പാറശ്ശാല : തലസ്ഥാനത്തേക്ക് നവരാത്രി പൂജകൾക്കായി പത്മനാഭപുരത്ത് നിന്ന് യാത്ര തിരിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് സംസ്ഥാന അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം. ദേവസ്വം ബോർഡിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നെയ്യാറ്റിൻകര തഹസിൽദാർ സജി ആർ.എസ്. താലം സ്വീകരിച്ച് വിഗ്രഹങ്ങളെ സംസ്ഥാനത്തേക്ക് സ്വീകരിച്ചു.
വെള്ളിയാഴ്ച രാവിലെ പത്മനാഭപുരത്ത് നിന്ന് യാത്ര തിരിച്ച വിഗ്രഹ ഘോഷയാത്ര രാത്രി കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ വിശ്രമിച്ചശേഷം ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. കുഴിത്തുറ മുതൽ റോഡിന്റെ ഇരുവശത്തും വിഗ്രഹങ്ങളെ സ്വീകരിക്കുന്നതിനായി ആയിരത്തിലധികം തട്ട പൂജകളാണുണ്ടായിരുന്നത്.
ഉച്ചക്ക് പന്ത്രണ്ട് മണിയോട് കൂടി കളിയിക്കാവിളയിലെത്തിയ വിഗ്രഹങ്ങൾക്ക് സംസ്ഥാന അതിർത്തിയിൽ തമിഴ്നാട് പോലീസും കേരള പോലീസും ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. മന്ത്രി കെ.എ.തുളസിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര തഹസിൽദാർ സജി ആർ.എസിന് തമിഴ്നാട് ദേവസ്വം ജോയിന്റ് കമ്മിഷണർ ഝാൻസി റാണി താലം കൈമാറുകയായിരുന്നു.
അതിർത്തിയായ കളിയിക്കാവിളയിൽ നടന്ന സ്വീകരണ ചടങ്ങിൽ പാറശ്ശാല എം.എൽ.എ. സി.കെ.ഹരീന്ദ്രൻ, നെയ്യാറ്റിൻകര എം.എൽ.എ. എൻ.ശക്തൻ, വി.എസ്.ശിവകുമാർ, തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗം പി.രാജു, ദേവസ്വം ബോർഡ് കമ്മിഷണർ സുനിൽകുമാർ, നെയ്യാറ്റിൻകര സനൽ, ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കമ്പാലമൂട് ബിജു, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി, ഗ്രാമം പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഘോഷയാത്രയായി നവരാത്രി വിഗ്രഹങ്ങൾ പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ വിശ്രമിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിയോട് കൂടി വിഗ്രഹങ്ങൾ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച രാത്രി നെയ്യാറ്റിൻകരയിൽ വിശ്രമത്തിനുശേഷം തിങ്കളാഴ്ച രാവിലെ വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.
Published: 11 Oct 2026, 01:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented