ചാവക്കാട് താലൂക്ക് ആശുപത്രി
ചാവക്കാട് : താലൂക്ക് ആശുപത്രിയുടെ പുതിയ അത്യാഹിതവിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബറിൽ ആരോഗ്യമന്ത്രി നിർവഹിക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ. അറിയിച്ചു. നാലു നിലയുള്ള കെട്ടിടത്തിന്റെ ആദ്യ രണ്ടു നിലകളുടെ പണിയാണ് പൂർത്തിയായിട്ടുള്ളത്. ആദ്യഘട്ടമായി നബാർഡ് അനുവദിച്ച 10.8 കോടി രൂപ ഉപയോഗിച്ചാണ് കെടിടനിർമാണം പൂർത്തീകരിച്ചത്. ആശുപത്രിയുടെ മുൻഭാഗത്ത് നിർമിക്കുന്ന ഈ കെട്ടിടത്തിൽ അത്യാഹിതവിഭാഗവും രോഗികൾക്കുള്ള വാർഡുമാണ് പ്രവർത്തിക്കുക. ഏറ്റവും താഴെയുള്ള നിലയിലാണ് അത്യാഹിതവിഭാഗം കോംപ്ലക്‌സ്.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുകളിലെ രണ്ടു നിലകളുടെ പണി തുടങ്ങും. ഉദ്ഘാടനത്തിനു മുൻപായി ചെയ്തുതീർക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം എൻ.കെ.അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കു മുൻപിലുണ്ടായിരുന്ന ഗാന്ധിപ്രതിമ അനുയോജ്യമായ സ്ഥലത്ത് മാറ്റിസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായി. പുതിയ കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ അടിയന്തരമായി നൽകാൻ കെ.എസ്.ഇ.ബി. യെ ചുമതലപ്പെടുത്തി. ആശുപത്രിയുടെ വൈദ്യുതി കണക്ഷൻ എച്ച്.ടി. ലൈനാക്കി മാറ്റണമെന്നുള്ള കെ.എസ്.ഇ.ബി.യുടെ ആവശ്യം പരിഗണിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിനൽകാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽവിഭാഗത്തെ ചുമതലപ്പെടുത്തി.
ലിഫ്റ്റ് സൗകര്യം എത്രയും വേഗം ഏർപ്പെടുത്താൻ എസ്റ്റിമേറ്റ് തയ്യാറാക്കാനും ഇലക്ട്രിക്കൽ വിഭാഗത്തിന് നിർദേശം നൽകി. എം.എൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തി ലിഫ്റ്റ് സ്ഥാപിക്കാമെന്ന് എം.എൽ.എ. അറിയിച്ചിട്ടുണ്ട്.
പുതിയ വാർഡിലേക്കും അത്യാഹിതവിഭാഗം കോംപ്ലക്‌സിലേക്കും ആവശ്യമായ ആശുപത്രിയുപകരണങ്ങൾ, കിടക്ക മുതലായവ എത്രയും വേഗം ലഭ്യമാക്കാൻ ആശുപത്രിസൂപ്രണ്ടിനെയും പൊതുമരാമത്ത് എക്‌സി. എൻജിനീയറെയും യോഗത്തിൽ ചുമതലപ്പെടുത്തി. ഉദ്ഘാടനത്തിനു മുന്നോടിയായി വാർഡുകളിലേക്ക് രോഗികളെ മാറ്റുന്ന നടപടികളാരംഭിക്കാൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.
Published: 11 Oct 2026, 01:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented