വിനോദസഞ്ചാരത്തിനുള്ള ബോട്ട് ചണ്ടി നീക്കാൻ ഉപയോഗിച്ചെന്ന്
പൊതുമ്പുചിറയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ബോട്ടുപയോഗിച്ച് ചണ്ടിനീക്കം
പുല്ലൂർ : ഇരിങ്ങാലക്കുടയുടെ ആദ്യത്തെ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതി കേന്ദ്രമായ മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറയിൽ ബോട്ട് സവാരിക്കായി കൊണ്ടുവന്ന ബോട്ട് ചണ്ടി നീക്കാൻ ഉപയോഗിച്ചതായി ആക്ഷേപം. സവാരിക്കായി ലഭിച്ച ബോട്ടുകളിലൊന്നാണ് ചണ്ടി നീക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കെയർ ടേക്കറില്ലാത്തതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ചിറയിലെ ബോട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന കെയർ ടേക്കർ ജോലി കിട്ടി വിദേശത്ത് പോയതോടെയാണ് ചിറയിലെ ബോട്ട് സവാരി നിലച്ചത്. പുതിയ ലൈസൻസുള്ള കെയർ ടേക്കറെ നിയമിക്കാൻ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഇതുവരേയും ആരെയും നിയമിച്ചിട്ടില്ല.
ബോട്ടിങ്ങ് നിലച്ചതോടെ ബോട്ടുകളെല്ലാം ചിറയുടെ ഒരുഭാഗത്ത് അടുപ്പിച്ചിട്ട് ടാർപോളിൻ ഷീറ്റ് ഇട്ടുമൂടി. എന്നാൽ ഇക്കാര്യം നാട്ടുകാർക്കിടയിൽ ചർച്ചയായതോടെ ബോട്ടുകൾ എടുത്ത് സമീപത്തെ പട്ടികജാതി വിഭാഗത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റി. ചിറയിൽ ചണ്ടി നിറഞ്ഞതോടെ പഞ്ചായത്ത് കരാറുകാരനെ ഏൽപ്പിച്ചപ്പോഴാണ് ചിറ വൃത്തിയാക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന ബോട്ടുകളിൽ ഒന്ന് ഉപയോഗിച്ചത്.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം പദ്ധതിയാണ് പൊതുമ്പുചിറയോരം. 2025 സെപ്റ്റംബറിലാണ് പദ്ധതി നാടിന് സമർപ്പിച്ചത്. തൊട്ടടുത്ത മാസം ചിറയിൽ ബോട്ടിങ്ങ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഒക്ടോബർ ആദ്യം അന്നത്തെ ജില്ലാ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യന്റെ നിർദേശപ്രകാരം തൃശ്ശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെട്ട് പൂമല ഡാമിൽനിന്നും രണ്ടു ബോട്ടുകൾ എത്തിച്ചായിരുന്നു ട്രയൽ റൺ നടത്തിയത്.
ഏറ്റവും വെള്ളം കുറഞ്ഞ അവസ്ഥയിൽ പരീക്ഷണാടിസ്ഥാനത്തിൽ ബോട്ടിങ്ങ് നടത്തി പരിശോധനകൾ പൂർത്തിയാക്കിയാണ് കെയർ ടേക്കറെ നിയമിച്ച് ചിറയിൽ സ്വകാര്യ കമ്പനി സ്പോൺസർ ചെയ്ത ബോട്ടുകൾ ഉപയോഗിച്ച് ബോട്ടിങ്ങ് ആരംഭിച്ചത്.
Published: 12 Nov 2026, 02:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented