കമ്പികൾ പുറത്തേക്ക് വന്നിരുന്നു

To advertise here,

പടിയൂർ : മതിലകം പാലത്തിൽ കോൺക്രീറ്റ് അടർന്ന്‌ ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിന്ന ഭാഗം ടാറിട്ട്‌ പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം. കമ്പികൾ തള്ളിനിൽക്കുന്നത് വാഹനങ്ങൾക്ക് അപകടഭീഷണിയാകുമെന്ന് കാണിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു.

എന്നാൽ പാലത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ പൊട്ടലുണ്ടെന്നും ആ ഭാഗങ്ങളിൽകൂടി ടാറിട്ടിരുന്നെങ്കിൽ ഗുണമായേനെയെന്ന് നാട്ടുകാർ പറഞ്ഞു. പടിയൂർ പഞ്ചായത്തിനെയും മതിലകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകേയുള്ള പാലത്തിലാണ് കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായിരുന്നത്.

രണ്ടുമാസം മുൻപ് ഇതേ സ്ഥലത്ത് കോൺക്രീറ്റ് അടർന്നുപോയി ഇരുമ്പുകമ്പികൾ പുറത്തായത് ജനങ്ങളുടെ ആവശ്യപ്രകാരം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വീണ്ടും അത് അടർന്നുപോകുകയായിരുന്നു.

മലയും കടലും ബന്ധിപ്പിക്കുന്ന മതിലകം – ഷോളയാർ ഹൈവേയിൽപ്പെടുന്നതാണ് ഈ പാലം. അഞ്ചുവർഷത്തിനു മുൻപാണ് ഈ റോഡ് മെക്കാഡം ടാറിട്ട്‌ നവീകരിച്ചത്.

വെള്ളാങ്ങല്ലൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് മതിലകം പള്ളിവളവിൽകൂടി എറണാകുളം - ഗുരുവായൂർ 66 ഹൈവേയിലേക്ക് കയറാനുള്ള എളുപ്പമാർഗമാണ്‌ ഈ പാലം. ഏകദേശം 20 വർഷം മുൻപാണ് ഈ പാലം നിർമിച്ചത്.