ഇരിങ്ങാലക്കുട : കോളേജ് വിദ്യാർഥിനികളുടെ ശാക്തീകരണവും സുരക്ഷയും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ക്രൈസ്റ്റ് കോളേജും സംയുക്തമായി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ നൈറ്റ് പട്രോളിങ് പദ്ധതിയായ ഷീവോൾവിന് തുടക്കമായി. ഒന്നിച്ചുയരാം - ശാക്തീകരിക്കാം, പരിണമിക്കാം, മികവ് പുലർത്താം' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.

To advertise here,

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പെൺകുട്ടികൾക്ക് രാത്രിയിലെ സുരക്ഷിതമായ ജീവിതം പരിചയപ്പെടുത്തുക, നിയമപാലന സംവിധാനങ്ങളുമായി അവരെ കൂടുതൽ അടുപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഒരു വനിതാ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും വിദ്യാർഥിനികൾ രാത്രിയിലെ പട്രോളിങ്ങിൽ പങ്കെടുക്കുക. ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യസേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തോമസ് ഉണ്ണിയാടൻ എം.എൽ.എ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് മുഖ്യപ്രഭാഷണവും കോളേജ് മാനേജർ ഫാ. പി.ടി. ജോയ് അനുഗ്രഹ പ്രഭാഷണവും നടത്തി.

ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.കെ. ഷാജി, വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ. ജിബിഷാ പ്രകാശ്, എസ്.ഐ. ഇ.യു. സൗമ്യ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്. ജന്നത്ത് എന്നിവർ പ്രസംഗിച്ചു.