളികുന്നം, ചാരുംമൂട് മേഖലയിലുള്ള ആളുകൾക്ക് കരുനാഗപ്പള്ളി അടക്കം കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു പോകാനുള്ള പ്രധാനമാർഗങ്ങളിലൊന്നാണിത്. കെ.എസ്. ആർ.ടി.സി. ബസുകളും സ്വകാര്യബസുമടക്കം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി സർവീസ് നടത്തുന്നത്.
Published: 24 Oct 2026, 03:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented